കണ്ടത്തിൽ വർഗീസ് മാപ്പിള

#ഓർമ്മ

കണ്ടത്തിൽ വർഗീസ് മാപ്പിള.

കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ (1857-1904) ചരമവാർഷികദിനമാണ്
ജൂലൈ 6.

ഇന്ന് മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ മലയാള മനോരമയുടെ സ്ഥാപകൻ എന്നതാണ് വെറും 46 വയസ്സ് വരെ മാത്രം ജീവിച്ച കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ നിതാന്ത യശസ്സ്.
നിരണംകാരനായ ആ യുവാവ് 23 വയസിൽ കൊച്ചിയിൽ നിന്ന് ദേവജി ഭീംജി എന്ന ഗുജറാത്തി വ്യാപാരി തുടങ്ങിയ കേരളമിത്രം എന്ന വാരികയുടെ പത്രാധിപരായി. 1888ൽ തിരുവിതാംകൂർ സർക്കാരിൽ മുതൽപിടി ( ഇന്നത്തെ ട്രഷറി ഓഫീസർ) ആയി ജോലിക്കു ചേർന്നു. രണ്ടു വർഷം കഴിഞ്ഞ് ജോലി രാജിവെച്ച് കോട്ടയം സി എം എസ് ഹൈസ്കൂളിൽ അസിസ്റ്റൻ്റ് മലയാളം മുൻഷിയായി . നസ്രാണി ദീപികയുടെ പത്രാധിപസമിതിയിൽ ചേർന്നത് മലയാളം ലിപിയും അച്ചടിയും കണ്ടു പഠിക്കാനായിരുന്നു.
1847ൽ ഗുണ്ടർട്ട് ആണ് മലയാളലിപിയിൽ ചന്ദ്രക്കല പരീക്ഷിച്ചത്. പക്ഷേ 1887ൽ നസ്രാണി ദീപികയിൽ വർഗീസ് മാപ്പിള എഴുതിയ ലേഖനമാണ് അത് വ്യാപകമായി ഉപയോഗിക്കുന്നതിന് പ്രേരകമായത്.
1888 മാർച്ച് 14ന് മലയാള മനോരമ എന്ന പേരിൽ ഒരു ജോയിൻ്റ് സ്റ്റോക്ക് കമ്പനി റെജിസ്റ്റർ ചെയ്തു. 1891ൽ വർഗീസ് മാപ്പിളയുടെ ശ്രമത്തിൽ ഭാഷാപോഷിണി സഭയും 1892 ൽ അതേ പേരിൽ മാസികയും ആരംഭിച്ചു.
സ്ത്രീവിദ്യാഭ്യാസത്തി ൻ്റെ പ്രാധാന്യം മനസ്സിലാക്കിയ വർഗീസ് മാപ്പിള മുൻകൈയെടുത്ത് തുടങ്ങിയ സ്ഥാപനമാണ് ഇന്നത്തെ തിരുമൂലപുരം ബാലികാമഠം ഹൈസ്കൂൾ. കോട്ടയത്ത് എം ഡി സെമിനാരി സ്കൂളിൻ്റെ സ്ഥാപനത്തിനും അദ്ദേഹം മുന്നിൽനിന്ന് പ്രവർത്തിച്ചു.
കവിയും ഗദ്യകാരനും കൂടിയായിരുന്നു കണ്ടത്തിൽ വർഗീസ് മാപ്പിള.
വർഗീസ് മാപ്പിളയുടെ മരണശേഷം മലയാള മനോരമ സഹോദരപുത്രൻ കെ സി മാമ്മൻ മാപ്പിളയുടെയും മക്കളുടെയും സ്വന്തമായി മാറി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *