നീലകണ്ഠ തീർഥപാദർ

#ഓർമ്മ
#കേരളചരിത്രം

നീലകണ്ഠ തീർഥപാദർ.

മൂവാറ്റുപുഴയിൽ ജനിച്ചു വളർന്ന മഹാന്മാരിൽ അഗ്രഗണനീയനാണ്
നീലകണ്ഠ തീർഥപാദർ സ്വാമികൾ.
ചട്ടമ്പി സ്വാമികളുടെ ഏറ്റവും പ്രമുഖനായ ശിഷ്യൻ എന്ന നിലയിലാണ് അദ്ദേഹം കേരളക്കര മുഴുവൻ അറിയപ്പെട്ടത്.
സഞ്ചരിക്കുന്ന ഗ്രന്ഥശാല എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

മൂവാറ്റുപുഴയിലെ മാറാടി എന്ന ഗ്രാമത്തില്‍ കൊല്ലവര്‍ഷം 1047 ഇടവം 13നു വാളാനിക്കാട് എന്ന പ്രമുഖ നായര്‍ തറവാട്ടിലാണ് ജനിച്ചത്. പാഴൂര്‍ നീലകണ്‌ഠപ്പിള്ളയുടെയും കല്യാണിയമ്മയുടെയും ആണ്മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. വാളാനിക്കാട്ടു കൊച്ചുനീലകണ്‌ഠപ്പിള്ള എന്നായിരുന്നു ചെറുപ്പത്തില്‍ വിളിച്ചിരുന്നത്.
സാമാന്യവിദ്യാഭ്യാസവും ജ്യോതിശ്ശാസ്ത്രപഠനവും പിതാവില്‍ നിന്ന് അഭ്യസിച്ചശേഷം പ്രൈവറ്റ് സ്കൂളില്‍ ചേര്‍ന്നു ഇംഗ്ലീഷ് പഠനവും തൃപ്പൂണിത്തുറയിൽ മിഡില്‍സ്കൂള്‍ പഠനവും എറണാകുളത്ത് സ്വാമികളുടെ ഹൈസ്കൂള്‍ പഠനവും പൂർത്തിയാക്കി. ജ്യേഷ്ഠസഹോദരന്‍റെ കൂടെത്താമസിച്ച് വിഷവൈദ്യവും മന്ത്രപ്രയോഗങ്ങളും പഠിച്ചു. അതോടൊപ്പം ബ്രഹ്മശ്രീ ജി. ഭട്ടനിൽ നിന്ന് കാമ്യോപാസനയിലും അറിവുനേടി. മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, വിഷനാരായണീയം മുതലായ ഗ്രന്ഥങ്ങള്‍ അക്കാലത്ത് തന്നെ അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. ശ്രീ ശഠകോപാചാര്യരില്‍ നിന്നാണ് വൈഷ്ണവതന്ത്രം സ്വായത്തമാക്കിയത്.

വിഷവൈദ്യശാസ്ത്ര പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹം ചട്ടമ്പിസ്വാമികളെ കാണുന്നത്. വിഷവൈദ്യത്തിലെ ഉന്നതപരിശീലനമായിരുന്നു ആ സന്ദര്‍ശനത്തിന്‍റെ മുഖ്യോദ്ദേശം. എന്നാല്‍ അവിടെയെത്തിയ കൊച്ചുനീലകണ്‌ഠപ്പിള്ളയോട് സ്വാമികള്‍ പറഞ്ഞത്:
“കൊച്ചുനീലകണ്‌ഠപ്പിള്ളേ, ഈ സര്‍പ്പവിഷവും മറ്റും നിസ്സാരമാണ്. അതിലെല്ലാം വലുതായി ഒരു വിഷമുണ്ട്, അത് ശമിപ്പിക്കാന്‍ അധികമാളുകളും ശ്രമിച്ചുകാണുന്നില്ല. അതാണ്‌ സംസാരവിഷം. നാമെല്ലാം ആ വിഷത്തില്‍പ്പെട്ടുഴലുകയാണ്. അതു ശമിപ്പിക്കുവാനുള്ള ഉപായമാണ് അറിയേണ്ടത്.”
അതോടെ തീര്‍ത്ഥപാദസ്വാമികളുടെ ശ്രദ്ധ ആദ്ധ്യാത്മികഗ്രന്ഥ പഠനത്തിലേക്ക് തിരിഞ്ഞു.
നിരവധി വേദാന്തഗ്രന്ഥങ്ങള്‍ അദ്ദേഹം ഹൃദിസ്ഥമാക്കി. മുപ്പത്തിനാല് വയസ്സിനുള്ളിൽ ഭാരതമൊട്ടാകെ സഞ്ചരിച്ച് നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, ദേവാലയങ്ങള്‍, പുണ്യസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും പ്രമുഖ പണ്ഡിതശ്രേഷ്ഠന്മാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

വേദാന്തമണിവിളക്ക്, അദ്വൈതസ്തബകം, ഹഠയോഗപ്രദീപികാഭാഷ, കണ്ഠാമൃതം, ബ്രഹ്മാഞ്ജലി, ആചാരപദ്ധതി, ദേവാര്‍ച്ചാപദ്ധതി എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട മലയാളകൃതികള്‍. സ്തവരത്നഹാരം, അദ്വൈതപാരിജാതം, യോഗരഹസ്യകൌമുദി, കണ്ഠാമൃതാര്‍ണ്ണവം, സ്വാരാജ്യസര്‍വ്വസ്വം, യോഗാമൃതതരംഗിണി, ആത്മാമൃതം, തുടങ്ങി അനേകം സംസ്കൃതഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൊല്ലവര്‍ഷം 1096 (ക്രി.വ.1921) കര്‍ക്കിടകം 23ന് കരുനാഗപ്പള്ളി പുന്നക്കുളം താഴത്തോട്ടത്തു മഠത്തിൽവെച്ച് വെറും 49 വയസിൽ സമാധിയടഞ്ഞു. വാര്‍ത്തയറിഞ്ഞെത്തിയ ചട്ടമ്പിസ്വാമികള്‍ തന്നെ സ്വശിഷ്യന്‍റെ ശരീരം സമാധിയിരുത്തി ശിവലിംഗപ്രതിഷ്ഠ നടത്തി. ചട്ടമ്പിസ്വാമികള്‍ നടത്തിയ ആദ്യത്തെയും അവസാനത്തെയും പ്രതിഷ്ഠയായിരുന്നു അത്.
( അവലംബം).

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *