ആലോ ആന്ധാരി

#books
#literature

ആലോ ആന്ധാരി
– ബേബി ഹൽദർ.

പുതിയ വേലക്കാരിയെ പാൽക്കാരൻ കൊണ്ട് കൊടുത്തതാണ്. വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽനിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത പ്രൊഫ. പ്രബോധ് കുമാറിന് അവളുടെ പെരുമാറ്റത്തിൽ തോന്നി. മൂന്നു കുട്ടികളുടെ അമ്മയായ ആ ഇരുപത്തൊമ്പത്കാരി വീട് വൃത്തിയാക്കലും തുണി നനയ്ക്കലും ഭക്ഷണം പാകംചെയ്യലും എന്നുവേണ്ട വീട്ടിലെ സർവ്വപണികളും നിശബ്ദം ചെയ്തുവന്നു.

പക്ഷെ അതൊന്നുമല്ല, നരവംശശാസ്ത്രജ്ഞ
നും എഴുത്തുകാരനുമായ ആ റിട്ടയേർഡ് പ്രൊഫസ്സറെ അതിശയിപ്പിച്ചത്. വീട്ടിലെ മറ്റുജോലികൾ ചെയ്യുമ്പോൾ കാണാറുള്ള ആ കരവേഗം, തിടുക്കം, സാമർഥ്യം, ലൈബ്രറിമുറിയിലെ ബുക്ക്ഷെൽഫ് വൃത്തിയാക്കുമ്പോൾ, പുസ്തകങ്ങൾ പൊടിതട്ടി അടുക്കിവെക്കുമ്പോൾ അവൾക്കില്ലല്ലോ!

അവളുടെ വിരലുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളുകളിലൂടെ പതുക്കെ എന്തോ തിരയുകയാണ്. ആ കണ്ണുകൾ ആ പുസ്തകത്താളുകളിലെ അക്ഷരങ്ങളിൽ ഉടക്കിനിൽക്കുകയാണ്.
ഒടുവിൽ അദ്ദേഹം ചോദിച്ചു: “നീ വായിക്കുമോ?”

ജാള്യതയോടെ അവൾ മിണ്ടാതെ തലകുനിച്ചു നിന്നു.
എന്നാൽ മുൻഷി പ്രേംചന്ദ് എന്ന പേരുകേട്ട ഹിന്ദി എഴുത്തുകാരന്റെ ചെറുമകനായ പ്രൊഫ. പ്രബോധ് കുമാറിന്റെ പ്രതികരണം അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
പ്രൊഫ. പ്രബോധ് കുമാർ പറഞ്ഞു: ”നിനക്ക് പുസ്തകങ്ങൾ വായിക്കുവാൻ താല്പര്യമുണ്ടെങ്കിൽ എത്ര വേണമെങ്കിലും വായിച്ചോളൂ! ഈ ബുക്ക്ഷെൽഫ് ഇനി നിനക്കുകൂടി അവകാശപ്പെട്ടതാണ്.”

തസ്ലീമ നസ്രീമിന്റെ അമർ മേയേബേല (My girlhood) ആണ് മടിച്ചുമടിച്ചാണെങ്കിലും അവൾ ആദ്യം എടുത്തത്. ആർത്തിയോടെ അവൾ അത് വായിച്ചുതുടങ്ങി. തന്റെ തന്നെ കഥയാണോ താൻ ഈ വായിക്കുന്നത്? അവൾക്ക് സംശയം തോന്നി.

അതൊരു തുടക്കമായിരുന്നു.
ആശാപൂർണാദേവിയും മഹാശ്വേതാദേവിയും ബുദ്ധദേവ് ഗുഹയും എന്ന് വേണ്ട ബംഗാളി സാഹിത്യത്തിലെ ഒട്ടുമിക്ക പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങൾ അവൾ ദിവസങ്ങൾകൊണ്ട് വായിച്ചുതീർത്തു.

ഒരു ദിവസം പുറത്തുപോയ പ്രൊഫസ്സർ കയ്യിൽ ഒരു പേനയും ഒരു നോട്ടുപുസ്തകവുമായാണ് തിരിച്ചെത്തിയത്. അവളുടെ കൈയിൽ അവ ഏൽപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
“നീ എഴുതണം.”

അതൊരു ആജ്ഞയായിരുന്നു. ഒരു പിതാവിന്റെ മകളോടുള്ള കല്പന. അതെ, താൻ താത്തൂസ് എന്ന് വിളിക്കുന്ന ആ വലിയ മനുഷ്യൻ അവൾക്കു പിതൃതുല്യനായിരുന്നു. അദ്ദേഹത്തിന് അവൾ മകളും.

അദ്ദേഹത്തിന്റെ കല്പന അവൾക്കു നിരാകരിക്കുവാൻ കഴിയില്ല. എങ്കിലും മടിച്ചുമടിച്ച് അവൾ ചോദിച്ചു:
“ഞാനോ, ഞാൻ എന്ത് എഴുതാൻ? എനിക്കെന്തെഴുതാൻ കഴിയും?”

“നിനക്ക് എഴുതാൻ പറ്റും, നിനക്ക് നിന്നെക്കുറിച്ച് എഴുതാൻ കഴിയും. നിന്റെ കഥയോളം ഹൃദയസ്പർശിയായ ഒരു ആത്മകഥയുണ്ടാവില്ല”. താത്തൂസിന്റെ വാക്കുകൾ അവളുടെ നെഞ്ചിൽ തറച്ചു. അങ്ങനെ അവൾ തന്റെ കഥ എഴുതിത്തുടങ്ങി.

അമ്മയുടെ സ്നേഹത്തിനുവേണ്ടി ദാഹിച്ചുതളർന്നു, വാടിക്കരിഞ്ഞുപോയ ഒരു നാല് വയസ്സുകാരിയുടെ കരളലിയിക്കുന്ന ശൈശവത്തെകുറിച്ച്, അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരതകളിൽ വികൃതമാക്കപ്പെട്ട അവളുടെ ബാല്യത്തിന്റെ ദയനീയ മുഖത്തെക്കുറിച്ച് , 12ആമത്തെ വയസ്സിൽ തന്നെക്കാൾ 14 വയസ്സ് മൂപ്പുള്ള ഒരാളെ വിവാഹം കഴിച്ചു 14 വയസ്സിൽ അയാളുടെ കുട്ടികളുടെ അമ്മയാവാൻ തുടങ്ങിയതിനെകുറിച്ച്,
അനുഭവിക്കേണ്ടിവന്ന കൊടുംയാതനകളെകുറിച്ച്, അവസാനം അയാളുടെ പീഡനം സഹിക്കവയ്യാതെ ആ മൂന്നു പിഞ്ചുകുട്ടികളെയും കൂട്ടി പശ്ചിമബംഗാളിലെ ഗ്രാമത്തിൽ നിന്നും ഓടിപ്പോന്ന്, ദില്ലിയിലെത്തി ഒരു വീട്ടുജോലിക്കാരിയായി ജീവിതം കരുപ്പിടിപ്പിച്ചതിനെ ക്കുറിച്ച്, തന്റെ ജീവിതയാത്രയിൽ താൻ സഹിച്ച അപമാനങ്ങളെക്കു റിച്ച്, അവഹേളനങ്ങളെക്കു റിച്ച്, നേരിട്ട ദുരന്തങ്ങളെയും, അനുഭവിച്ച വേദനകളെയും കുറിച്ച്, എല്ലാത്തിനുമൊടുവിൽ താത്തൂസ് എന്ന ദൈവതുല്യനായ ആ പ്രൊഫസറുടെ വീട്ടിൽ എത്തപ്പെട്ടതിനെക്കു റിച്ച് ഒക്കെ അവൾ തന്റെ നോട്ട്ബുക്കിൽ കുത്തിക്കുറിച്ചുതുടങ്ങി.

ആറാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചിരുന്ന അവൾ ഇരുപത് വർഷങ്ങള്ക്കുശേഷം ആദ്യമായി എന്തെങ്കിലും എഴുതുകയായിരുന്നു. അക്ഷരങ്ങൾ പലതും മറന്നിരുന്നു. വള്ളികളും പുള്ളികളും കുത്തുകളും കോമകളും അവൾക്കു അപരിചിതമായിട്ടുണ്ടായിരുന്നു .
എങ്കിലും അവൾ എഴുതിത്തുടങ്ങി.
തങ്ങൾ എഴുതേണ്ട നോട്ട്ബുക്കുകളിൽ അമ്മ എഴുതുന്നത് കണ്ട് അവളുടെ കുട്ടികൾ അന്തംവിട്ടു.

പന്ത്രണ്ടാം വയസ്സിൽ നടന്ന വിവാഹമെന്ന ആ ചടങ്ങും ആദ്യരാത്രി മുതൽ ഭർത്താവ് എന്നുപറയുന്ന ആ പുരുഷനിൽനിന്നു നേരിട്ട ക്രൂരബലാത്സംഗങ്ങളും പതിന്നാലാം വയസ്സിലെ ആദ്യപ്രസവത്തിന്റെ വേദനയുമെല്ലാം അവളുടെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു. അടുക്കളയിൽ പച്ചക്കറി നുറുക്കുന്നതിനിടയിൽ, പാത്രം കഴുകുന്നതിനിടയിൽ, വീട് അടിച്ചുവാരുന്നതിനിടയിൽ, പാതിരാത്രിയിൽ കുട്ടികൾ ഉറക്കംപിടിച്ചു കഴിയുമ്പോൾ ഒക്കെ അവൾ എഴുതി. വാക്കുകൾ അവളുടെ ഹൃദയത്തിൽനിന്നും പ്രവഹിക്കുകയായിരുന്നു.

അവളുടെ കുറിപ്പുകൾ, പ്രൊഫസ്സറെ തീർത്തും ആശ്ചര്യപ്പെടുത്തി. എന്തെങ്കിലും ഒന്ന് എഴുതണമെങ്കിൽ തനിക്കു എത്ര തയ്യാറെടുപ്പുകൾ വേണം. സ്വന്തം മേശയും എഴുത്തുമുറിയും തന്റേതായ പേനയും ഇല്ലെങ്കിൽ തനിക്കു ഒന്നും എഴുതാൻ കഴിയില്ല. ഇവിടെ ഈ വാല്യക്കാരി, ഇതൊന്നുമില്ലാതെ എഴുതിക്കൂട്ടുന്നു !

അവളുടെ ആ നോട്ടുപുസ്തകം താത്തൂസ് അദ്ദേഹത്തിന്റെ എഴുത്തുകാരായ സുഹൃത്തുക്കളെ കാണിച്ചു. ഏവർക്കും ഒരു അത്ഭുതമായിരുന്നു അതിലെ വരികൾ. അതൊരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ അവർ തീരുമാനിച്ചു .
അങ്ങനെ ”ആലോ ആന്ധാരി” (ഇംഗ്ലീഷ് പരിഭാഷ – A Life Less Ordinary)എന്ന വിഖ്യാതകൃതി ജന്മം കൊണ്ടു . ബേബി ഹൽദർ എന്ന പ്രശസ്ത സാഹിത്യകാരിയുടെ ഉദയമായിരുന്നു അത്.

ആലോ ആന്ധാരി എന്നാൽ ഇരുളും വെളിച്ചവും. പാവപ്പെട്ട ഒരു വീട്ടുവേലക്കാരിയുടെ കഥ മാത്രമല്ല, ജീവിതക്ളേശം അനുഭവിക്കുന്ന ഓരോ പെണ്ണിന്റെയും കഥയാണിത്. കഷ്ടത നിറഞ്ഞ ജീവിതങ്ങളുടെ ഇരുട്ടിലേക്ക് വെളിച്ചംവീശുന്ന ആ
പുസ്തകം വിവിധ ഭാരതീയഭാഷകളിലേക്കും, വിദേശഭാഷകളിലേക്കും പിന്നീട് പരിഭാഷപ്പെടുത്തപ്പെട്ടു.
ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീശക്തിയുടെ പ്രതീകങ്ങളിലൊരായി ബേബി ഹൽദർ എന്ന എഴുത്തുകാരി മാറി. ആലോ ആന്ധാരിക്ക് ശേഷം അവരുടെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *