#ഓർമ്മ
വൈക്കം മുഹമ്മദ് ബഷീർ.
ബഷീറിന്റെ (1908-1994) ചരമവാർഷികദിനമാണ്
ജൂലായ് 5.
മലയാളത്തിലെ എക്കാലത്തയും വലിയ സാഹിത്യകാരൻമാരിൽ മുമ്പനാണ് ബേപ്പൂർ സുൽത്താൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന വൈക്കം മുഹമ്മദ് ബഷീർ.
തലയോലപ്പറമ്പുകാരൻ യുവാവ് ബേപ്പൂർ സുൽത്താനായ കഥയാണ് ബഷീറിന്റെ കഥാലോകം.
വീടും നാടും വിട്ട് അലഞ്ഞുനടന്ന ചെറുപ്പകാലത്തെ അനുഭവങ്ങളാണ് ബഷീറിനെ സാഹിത്യകാരനാക്കിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജയിൽവാസം അനുഭവിച്ച ചരിത്രവും ബഷീറിനുണ്ട്.
എം പി പോൾ ബാല്യകാലസഖിയുടെ ആമുഖത്തിൽ എഴുതിയ “ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരു ഏടാണ് ഇത് . വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു”, എന്ന വാക്യങ്ങൾ ബഷീറിന്റെ എല്ലാ കൃതികൾക്കും യോജിക്കും.
ശബ്ദങ്ങൾ, പാത്തുമ്മയുടെ ആട്, മതിലുകൾ, ന്റെ ഉപ്പാപ്പക്ക് ഒരു ആന ഉണ്ടെർന്ന്, എന്നിങ്ങനെ ബഷീറിന്റെ എല്ലാ കൃതികളും അവയിലെ അനശ്വരകഥാപാത്രങ്ങളും എല്ലാ കാലത്തും എല്ലാ പ്രായത്തിലുമുള്ള മലയാളികളുടെ വായനയുടെ ഭാഗമായിരിക്കും.
‘ആഖ്യയും ആഖ്യാതവും’ ഒന്നും അറിയാത്ത ബഷീറിന് ജ്ഞാനപീഠം കിട്ടാതെ പോയതിൽ അത്ഭുതമില്ല.
ബഷീർ തിരക്കഥയെഴുതി വിൻസെൻ്റ് സംവിധാനം ചെയ്ത ഭാർഗവിനിലയം എന്ന മലയാളസിനിമ, ഒരു ക്ലാസിക്കായി ഇന്നും നിലനിൽക്കുന്നു.
മതിലുകൾ എന്ന കഥ അടൂർ ഗോപാലകൃഷ്ണൻ മനോഹരമായ ചലച്ചിത്രമാക്കി.
മലയാളത്തിൽ ഏറ്റവും കൂടുതൽ എഴുതപ്പെട്ടിട്ടുള്ള സാഹിത്യകാരൻ ബഷീർ ആണ്. എം കെ സാനു എഴുതിയ ജീവചരിത്രമാണ് എനിക്ക് ഏറ്റവുമിഷ്ടം.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
70 കളിൽ കോഴിക്കോട് വിദ്യാർത്ഥിയായിരിക്കുമ്പോൾ പലതവണ നേരിൽ കാണാനും കേൾക്കാനും കഴിഞ്ഞത് ജീവിതത്തിലെ സൗഭാഗ്യമാണ് .
ബഷീർ വിശ്വസാഹിത്യകാരനാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയത് എന്റെ മകളാണ്. പാത്തുമ്മയുടെ ആട് വായിച്ച്, പൊട്ടിപ്പൊട്ടി ചിരിക്കുന്ന സ്കൂൾകുട്ടിയായ കുഞ്ഞുനീലുവാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ബഷീർ ഓർമ്മ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized