#കേരളചരിത്രം
കരിമണൽ
കേരളത്തിൻ്റെ അമൂല്യസമ്പത്താണ് കറുത്ത സ്വർണ്ണം എന്ന കരിമണൽ.
കരിമണലിൻ്റെ പ്രാധാന്യം പണ്ട് മലയാളികൾക്ക് അറിവില്ലായിരുന്നു.
ബ്രിട്ടിഷ് ഭരണകാലത്ത്
കേരളത്തിൽനിന്ന് വിദേശത്തേക്ക് കയറ്റിയയച്ചിരുന്ന കയറിന് തൂക്കം കൂട്ടാൻ വേണ്ടി അന്ന് തീരദേശത്ത് സുലഭമായ കരിമണലിൽ പിരിച്ച കയർ മുക്കുന്ന പതിവുണ്ടായിരുന്നു. വിദേശത്തെത്തിയ കയറിൽ തിളങ്ങുന്ന ഒരു പദാർത്ഥം ശ്രദ്ധയിൽപെട്ട ഹെർഷോംബർഗ് എന്ന ജർമ്മൻ കെമിസ്റ്റ് ആണ് ആദ്യമായി കേരളത്തിലെ കറുത്ത സ്വർണ്ണത്തെ കണ്ടെത്തിയത് എന്ന് പറയാം. കേരളതീരത്തെ കരിമണലിൽ മോണസൈറ്റിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അദ്ദേഹം അത് വേർതിരിച്ചെടുക്കാൻ 1910ൽ ഇന്നത്തെ തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയിലും തിരുവിതാംകൂറിലെ ചവറയിലും രണ്ട് പ്ലാന്റുകൾ സ്ഥാപിച്ചു. കരിമണലിന്റെ മൂല്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഹെർഷോംബർഗിനെ ജർമ്മൻ ചാരൻ എന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ചെയ്തത്. നമ്മുടെ തീരത്തെ കരിമണലിന്റെ വിലയും പ്രാധാന്യവും തരിച്ചറിഞ്ഞ ബുദ്ധിമാനായ തിരുവിതാംകൂർ ദിവാൻ സർ സി പി രാമസ്വാമി അയ്യർ പിൽക്കാലത്ത് സ്വതന്ത്ര തിരുവിതാംകൂർ വാദം ഉയർത്തിയതിന് ഒരുകാരണം സംസ്ഥാനത്തിന് കരിമണൽ ഒരു വലിയ വരുമാനസ്രോതസ്സായി മാറും എന്ന തിരിച്ചറിവാണ്.
ഇന്ത്യയിൽ ഒറീസ്സയിലും, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും ചെറിയ തോതിൽ കരിമണൽ നിക്ഷേപം ഉണ്ടെങ്കിലും കേരളത്തിലെ കരിമണലിന് ഒരു പ്രത്യേകതയുണ്ട്. മറ്റിടങ്ങളിൽ വലിയൊരു ഭൂപ്രദേശത്ത് ഖനനം നടത്തി വേണം ചെറിയ അളവിൽ ധാതുക്കൾ കിട്ടാൻ. എന്നാൽ നീണ്ടകര മുതൽ കായംകുളം വരെയുള്ള 23 കിലോമീറ്റർ ചുറ്റളവിലെ കടലിലെയും കരയിലെയും 95% മണ്ണിലും ഈ ധാതുക്കൾ സുലഭമായി ലഭ്യമാണ് എന്നതാണ് കേരളത്തിൻ്റെ നേട്ടം.
ന്യൂക്ലിയർ ഇന്ധനമായ തോറിയത്തിന്റെ നിർമ്മാണത്തിനാവശ്യമായ ധാതുവാണ് മോണോസൈറ്റ് എന്നതുകൊണ്ട് അതിൻ്റെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. കിലോയ്ക്ക് വെറും 4 രൂപ വിലയുള്ള ഇൽമനൈറ്റിൽ നിന്നാണ് കിലോയ്ക്ക് 100ലധികം രൂപ വിലയുള്ള ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മിക്കുന്നത്. ഇൽമനൈറ്റിൽ നിന്ന് ഉത്പാദിപിക്കുന്ന ഒരു കിലോ ടൈറ്റാനിയം മെറ്റലിന്റെ വില 25 അമേരിക്കൻ ഡോളറാണ്.
ചവറ ഖനനമേഖലയിലെ ഒരു സെന്റ് ഭൂമിയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ വില 50 ലക്ഷം രൂപ, അതായത് കേരളതീരത്തെ ഒരു ചതുരശ്ര മീറ്റർ ഭൂമിയിൽ 475 കിലോ ഇൽമനൈറ്റ്, 146 കിലോ സിലിക്കൺ, 122 കിലോ സിലിമനൈറ്റ്, 61 കിലോ റൂട്ടൈൽ എന്നിവ അടങ്ങിയിട്ടുണ്ട്.
ഒരു സ്വർണ്ണഖനിയിലെ ഒരു ചതുരശ്രമീറ്റർ മണ്ണിൽനിന്ന് പരമാവധി ലഭിക്കുന്നത് കേവലം 4 ഗ്രാം സ്വർണ്ണമാണ്. കേരളതീരത്തുള്ള കരിമണലിന്റെ വില കണക്കാക്കിയാൽ ലക്ഷക്കണക്കിന് കോടി രൂപ വില വരും. സുപ്രധാനമായ ഒരു വസ്തുത മോണോസൈറ്റിൽ നിന്നും ഉദ്പാദിപ്പിക്കുന്ന തോറിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതാണ്. ഇന്ത്യയിലെ 2,90,000 ടൺ തോറിയം നിക്ഷേപത്തിന്റെ 17.25 ശതമാനവും ചവറയിലാണ്. ഇന്ത്യയിലെ തോറിയത്തിൽ നിന്ന് 380000 മെഗാവാട്ട് എന്ന കണക്കിൽ 700 വർഷത്തേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും .ഇതിന്റെ 17.25 ശതമാനമായ 65550 മെഗാവാട്ട് വൈദ്യുതി 700 വർഷത്തേക്ക് കേരളത്തിൽ ഉത്പാദിപ്പിക്കാൻ കഴിയും.
സൗദി അറേബ്യയിലെ എണ്ണ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ അതിൻ്റെ 42 ഇരട്ടി സമ്പത്ത് കേരളതീരത്ത് മാത്രമുണ്ട്. മലയാളിയുടെ തലവര മാറ്റിവരയ്ക്കാൻ ശേഷിയുള്ള ഈ അമൂല്യസമ്പത്ത് കൊള്ളയടിക്കാൻ സഹായം ചെയ്യുന്നതിന് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഭരണ – പ്രതിപക്ഷ കക്ഷി നേതാക്കൾ മാസാമാസം കോടികൾ കൈപ്പറ്റുന്നുണ്ട് എന്ന ആരോപണം വർഷങ്ങളായി നിലനിൽക്കുന്നു.
കേരളത്തിലെ കരിമണൽ നിക്ഷേപം സംബന്ധിച്ച് ഒരു കഥ വായിച്ചത് ഇതാണ്:
പണ്ട് ഒരു ഭിക്ഷക്കാരനും അദ്ദേഹത്തിന് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഒരു ഭാണ്ഡക്കെട്ടും കക്ഷത്തുവെച്ചായിരുന്നു അദ്ദേഹം ഭിക്ഷയെടുത്തിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം കുട്ടി ഇതേ ഭാണ്ഡകെട്ട് കക്ഷത്തുവെച്ച് ഭിക്ഷയെടുക്കാൻ തുടങ്ങി. ഒരു വീട്ടിലെത്തിയപ്പോൾ കക്ഷതത്തിലെ ഭാണ്ഡത്തിൽ എന്താണെന്ന് അവിടുത്തെ ഗൃഹനാഥൻ കുട്ടിയോട് ചോദിച്ചു.
കുട്ടി പറഞ്ഞത്, എന്താണെന്ന് എനിക്കറിയില്ല. എന്റെ അച്ഛൻ ഈ ഭാണ്ഡക്കെട്ട് കക്ഷത്തുവെച്ചായിരുന്നു ഭിക്ഷയെടുത്തത്. ഗൃഹനാഥന്റെ നിർബന്ധത്തിനു വഴങ്ങി കുട്ടി ഭാണ്ഡക്കെട്ട് അഴിച്ചുനോക്കിയപ്പോൾ കണ്ടത് അമൂല്യമായ സ്വർണ്ണവും രത്നങ്ങളുമായിരുന്നു. ഇത്തരം ഒരു ഭാണ്ഡക്കെട്ടും കക്ഷത്തുവെച്ചാണ് ഓരോ മലയാളിയും ജീവിക്കുന്നത്.
കരിമണൽ ഖനന വിപണന മേഖലയിൽ സ്വകാര്യ മേഖല പ്രത്യേകിച്ച് കരിമണൽ കർത്താ എന്ന് കുപ്രസിദ്ധി നേടിയ ഒരു വ്യക്തിക്ക് കടന്നു ചെല്ലാൻ കഴിഞ്ഞതിൻ്റെ പിന്നിൽ അഴിമതിയുടെ നാറിയ കഥകൾ കേൾക്കുന്നുണ്ട്.
രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായിട്ടാണ് എങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ കരിമണലിനെ നിഗൂഢ വഴികൾ തേടിയിറങ്ങിയിരിക്കുന്നത് നല്ലതാണ് എന്ന് കരുതുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized