#ഓർമ്മ
എൻ ഇ ബാലറാം.
എൻ ഇ ബാലറാമിൻ്റെ (1919-1994) ഓർമ്മദിവസമാണ് ജൂലൈ 16.
രാഷ്ട്രീയനേതാവ് എന്നതിനുപരി കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് ബാലറാം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം ഔദ്യോഗികമായി രൂപീകരിച്ച പിണറായി സമ്മേളനത്തിൽ പങ്കെടുത്ത 19 പേരിൽ ഒരാളാണ് ബാലറാം. 19 വയസ്സിൽ പാർട്ടി പ്രവർത്തനമാരംഭിച്ച ബാലരാമൻ, മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ ഒളിവിലും തെളിവിലും മുന്നിൽനിന്നു പ്രവർത്തിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി ഐ യിലാണ് നിലയുറപ്പിച്ചത്. 1957ലെ പ്രഥമ കേരള നിയമസഭയിൽ അംഗമായ അദ്ദേഹം, 1960 മുതൽ 65 വരെയും 1970 മുതൽ 77 വരെയും എം എൽ എ യായി പ്രവർത്തിച്ചു. 1970ലെ അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായ ബാലറാം, ഒരുവർഷം കഴിഞ്ഞ് രാജിവെച്ച് സി പി ഐ സംസ്ഥാന സെക്രട്ടറിയായി. 13 വര്ഷം ആ സ്ഥാനത്ത് തുടർന്നു. രാജ്യസഭാ എം പി യായും 6 വർഷം പ്രവർത്തിച്ച ബാലറാം, കക്ഷിഭേദമെന്യേ എല്ലാവിഭാഗം ആളുകളുടെയും ആദരവ് പിടിച്ചുപറ്റാൻ കഴിഞ്ഞ നേതാവാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല ചരിത്രമുൾപ്പെടെ വിവിധ വിഷയങ്ങളിൽ അദ്ദേഹം രചിച്ച പുസ്തകങ്ങൾ ഭാഷക്കും സാഹിത്യത്തിനും ചരിത്രത്തിനും കനപ്പെട്ട സംഭാവനകളാണ്.
അദ്ദേഹത്തിൻ്റെ രചനകളിൽ ബാലറാം എന്ന വ്യക്തിക്ക് ഒരു സ്ഥാനവുമില്ല. ആ കുറവു പരിഹരിക്കാൻ കഴിയുന്നതാണ് മകൾ ഗീതാ നസീർ എഴുതിയ ബാലറാം എന്ന മനുഷ്യൻ എന്ന ജീവചരിത്രം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized