#ഓർമ്മ
#films
കെ രവീന്ദ്രനാഥൻ നായർ.
പ്രശസ്ത സിനിമാ നിർമ്മാതാവ് കെ രവീന്ദ്രനാഥൻ നായരുടെ ( 1932-2023)
ഓർമ്മദിവസമാണ്
ജൂലൈ 8.
മലയാളസിനിമയുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു ഇടം സ്വന്തമാക്കിയ വ്യക്തിയാണ് അച്ചാണി രവി, ജനറൽ പിക്ച്ചേഴ്സ് രവി എന്നൊക്കെ അറിയപ്പെടുന്ന കൊല്ലംകാരുടെ രവി മുതലാളി.
പ്രമുഖ കശുവണ്ടിവ്യവസായിയായ വെണ്ടർ കൃഷ്ണപിള്ളയുടെ മകനായി സമ്പത്തിൻ്റെ മടിത്തട്ടിൽ പിറന്ന രവി, സാഹിത്യത്തോടും സിനിമയോടുമുള്ള പ്രേമംകൊണ്ടാണ് 1967ൽ ജനറൽ പിക്ച്ചേർസ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങിയത്. പി ഭാസ്കരൻ സംവിധാനം ചെയ്ത അന്വേഷിച്ചു കണ്ടെത്തിയില്ല ആയിരുന്നു ആദ്യ ചിത്രം. 1973ൽ റിലീസ് ചെയ്ത, എ വിൻസെൻ്റ് സംവിധാനം ചെയ്ത അച്ചാണിയാണ് രവിയെ അച്ചാണി രവിയാക്കിയത്. ചിത്രത്തിൽനിന്നു ലഭിച്ച ലാഭം കൊല്ലത്ത് ഒരു പബ്ലിക്ക് ലൈബ്രറി നിർമ്മിക്കാനാണ് രവി ഉപയോഗിച്ചത് .
അരവിന്ദനും അടൂരും ലോകചലച്ചിത്രവേദിയുടെ നിറുകയിൽ എത്താൻ കാരണം രവി എന്ന നിർമ്മാതാവ് കൂടെയുണ്ടായത് കൊണ്ടുകൂടിയാണ്. 1977ൽ കാഞ്ചനസീതയിൽ തുടങ്ങിയ അരവിന്ദനുമായുള്ള ബന്ധം, തമ്പ്, കുമ്മാട്ടി, എസ്ത്തപ്പാൻ, പോക്കുവെയിൽ എന്നിങ്ങനെ നീണ്ടു.
അടൂരിൻ്റെ മുഖാമുഖം, എലിപ്പത്തായം, അനന്തരം, വിധേയൻ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് രവിയാണ്.
14 ചിത്രങ്ങൾ, 18 അവാർഡുകൾ – രവി മലയാളസിനിമക്ക് നൽകിയ സംഭാവന വേറൊരു നിർമ്മാതാവിനും അവകാശപ്പെടാനാവില്ല.
പരമോന്നതബഹുമതിയായ ജെ സി ഡാനിയൽ പുരസ്കാരം നൽകിയാണ് കേരളം ഈ ചലച്ചിത്രകാരനെ ആദരിച്ചത്.
– ജോയ് കള്ളിവയലിൽ.




