#ഓർമ്മ
ജെ ആർ ഡി ടാറ്റ.
ജെ ആർ ഡി ടാറ്റയുടെ ( 1909- 1993) ജന്മവാർഷികദിനമാണ് ജൂലൈ 29.
സർ രത്തൻ റ്റാറ്റയുടെയും ഫ്രഞ്ചുകാരിയായ സൂനിയുടെയും മകനായി പാരീസിലാണ് ജെഹാംഗിർ ദാദാബോയ് ടാറ്റ ജനിച്ചത്.
ഫ്രാൻസിലും ഇംഗ്ലണ്ടിലുമായി പഠനം നടത്തിയ ജെ ആർ ഡി, 1929ൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി.
അദ്ദേഹം തുടങ്ങിയ ടാറ്റ എവിയേഷൻ സർവീസ് പിന്നീട് ടാറ്റ എയർലൈൻസും എയർ ഇന്ത്യയുമായി വളർന്നു. 1953ൽ എയർ ഇന്ത്യ ദേശസാൽക്കരിക്കപ്പെടുന്നത് വരെ ജെ ആർ ഡിയായിരുന്നു നായകൻ. എയർ ഇന്ത്യ വീണ്ടും ടാറ്റായുടെ ഉടമസ്ഥതയിലെത്തിയത് കാവ്യനീതിയായി.
1925ൽ 16 വയസ്സിൽ അപ്രന്റീസായി ചേർന്ന ജെ ആർ ഡി 22വയസ്സിൽ റ്റാറ്റയുടെ ഡയരക്ടറായി. 1938ൽ 29 വയസ്സിൽ ചെയർമാനായ അദ്ദേഹം നീണ്ട 49വർഷം ടാറ്റാ ഗ്രൂപ്പിനെ നയിച്ചു. 14 കമ്പനികളിൽനിന്ന് 95 കമ്പനികളാക്കി വളർത്തി. വിറ്റുവരവ് 1939ൽ 62 കോടിയായിരുന്നത് 1990ൽ 10000 കോടിയായി ഉയർത്തി.
റൂസി മോഡി ( ടാറ്റാ സ്റ്റീൽ ), സുമന്ത് മുൽഗാവ്ക്കാർ (റ്റാറ്റാ മോട്ടോർസ് ), ഡർബാരി സെത് (ടാറ്റാ കെമിക്കൽസ് ) അജിത് കേർക്കർ ( ഇന്ത്യൻ ഹോട്ടൽസ് ) തുടങ്ങിയ അതിപ്രഗത്ഭരായ മാനേജർമാർക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകി എന്നതാണ് ജെ ആർ ഡിയുടെ വിജയരഹസ്യം.
ജനസംഖ്യാനിയന്ത്രണം ആയിരുന്നു റ്റാറ്റയുടെ ഒരു ഇഷ്ടവിഷയം. ഇന്റർനാഷണൽ പോപ്പുലേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ടാറ്റക്ക് 1992ൽ യു എൻ പോപ്പുലേഷൻ അവാർഡ് ലഭിച്ചു. ജീവിതകാലത്ത് തന്നെ ഭാരതരത്നം നേടിയ മഹാനാണ് ജെ ആർ ഡി.
അദ്ദേഹം പണം മുടക്കി സ്ഥാപിച്ചു വളർത്തിയ മഹത്തായ സ്ഥാപനങ്ങളുടെ പേരിലാണ് ജെ ആർ ഡി ഓർമ്മിക്കപ്പെടുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സയൻസ് സ്റ്റഡീസ്, നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്സ് തുടങ്ങിയവയാണ് അവയിൽ പ്രമുഖം.
മക്കൾ ഇല്ലാതിരുന്ന ജെ ആർ ഡി, പിൻഗാമി രത്തൻ റ്റാറ്റക്ക് നിയന്ത്രണം കൈമാറിയശേഷമാണ് ലോകത്തോട് വിടപറഞ്ഞത്.
നിരവധി ജീവചരിത്രങ്ങളിൽ പ്രധാനം ആർ എം ലാല രചിച്ച ബിയോണ്ട് ദി ബ്ലൂ മൗണ്ടൻസ് ആണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized