എം കരുണാനിധി

#ഓർമ്മ
#ചരിത്രം

എം കരുണാനിധി.

മുത്തുവേൽ കരുണാനിധിയുടെ (1924-2018) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 7.

തമിഴ്നാടിന്റെ ചരിത്രത്തിൽ ഏറ്റവും ദീർഘകാലം ഭരിച്ച മുഖ്യമന്ത്രി (1969 മുതൽ 5 തവണയായി 20 വർഷത്തിലേറെ), തോൽവിയറിയാതെ മരണം വരെ 60 വർഷത്തിലേറെ(1967 മുതൽ) നിയമസഭാസാമാജികൻ, ഡി എം കെയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ്, തമിഴ് സിനിമാചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ തിരക്കഥാകൃത്ത്, തമിഴകത്തെ ഇളക്കിമറിച്ച എഴുത്തുകാരൻ, ഉജ്വലപ്രഭാഷകൻ , ഇങ്ങനെ കരുണാനിധി എന്ന തമിഴരുടെ കലെഞ്ഞർക്ക് മാത്രം അവകാശപ്പെടാവുന്ന വിശേഷണങ്ങൾ അനവധിയാണ്.
പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ നയിച്ച “സ്വയം മര്യാദേയ്” പ്രസ്ഥാനത്തിൽ ചേർന്ന യുവാവ്, തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ജസ്റ്റീസ് പാർട്ടിയുടെയും, പിന്നീട് ദ്രാവിഡ കഴകം പാർട്ടിയുടെയും നേതാവായി മാറി. പിന്നീട് പെരിയാറുമായി പിരിഞ്ഞു
തന്റെ നേതാവ് അണ്ണാദുരെയോടൊപ്പം ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ സ്ഥാപകനേതാവായി. 1967ൽ ഡി എം കെ അധികാരം പിടിച്ചതോടെ കരുണാനിധി മന്ത്രിയായി. അണ്ണാദുരെയുടെ നിര്യാണത്തെത്തുടർന്ന് 1969ൽ ആദ്യമായി മുഖ്യമന്ത്രിയായി.
കരുണാനിധി തിരക്കഥ രചിച്ച പരാശക്തി മുതലുള്ള സിനിമകൾ ദ്രാവിഡപ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായകപങ്ക് വഹിച്ചു.
എം ജി ആർ എന്ന തമിഴ് സിനിമയുടെ മുടിചൂടാമന്നൻ കരുണാനിധിയുടെ സൃഷ്ടിയാണ് എന്നു പറയാം. മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ,
തന്റെ രാഷ്ട്രീയവളർച്ചക്ക് കരുണാനിധി തടസ്സം നിൽക്കുന്നു എന്നു കരുതിയ എം ജി ആർ, പാർട്ടി പിളര്‍ത്തി അണ്ണാ ഡി എം കെ എന്ന സ്വന്തം പാർട്ടിയുണ്ടാക്കി.
1976ൽ ഇന്ദിരാഗാന്ധി കരുണാനിധി സർക്കാരിനെ ഡിസ്മിസ്സ്‌ ചെയ്തു. 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ എം ജി ആർ ആണ് മുഖ്യമന്ത്രിയായത് . അദ്ദേഹത്തിന്റെ മരണംവരെ കരുണാനിധിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നു.
ആജന്മശത്രുവായ ജയലളിതയുമായി പിന്നീട് അധികാരം മാറി മാറി പങ്കിടാനായിരുന്നു നിയോഗം.
തമിഴ്നാടിനെ ഒരു മതനിരപേക്ഷ സംസ്ഥാനമായി വളർത്തിയെടുത്തത് കരുണാനിധിയാണ്. വടക്കേ ഇന്ത്യൻ ആധിപത്യത്തിന് ഹിന്ദിപ്രക്ഷോഭം നയിച്ച് കരുണാനിധി തടയിട്ടു.
കാലാകാലങ്ങളിൽ, ദേശീയ രാഷ്ട്രീയത്തിലും നിർണായക ഇടപെടലുകൾ നടത്താൻ ഈ ശക്തനായ നേതാവിന് കഴിഞ്ഞിട്ടുണ്ട്.
മരണത്തിനു ശേഷം മകൻ എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി ഡി എം കെ അധികാരത്തിൽ തുടരുന്നത് കരുണാനിധി ഉണ്ടാക്കിയ ശക്തമായ പാർട്ടി സംവിധാനത്തിലൂടെ യാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *