#books
കുന്നംകുളത്തിൻ്റെ കഥ.
ഇത് ഒരു കടംവീട്ടലാണ്. മരിക്കുന്നതിന് ഏതാനും മാസം മുൻപാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സ്നേഹബന്ധമുള്ള ഡോക്ടർ കെ എസ് ഡേവിഡ് തന്റെ പുസ്തകം അയച്ചുതന്നത്.
അരനൂറ്റാണ്ട് മുൻപ്
” മനഃശാസ്ത്രം” എന്ന വാരികയിലൂടെയാണ് എറണാകുളം സ്വദേശമാക്കിയ, ഈ കുന്നംകുളത്തുകാരൻ മനഃശാസ്ത്രജ്ഞനെ
ഞാൻ പരിചയപ്പെടുന്നത്. പിന്നീട് റോട്ടറി ക്ലബിലൂടെ ആ സ്നേഹബന്ധം വളർന്നു.
ഡേവിഡ് തന്നെ പുസ്തകത്തിൽ എഴുതുന്നതുപോലെ ഡ്യൂപ്ലിക്കേറ്റിന്റെ നാടാണ് കുന്നംകുളം എന്ന ധാരണ ഈ പുസ്തകം വായിച്ചാൽ മാറും.
അദ്ദേഹം പറയുന്നു – “ഒറിജിനൽ വേണോ ഡ്യൂപ്ലിക്കേറ്റ് വേണോ എന്ന് ചോദിക്കാതെ കുന്നംകുളത്തുകാർ ഒരു സാധനവും വിൽക്കില്ല”.
കച്ചവടത്തിൽ മാത്രം ശ്രദ്ധിക്കുന്ന അരസികൻമാരല്ല കുന്നംകുളത്തുകാർ.
തിരുവിതാംകൂർ ദിവാൻ സർ സി പി മലയാള മനോരമ അടച്ചുപൂട്ടിയപ്പോൾ പത്രം പ്രസിദ്ധീകരിക്കാൻ ധൈര്യം കാണിച്ചത് കുന്നംകുളമാണ്.
എം ലീലാവതി മുതൽ സി വി ശ്രീരാമൻ വരെയുള്ള എഴുത്തുകാർ, കലാമണ്ഡലം സ്ഥാപകനായ സാക്ഷാൽ മണക്കുളത്ത് മുകുന്ദരാജാവിനെ പൊതു തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച മാത്യു, എ കെ ജിയെ ഒളിവിൽ താമസിപ്പിച്ച അടിയുറച്ച ക്രിസ്ത്യാനി, കുന്നംകുളത്തിന്റെ സുദീർഘമായ കമ്മ്യൂണിസ്റ്റ് പാരമ്പര്യം, നസ്രാണി പാരമ്പര്യം, കച്ചവട പൈതൃകം – എല്ലാം ആദേഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു.
കുന്നംകുളങ്ങരയാണ് പിൽക്കാലത്ത് കുന്നംകുളം എന്ന് പേരു മാറ്റിയത്.
ഇന്ന് ഒരു പക്ഷേ കുന്നംകുളം ഇന്ന് ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് കാണിപ്പയ്യൂരിന്റെ തച്ചുശാസ്ത്ര പാരമ്പര്യത്തിലൂടെയിരിക്കും.
ഡോക്ടർ ഡേവിഡ് കൂടുതൽ എഴുതിയിരുന്നുവെങ്കിൽ എന്ന ദുഃഖമാണ് ഈ പ്രാദേശികചരിത്രം വായിച്ചുകഴിയുമ്പോൾ ഉണ്ടാവുക. പുസ്തകം പ്രസിദ്ധീകരിച്ചത് മറ്റൊരു കുന്നംകുളംകാരൻ്റെ ഉടമസ്ഥതയിലുള്ള H&C Books ആണ് .
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
( ഡോക്ടർ കെ എസ് ഡേവിഡ് വിടവാങ്ങിയ ദിവസമാണ് 2018 ഓഗസ്റ്റ് 24).
Posted inUncategorized