#കേരളചരിത്രം
ചെങ്ങല്ലൂർ ആന.
ഒരു ആനയുടെ ഓർമ്മക്ക് മഹാകവി വള്ളത്തോൾ കവിത എഴുതണമെങ്കിൽ എന്തായിരിക്കും ആ ആനയുടെ ഖ്യാതി. അതായിരുന്നു ഒരു നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ത്രിശൂർ ചെങ്ങല്ലൂർ മന വക രംഗനാഥൻ എന്ന ആന.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ നാട്ടാനയായിരുന്നു രംഗനാഥൻ. 11 അടി 4 ഇഞ്ച് ഉയരം ( തലപ്പൊക്കം നോക്കിയാൽ 12.5 അടി). ഇന്നത്തെ ഏറ്റവും ഉയരം കൂടിയ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനേക്കാൾ 31 ഇഞ്ച് കൂടുതൽ.
തമിഴ്നാട്ടിലെ ട്രിച്ചി ശ്രീരംഗം ക്ഷേത്രത്തിൽ നടയിരുത്തിയ കുട്ടിക്കൊമ്പൻ നാൾക്ക് നാൾ വളർന്നുവന്നു. കാവേരി നദിയിൽ നിന്ന് വെള്ളം കൊണ്ടുവന്നു വലിയ അണ്ടാവുകളിൽ നിറക്കുക എന്നതായിരുന്നു പണി. ഉയരം കൂടിയതോടെ ക്ഷേത്രത്തിൻ്റെ ഉള്ളിലെ വാതായനങ്ങൾ വഴി കടക്കാൻ നിവൃത്തിയില്ല എന്ന സ്ഥിതി വന്നു. കേരളത്തിലേപ്പോലെ എഴുന്നള്ളത്തുകൾ ഇല്ലാത്തത് കൊണ്ട് ആന ഒരു വലിയ ബാധ്യതയായി മാറി. അങ്ങനെയാണ് 1905ൽ, ലേലത്തിൽ 1500 രൂപ വിലയ്ക്ക് അന്തിക്കാട്ടെ ചെങ്ങല്ലൂർ നമ്പൂതിരി രംഗനാഥനാനയെ വാങ്ങുന്നത്.
നല്ല പരിചരണം ലഭിച്ചപ്പോൾ ആന ലക്ഷണമൊത്ത ആനയായി വളർന്നു.
ത്രിശൂർ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ഏറ്റാനുള്ള ഭാഗ്യം പൂമുള്ളി ശേഖരനിൽ നിന്ന് രംഗനാഥൻ്റെ ചുമലിലായി.
പൂരങ്ങളിൽ
കാണികളുടെ ഇഷ്ടതാരമായി മാറി രംഗനാഥൻ. ആരെയും ഒന്നു ഞോണ്ടുകപോലും ചെയ്യാത്ത ശാന്ത സ്വഭാവം.
1914ലാണ് നാടിനെ നടുക്കിയ ആ ദുരന്തം സംഭവിച്ചത്. പൂരങ്ങളുടെ പൂരമായ ആറാട്ടുപുഴ പൂരത്തിനിടയിൽ കൂട്ടാനയായ അകവൂർ ഗോവിന്ദൻ്റെ കുത്തേറ്റ് രംഗനാഥൻ വീണു.
ചെങ്ങല്ലൂർ മനയിൽ കൊണ്ടുപോയി നിരന്തരം ശുശ്രൂഷകൾ ചെയ്തെങ്കിലും 3 വര്ഷം കഴിഞ്ഞ് 1917ൽ രംഗനാഥൻ നാടിനെ കണ്ണീരിലാഴ്ത്തി ചെരിഞ്ഞു .
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആനയുടെ ഓർമ്മ നിലനിർത്തണം എന്ന് എല്ലാവരും ആഗ്രഹിച്ചു. മൃതദേഹം അലിയിപ്പിച്ച് എല്ലുകൾ വീണ്ടെടുത്തു.
ആനയുടെ അസ്ഥികൂടം പ്രദർശിപ്പിക്കാനുള്ള ഭാഗ്യം കിട്ടിയത് ത്രിശൂർ മ്യൂസിയത്തിനാണ്.
1938 മുതൽ ഗതകാല പ്രൗഢിയുടെ സ്മരണകൾ ഉയര്ത്തി രംഗനാഥൻ അസ്ഥികൂടമായി കാണികളെ ആകർഷിക്കുന്നു.
1920ൽ മംഗളോദയം മാസികയിൽ വന്ന ഒരു പരസ്യം കാണുക. ത്രിശൂർ പൂരം കഴിഞ്ഞാൽ ചെങ്ങല്ലൂർ മന വക ആനകളെ ( 8 കൊമ്പനാനകളെയും 1 പിടിയാനയെയും) വിറ്റഴിക്കുന്നു. രംഗനാഥൻ്റെ വേർപാടോടെ മനക്കാർക്ക് ആനകളോടുള്ള കമ്പം നശിച്ചു എന്നു് വേണം കരുതാൻ.
– ജോയ് കള്ളിവയലിൽ.




