സർ ചേറ്റൂർ ശങ്കരൻ നായർ

#ഓർമ്മ

സർ ശ്രീ ശങ്കരൻ നായർ.

സർ ചേറ്റൂർ ശങ്കരൻ നായരുടെ (1857-1934)
ജന്മവാർഷികദിനമാണ്
ജൂലൈ 11.

മലയാളി മറന്ന മഹാനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റ് സ്ഥാനം അലങ്കരിച്ച ഏക മലയാളിയായ ശങ്കരൻ നായർ. 1897ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹം അധ്യക്ഷനായത്.

ഒറ്റപ്പാലത്ത് ജനിച്ച ശങ്കരൻ നായർ, കോഴിക്കോട്ടെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി 1891ൽ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. വക്കീൽ എന്ന നിലയിൽ വളരെവേഗം പ്രശസ്തനായ ശങ്കരൻ നായർ മദ്രാസ് അഡ്വക്കേറ്റ് ജനറലായി നിയമിതനായി – രാജ്യത്ത് ആ സ്ഥാനത്ത് എത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ.1896ൽ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .നായർ സമുദായത്തിലെ സംബന്ധം എന്ന പതിവ് അവസാനിപ്പിക്കാൻ 1896ൽ മലബാർ മാരിയേജ് ആക്ക്റ്റ് കൊണ്ടുവന്നത് അദ്ദേഹമാണ്. 1915ൽ ഇന്നത്തെ കേന്ദ്രമന്ത്രിപദത്തിന് തുല്യമായ വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ അംഗമായി. 30 വകുപ്പുകളുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു.
പക്ഷേ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 1919 ഏപ്രിൽ 13ന് രാജിവെച്ചു. എങ്കിലും ടാഗോർ ചെയ്തതുപോലെ സർ പദവി ഒഴിയാൻ അദ്ദേഹം തയാറായില്ല. കാരണം ഗാന്ധിജിയുടെ സമരരീതികളോട് ഉണ്ടായിരുന്ന കടുത്ത എതിർപ്പ് തന്നെ. Gandhi and Anarchy എന്ന ഒരു ഗ്രന്ഥം തന്നെ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. തൻ്റെ സമരം അവസാനിപ്പിക്കാൻ ഗാന്ധിജി തന്നെ നിർബന്ധിതനായ, 23 പോലീസുകാർ കൊല്ലപ്പെട്ട ചൗരി ചൗര സംഭവം, താൻ പറഞ്ഞത് ശരിയായിരുന്നു എന്ന് തെളിയിച്ചു എന്നദ്ദേഹം കരുതി.
കേരളമുൾപ്പെടെ രാജ്യമാകെയുള്ള കോൺഗ്രസുകാർ അതോടെ അദ്ദേഹത്തിൽനിന്ന് അകന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി അദ്ദേഹം ശക്തിയായി പോരാടി. ബഹുഭാര്യത്തം, ബാലവിവാഹം, ജാതി ഉച്ചനീചത്തം എന്നിവയെ എതിർത്ത ശങ്കരൻ നായർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും അവകാശവുമാക്കാനായി യത്നിച്ച മഹാനാണ്.
മുറപ്പെണ്ണായ പാലാട്ട് കുഞ്ഞിമാളു അമ്മയായിരുന്നു ഭാര്യ. ലേഡി ശങ്കരൻ നായർ എന്ന പേരിൽ പ്രശസ്തയായിരുന്നു ഭാര്യയും.
പ്രിവി കൗൺസിൽ ജഡ്ജിയായിരുന്ന സർ മാധവൻ നായരുടെ ഭാര്യയായയിരുന്ന മൂത്തമകളും
ലേഡി മാധവൻ നായർ എന്ന് അറിയപ്പെട്ടു. മറ്റൊരു മകൾ അനുജിയെ വിവാഹം ചെയ്തത് വിദേശകാര്യ സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന കെ പി എസ് മേനോൻ ഐ സി എസ് ആണ്.
ലെഫ്റ്റ് ജനറൽ കെ പി കാണ്ടെത്ത്, വിദേശകാര്യ സെക്രട്ടറിയായിരുന്ന കെ പി എസ് മേനോൻ ജൂനിയർ ഐ എഫ് എസ്, ഹൈക്കോടതി ജഡ്ജി യായിരുന്ന ചേറ്റൂർ ശങ്കരൻ നായർ തുടങ്ങി അനേകം പ്രശസ്തരായ കൊച്ചുമക്കളും സർ ചേറ്റൂർ ശങ്കരൻ നായരുടെ പാരമ്പര്യം നിലനിർത്തിയവരാണ്
– ജോയ് കള്ളിവയലിൽ

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *