എം ടി – മാതൃഭൂമിക്കാലം

#books

എം ടി – മാതൃഭൂമിക്കാലം.
– എം ജയരാജ്.

മലയാളത്തിൻ്റെ അഭിമാനമായ എം ടി വാസുദേവൻ നായർക്ക് 2024 ജൂലൈ 15 ന് 91 വയസ്സ് തികഞ്ഞു.

എം ടി എഴുതിയ പുസ്തകങ്ങൾ പോലെ തന്നെ എം ടിയെക്കുറിച്ച് എഴുതിയ പുസ്തകങ്ങൾ വളരെയേറെയാണ്.
നവതി ആഘോഷങ്ങളുടെ ഭാഗമായി മാത്രം 14 പുസ്തകങ്ങളാണ് പുറത്തുവന്നത് . അക്കൂട്ടത്തിൽ
വ്യത്യസ്തമായ ഒരു രചനയാണ് ജയരാജിൻ്റെ എം ടിയുടെ മാതൃഭൂമിക്കാലം.
എം ടിയുടെ സർഗ്ഗജീവിതത്തിൻ്റെ നേർക്കാഴ്ച.
1956ലാണു് എം ടിക്ക് സബ് എഡിറ്റർ ട്രെയിനിയായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജോലി കിട്ടുന്നത്. എൻ വി കൃഷ്ണവാര്യർ പത്രാധിപർ. സാക്ഷാൽ കെ പി കേശവമേനോനാണ് ഇൻ്റർവ്യൂ ചെയ്‌ത് നിയമിച്ചത്.
1968 ൽ എൻ വി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടറായി പോയപ്പോൾ സെപ്റ്റംബറിൽ ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരായി. 1979ൽ എൻ വി തിരിച്ചെത്തി.
മാതൃഭൂമിയിലെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങൾക്കൊടുവിൽ ആഴ്ചപ്പതിപ്പ് തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ എൻ വി ക്കൊപ്പം എം ടിയും നമ്പൂതിരിയും രാജിവെച്ചു . 1981ൽ എൻ വി യും എം ടിയും തിരിച്ചെത്തി. 1989ൽ എൻ വി അന്തരിച്ചു. എം ടി പത്രാധിപരായി.
അപ്പോഴേക്കും എൻ വിക്കു പുറമെ കേശവമേനോൻ, വി എം നായർ , ചിത്രകാരൻ എ എസ് തുടങ്ങിയ മഹാരഥന്മാരും വിടവാങ്ങിയിരുന്നു.

പുസ്തകത്തിൽ നിന്ന്:
” .. 20ാം നൂറ്റാണ്ടിലെ മധ്യഘട്ടങ്ങളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപസമിതിയിലിരുന്നുകൊണ്ട് എം ടി കയ്യാളിയത് ഭീമമായ ഒരു സാംസ്കാരിക ഉത്തരവാദിത്തമായിരുന്നു… “
അതൊരു അസാധാരണവും സ്വപനാത്മകവുമായ കാലഘട്ടമായിരുന്നു.
ബഷീർ, ഉറൂബ്, മാധവിക്കുട്ടി, തകഴി, എസ് കെ പൊറ്റക്കാട്ട്
തുടങ്ങിയവർ മാത്രമല്ല,
….ആധുനികത തുറന്നിട്ട പാതയിലേക്ക് വ്യത്യസ്തരായ കഥാകരൻമാരുടെ ഒരു തേരോട്ടമുണ്ടായി. ആനന്ദ്, എം പി നാരായണപിള്ള, കാക്കനാടൻ, വിജയൻ, മുകുന്ദൻ, കുഞ്ഞബ്ദുള്ള, സക്കറിയ, സേതു, പട്ടത്തുവിള , വി കെ എൻ എന്നിങ്ങനെയും, മറ്റൊരു പാതയിൽ രാജലക്ഷ്മി, സി രാധാകൃഷ്ണൻ, ഐ കെ കെ എം, ജയദേവൻ, ജെ കെ വി തുടങ്ങിയവരും പ്രത്യക്ഷപ്പെട്ടു. ടി ആർ, സി വി ശ്രീരാമൻ, സി വി ബാലകൃഷ്ണൻ, എൻ എസ് മാധവൻ, എൻ പ്രഭാകരൻ, യൂ പി ജയരാജ്, വിക്ടർ ലീനസ്, എസ് വി വേണുഗോപൻ നായർ, മുണ്ടൂർ കൃഷ്ണൻകുട്ടി തുടങ്ങിയവരുടെ കാൽവെപ്പുകൾ ,
കെ സുരേന്ദ്രനും ഈ എം കോവൂരും പാറപ്പുറത്തും സൃഷ്ടിച്ച മനുഷ്യലോകങ്ങൾ…..”
എം സുകുമാരൻ, വി പി ശിവകുമാർ, കോവിലൻ, മേതിൽ…
ദേവൻ്റെയും എ എസിൻ്റെയും നിസ്തുല വരകൾ, നമ്പൂതിരിയുടെ പുനർനിർവചനങ്ങൾ, അരവിന്ദൻ്റെ ചെറിയ മനുഷ്യരും അവരുടെ വലിയ ലോകവും, കെ പി അപ്പൻ്റെയും വി രാജകൃഷ്ണൻ്റെയും ആഗമനം, നരേന്ദ്ര പ്രസാദിൻ്റെ സ്ത്രീസംവേദനങ്ങൾ, നിർമ്മൽകുമാറിൻ്റെ അപനിർമ്മാണങ്ങൾ.”

.. “എം ടി എഡിറ്ററായി ചുമതലയേറ്റശേഷം ആഴ്ചപ്പതിപ്പിൽ വന്ന മാറ്റം തിരിച്ചറിയണമെങ്കിൽ കഥ, കവിത, നോവൽ, ലേഖനങ്ങൾ, കാർട്ടൂൺ തുടങ്ങിയ മേഖലകളിൽ പ്രസിദ്ധീകരിച്ച വിഭവങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയാൽ മതി..
ആനന്ദ്, എൻ മോഹനൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ടി പദ്മനാഭൻ, എം ടി, രാജൻ കാക്കനാടൻ, യു കെ കുമാരൻ, എൻ എസ് മാധവൻ, വിക്ടർ ലിനസ്.
കഥാരംഗത്തെന്നപോലെ കവിതാരംഗത്തും ഈ ഉന്മേഷം പ്രകടനമാണ്. ഓ വി ഉഷ, പാലാ, ഓക്‌ടോവിയ പാസിൻ്റെ കവിതകൾ, കെ വി രാമകൃഷ്ണൻ, പി ഭാസ്കരൻ, അയ്യപ്പപ്പണിക്കർ, ഓ എൻ വി, സുഗതകുമാരി, ചെമ്മനം ചാക്കോ, സച്ചിദാനന്ദൻ, തിരുനെല്ലൂർ കരുണാകരൻ, വൈലോപ്പിള്ളി…
നോവൽരംഗത്തും ഈ മാറ്റം പ്രകടമാണ്. പി പദ്മരാജൻ, എൻ പി മുഹമ്മദ്, വി കെ എൻ, ഭീഷ്മ സാഹ്‌നി, കെ എം മുൻഷി, കെ എൽ മോഹനവർമ്മ, എൻ മോഹനൻ, ടി വി കൊച്ചുബാവ, കെ പി രാമനുണ്ണി.
നോവൽ പോലെ ആഴ്ചപ്പതിപ്പിലേക്ക് വരുന്ന ലേഖനങ്ങളും പ്രസിദ്ധീകരണത്തിന് എം ടി തന്നെയാണ് തിരഞ്ഞെടുത്തിരുന്നത്.”
എം ടിയുടെ നിരന്തര പ്രേരണയിലാണ് തിക്കോടിയൻ അരങ്ങ് കാണാത്ത നടൻ എന്ന ഓർമ്മക്കുറിപ്പും, എൻ പി മുഹമ്മദ് ദൈവത്തിൻ്റെ കണ്ണ്, കോവിലൻ തട്ടകം , എന്ന നോവലുകളും എഴുതിയത്.
“എം ടിയുടെ ഉത്സാഹത്തിൽ മലയാളത്തിന് ലഭിച്ച മഹത്തായ പുസ്തകമാണ് കലാമണ്ഡലം രാമൻകുട്ടി നായരുടെ ആത്മകഥ…
മറ്റൊരു ക്ലാസിക്ക് കൃതിയാണ് എൻ മോഹനൻ എഴുതിയ ഇന്നലത്തെ മഴ.”…

എൻ വി, കേശവമേനോൻ, വി എം നായർ, എ എസ് തുടങ്ങിയ സഹപ്രവർത്തകരുമായുള്ള ബന്ധം,
രാജലക്ഷ്മിയുടെ മരണം, ഖസാക്കിൻ്റെ ഇതിഹാസം അഗ്നിസാക്ഷി, തുടങ്ങിയ അനശ്വര കൃതികളുടെ പ്രസിദ്ധീകരണം സംബന്ധിച്ച വിവരങ്ങൾ, ധാരാളം ചിത്രങ്ങൾ ഉൾപ്പെടെ കനപ്പെട്ട ഒരു കൃതിയാണ് എം ജയരാജിൻ്റെ പുസ്തകം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *