ഡോക്ടർ മുത്തുലക്ഷ്മി റെഡ്ഡി

#ഓർമ്മ

ഡോക്ടർ മുത്തുലക്ഷ്മി റെഡ്ഡി.

ഇന്ത്യയിൽ വനിതാ മുന്നേറ്റത്തിന് തുടക്കം കുറിച്ചവരിൽ പ്രമുഖയായ ഡോക്ടർ മുത്തുലക്ഷ്മി റെഡ്ഡിയുടെ
(1886- 1968) ചരമവാർഷികദിനമാണ്
ജൂലൈ 22.

ഒരു മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാണ് ഈ മഹതി. അതുപോലെതന്നെ ഇന്ത്യയിലെ ഒരു നിയമസഭയിൽ അംഗമായ ആദ്യത്തെ വനിതയും. ദേവദാസി സമ്പ്രദായം അവസാനിപ്പിച്ച നേതാവ്,
മദ്രാസ് അടയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക എന്നിവയാണ് ഈ മഹതിയുടെ നിതാന്ത സംഭാവനകൾ.
പുതുക്കോട്ട മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ നാരായണസ്വാമിക്ക് ദേവദാസിയായ ചന്ദ്രമ്മയിലുണ്ടായ മകളാണ് മുത്തുലക്ഷ്മി. സ്കൂളിൽ പ്രവേശനം കിട്ടാൻ മഹാരാജാവ് തന്നെ ഇടപെടേണ്ടിവന്നു. അത്രക്കായിരുന്നു ജനങ്ങളുടെ എതിർപ്പ്. അന്നത്തെ രീതിയനുസരിച്ച് റ്വുതുമതിയായപ്പോൾ സ്കൂൾപഠനം നിർത്തേണ്ടിവന്നു. പക്ഷേ ആ പെൺകുട്ടി വീട്ടിലിരുന്നു പഠിച്ചു. കോളേജിൽ ചേരാനും രാജാവിൻ്റെ സഹായം വേണ്ടിവന്നു.
1907ൽ മദ്രാസ് മെഡിക്കൽ കോളജിൽ പ്രവേശനം നേടുന്ന ആദ്യത്തെ സ്ത്രീയായി.
അവിടെവെച്ചാണ് സരോജനി നായിഡു, ആനി ബസന്ത് എന്നിവരുടെ സ്വാധീനവലയത്തിൽ പെടുന്നത്.
സർജറിയിൽ ഹൗസ് സർജനായ ആദ്യത്തെ വനിതയാണ് അവർ. ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി തിരിച്ചെത്തിയ അവർ, 1927ൽ മദ്രാസ് പ്രസിഡൻസി കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. അതോടെ പ്രാക്ടീസ് ഉപേക്ഷിച്ച് മുഴുവൻസമയ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകയായി. സഭയുടെ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെടാൻ മാത്രം മികവുറ്റതായിരുന്നു അവരുടെ വ്യക്തിപ്രഭാവം. ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാൻ 1930ൽ ആരംഭിച്ച ശ്രമം ഫലപ്രാപ്തിയിലെത്തിയത് 1947ൽ മാത്രമാണ്. വേശ്യാലയങ്ങൾ നടത്തുന്നത് നിയമംമൂലം അവസാനിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.
ദേവദാസികളാക്കൻ കൊണ്ടുപോയ രണ്ടു പെൺകുട്ടികൾ അവരുടെ അരികിൽ അഭയം തേടിയെത്തിയത് വഴിത്തിരിവായി. അവർക്കായി ഒരു അഭയകേന്ദ്രം അവർ സ്ഥാപിച്ചു. വേശ്യാവൃത്തി ചെയ്യുന്നവർക്ക് വേണ്ടിയും ഒരു സ്ഥാപനം തുടങ്ങി. താഴ്ന്ന ജാതിക്കാരായ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തി. മുസ്ലിം പെൺകുട്ടികൾക്കായി ഹോസ്റ്റൽ തുടങ്ങി.
ഉപ്പുസത്യാഗ്രഹത്തെ തുടർന്നു ഗാന്ധിജി അറസ്സ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് 1930ൽ അവർ നിയമസഭാംഗത്വം രാജിവെച്ചു.
രാജ്യത്ത് ആദ്യമായി ഒരു കാൻസർ റിലീഫ് സൊസൈറ്റി തുടങ്ങിയത് ഡോക്റ്റർ മുത്തുലക്ഷ്മി റെഡ്ഡിയാണ്.
ഒരു കാൻസർ ആശുപത്രി തുടങ്ങാനുള്ള ശ്രമം സാധിച്ചുകൊടുത്തത് പ്രധാനമന്ത്രി നെഹ്റുവാണ്. 1954 ൽ പ്രവർത്തനമാരംഭിച്ച ചെന്നൈയിലെ അടയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് ലോകത്തിലെതന്നെ ഏറ്റവുമധികം രോഗികൾ അഭയംതേടുന്ന ആശുപത്രിയും ഗവേഷണകേന്ദ്രവുമാണ്. ഒരു വർഷം 80000ലധികം രോഗികൾ അവിടെ ചികിത്സ തേടുന്നു.
രാജ്യം പദ്മഭൂഷൺ ബഹുമതി നൽകി ഈ മഹതിയെ ആദരിച്ചു.
ഡോക്ടർ മുത്തുലക്ഷ്മിയുടെ ജന്മവാർഷികദിനമായ ജൂലൈ 30 തമിഴ്നാട്ടിൽ ആശുപത്രി ദിനമായി ആചരിക്കപ്പെടുന്നു.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *