കവികളെ ആർക്കാണാവശ്യം

#literature

കവികളെ ആർക്കാണാവശ്യം?

കവിയുടെ തൊഴിൽ, എഴുത്തുകാരന്റെ തൊഴിൽ, വിചിത്രമായ ഒന്നാണ്‌.
ചെസ്റ്റർട്ടൺ പറഞ്ഞതുപോലെ:
“ഒന്നേ ആവശ്യമുള്ളു
– എല്ലാം.” ഒരെഴുത്തുകാരന്റെ കാര്യത്തിൽ ഈ ‘എല്ലാം’ സർവ്വാശ്ളേഷിയായ ഒരു വാക്കിലും അധികമാണ്‌, അയാൾക്കത് അതിന്റെ അക്ഷരാർത്ഥം തന്നെയാണ്‌. മനുഷ്യാനുഭവങ്ങളിൽ ഏറ്റവും പ്രമുഖവും സാരവത്തുമായതിനെയാണ്‌ അതു സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്‌, ഒരെഴുത്തുകാരന്‌ ഏകാന്തത വേണം, അയാൾക്കതിൽ തന്റെ ഓഹരി കിട്ടുന്നു; അയാൾക്കു സ്നേഹം വേണം, പങ്കുവെച്ചതും അല്ലാത്തതുമായ സ്നേഹം അയാൾക്കു കിട്ടുന്നു. അയാൾക്കു സൗഹൃദം വേണം. ഈ പ്രപഞ്ചം തന്നെ അയാൾക്കു വേണം. എഴുത്തുകാരനാവുക എന്നാൽ, ഒരത്ഥത്തിൽ, ഒരു ദിവാസ്വപ്നജീവിയാവുക എന്നാണ്‌ – ഒരുതരം ഇരട്ടജീവിതം ജീവിക്കുക എന്നാണ്‌.

ഞാൻ എന്റെ ആദ്യത്തെ പുസ്തകം Fervor de Buenos Aires പ്രസിദ്ധീകരിക്കുന്നത് 1923ലാണ്‌. അത് ബ്യൂണേഴ്സ് അയഴ്സിനെക്കുറിച്ചുള്ള ഒരു വാഴ്‌ത്ത് കാവ്യമായിരുന്നില്ല; എന്റെ നഗരം എനിക്കെങ്ങനെ അനുഭൂതമാകുന്നു എന്നു പറയാനാണ്‌ ഞാൻ അതിൽ ശ്രമിച്ചത്. പലതും ആവശ്യമായ ഒരു സന്ദർഭത്തിലാണ്‌ ഞാൻ എന്നെനിക്കറിയാമയിരുന്നു. സാഹിത്യാന്തരീക്ഷമുള്ള വീടായിരുന്നു എന്റേതെങ്കിലും – എന്റെ അച്ഛൻ എഴുത്തുകാരനായിരുന്നു – എനിക്കത്രയും പോരായിരുന്നു. അതിലുമധികമായിട്ടെന്തോ എനിക്കു വേണ്ടിയിരുന്നു; ഒടുവിൽ ഞാനതു കണ്ടെത്തുന്നത് സൗഹൃദങ്ങളിലും സാഹിത്യസല്ലാപങ്ങളിലുമായിരുന്നു.

ഒരു വലിയ യൂണിവേഴ്സിറ്റിയ്ക്ക് ഒരു യുവസാഹിത്യകാരനു നല്കാനുള്ളത് അതുതന്നെയാണ്‌ – സംഭാഷണം, സംവാദം, യോജിക്കുക എന്ന വിദ്യ, അതിലും പ്രധാനമായി വിയോജിക്കുക എന്ന വിദ്യ. ഇതിൽ നിന്നെല്ലാം കൂടിയാകാം, ഒരു നിമിഷത്തിൽ ചെറുപ്പക്കാരനായ ആ എഴുത്തുകാരനു തോന്നുകയാണ്‌, തന്റെ മനോവികാരങ്ങളെ കവിതയാക്കാൻ തനിക്കിപ്പോൾ സാധ്യമാണെന്ന്. തീർച്ചയായും അയാൾ തുടങ്ങേണ്ടത് താനിഷ്ടപ്പെടുന്ന കവികളെ അനുകരിച്ചുകൊണ്ടാവണം. സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട് താൻ താനാവുന്നതിന്റെ വഴിയാണത് – ഇരട്ടജീവിതമെന്ന വിചിത്രമായ വഴി; തനിക്കാവുംവിധം യാഥാർത്ഥ്യത്തിൽ ജീവിക്കുമ്പോൾത്തന്നെ മറ്റേ യാഥാർത്ഥ്യത്തിൽ, താൻ സൃഷ്ടിച്ചെടുക്കേണ്ട യാഥാർത്ഥ്യത്തിൽ, തന്റെ സ്വപ്നങ്ങളുടെ യാഥാർത്ഥ്യത്തിൽ ജീവിക്കുക എന്ന വഴി.

ഇനിയും പേരില്ലാത്ത കവികളെ, ഇനിയും പേരില്ലാത്ത എഴുത്തുകാരെക്കുറിച്ചു നാമോർക്കുക; അവരെ ഒരുമിച്ചു കൊണ്ടുവരികയും ഒരുമിച്ചിരുത്തുകയും വേണം. ഭാവിയിലെ ആ ഉപകാരികളെ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്‌; അവർ ഒടുവിൽ തങ്ങളെത്തന്നെ കണ്ടെത്തട്ടെ; ആ കണ്ടെത്തൽ തന്നെയാണ്‌ മഹത്തായ സാഹിത്യമാകുന്നതും. സാഹിത്യം വാക്കുകൾകൊണ്ടുള്ള വെറും ചെപ്പടിവിദ്യയല്ല; പറയാതെ കിടക്കുന്നത്, വരികൾക്കിടയിലൂടെ വായിക്കാവുന്നത് – അതാണ്‌ കാര്യം. ആഴത്തിലുള്ള ആ ആന്തരാനുഭൂതിയില്ലെങ്കിൽ സാഹിത്യം വെറുമൊരു വിനോദം മാത്രമായിപ്പോകും; അത് അതുമാത്രമല്ലെന്ന് നമുക്കെല്ലാം അറിയുകയും ചെയ്യാം.
– ഹോർഹെ ലൂയി ബോർഹസ്.

(ബോർഹസ് 1971ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ചെയ്ത പ്രസംഗം.)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *