#ഓർമ്മ
അന്ന മാണി
അന്നാ മാണിയുടെ (1918 – 2001) ജന്മവാർഷികദിനമാണ്
ഒക്ടോബർ 23.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തിയ ശാസ്ത്രജ്ഞയാണ് അന്ന മാണി എന്ന മലയാളി.
ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് അന്തരീക്ഷത്തിലെ ഓസോണ്‍ പാളി. വന്‍തോതിലുള്ള ഓസോണ്‍ ശോഷണത്തിന് മനുഷ്യനിര്‍മിതമായ ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍ (സി എഫ് സികള്‍) കാരണമാകുന്ന കാര്യം 1970കളിലാണ് ശാസ്ത്രലോകം മനസിലാക്കുന്നത്. ഇക്കാര്യം ശാസ്ത്രശ്രദ്ധയില്‍ എത്തും മുമ്പുതന്നെ ഉഷ്ണമേഖലാ പ്രദേശത്ത് ഓസോണ്‍ നിരീക്ഷണം ചിട്ടയായി ആരംഭിച്ച ശാസ്ത്രജ്ഞയാണ് അന്ന.
ഇ.കെ. ജാനകി അമ്മാള്‍, അസിമ ചാറ്റര്‍ജി, കമല സൊഹോണി, രാജേശ്വരി ചാറ്റര്‍ജി എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട അഞ്ച് ഇന്ത്യന്‍ വനിതാശാസ്ത്രജ്ഞരില്‍ ഒരാളായി അന്ന വിലയിരുത്തപ്പെടുന്നു.
ഹൈറേഞ്ചിലെ പീരുമേട്ടിലാണ് അന്ന ജനിച്ചത്. തിരുവിതാംകൂര്‍ പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എഞ്ചിനിയറായിരുന്നു പിതാവ് മോഡയിൽ മാണി .
തിരുവനന്തപുരം മഹാരാജാസ് ഗേള്‍സ് സ്‌കൂള്‍, ആലുവാ ക്രൈസ്തവ മഹിളാലയം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം, മെട്രിക്കുലേഷന് അന്ന ചെന്നൈയിലെ വുമണ്‍സ് ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നു. അതിനുശേഷം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഓണേഴ്‌സ് ബിരുദമെടുത്തു. ഒരുവര്‍ഷം മദ്രാസ് വുമണ്‍സ് ക്രിസ്ത്യൻ കോളേജിൽ ഫിസിക്‌സ് ഡൊമണ്‍സ്‌ട്രേറ്ററായി പ്രവര്‍ത്തിച്ച അന്നയെ, 1940 ല്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ സർ സി.വി.രാമന്റെ ലാബിലെത്തിച്ചത് ഫിസിക്‌സിനോടുള്ള താത്പര്യമായിരുന്നു. 1945 വരെ രാമൻ്റെ കീഴില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന അന്ന, അവിടെ വെച്ച് 32 വ്യത്യസ്ത വൈരക്കല്ലുകളുടെ ഫ്‌ളൂറസെന്‍സ്, പ്രകാശാഗിരണം, രാമന്‍ വര്‍ണ്ണരാജി (Raman spectra) തുടങ്ങിയവ പഠിക്കുകയും, അഞ്ച് പഠനപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, എം.എസ്.സി. ഡിഗ്രിയില്ല എന്ന പേരില്‍ അന്നയുടെ പി.എച്ച്.ഡി. പ്രബന്ധം പരിഗണിക്കാന്‍ മദ്രാസ് യൂണിവേഴ്‌സിറ്റി വിസമ്മതിക്കുകയാണ് ഉണ്ടായത്.
ഫിസിക്‌സ് ഇഷ്ടപ്പെട്ടിരുന്ന അന്ന തികച്ചും യാദൃച്ഛികമായാണ്
കാലാവസ്ഥാ പഠന മേഖലയിലേക്ക് എത്തിയത്. വിദേശത്ത് പോയി ഫിസിക്‌സ് പഠിക്കാന്‍ ഇന്ത്യാ ഗവര്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചപ്പോള്‍, അന്ന തിരഞ്ഞെടുത്ത മേഖലയില്‍ സ്‌കോളര്‍ ഷിപ്പ് ലഭ്യമായിരുന്നില്ല. പകരം ‘മീറ്റിയോരോളജിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍’ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പുണ്ട്. 1945ല്‍ ബ്രിട്ടനിലെത്തിയ അന്ന, മൂന്നുവര്‍ഷം കൊണ്ട് ഭൂപ്രതലത്തിലും അന്തരീക്ഷത്തിലും ഉപയോഗിക്കുന്ന എല്ലാത്തരം കാലാവസ്ഥാ ഉപകരണങ്ങളെക്കുറിച്ചും വിശദമായി പഠിച്ചു.
1948 ല്‍ തിരിച്ചെത്തിയ അന്നക്ക്
ഐ.എം.ഡി.യുടെ പൂണെയിലെ ഇന്‍സ്ട്രുമെന്റേഷന്‍ ഡിവിഷനില്‍ ‘മീറ്റിയോരോളജിസ്റ്റ് ഗ്രേഡ് 2’ തസ്തികയില്‍ ജോലി കിട്ടി. 1875 മുതൽ
സ്വാതന്ത്ര്യം കിട്ടിയ 1947 വരെ എല്ലാ കാലാവസ്ഥാ ഉപകരണങ്ങളും യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. ആ ദുസ്ഥിതി അവസാനിപ്പിച്ച് കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തതയില്‍ എത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ്, ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ അന്നയെ കാത്തിരുന്നത്.
വര്‍ഷമാപിനി (Rain Gauge), അന്തരീക്ഷമര്‍ദ്ദം നിര്‍ണയിക്കാനുള്ള ബാരോമീറ്റര്‍ (Barometer), അന്തരീക്ഷ ഈര്‍പ്പം അളക്കാനുള്ള ഈര്‍പ്പമാപിനി (Hygrometer), കാറ്റിന്റെ വേഗവും മര്‍ദ്ദവും അറിയാനുള്ള ആനമോമീറ്റര്‍ (Aneomometer) എന്നിങ്ങനെ നൂറോളം ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്തു നിര്‍മിച്ച് കൃത്യതാനിര്‍ണയം നടത്തി പുറത്തിറക്കുക എന്ന വെല്ലുവളി അന്നയും സഹപ്രവര്‍ത്തകരും ഏറ്റെടുത്തു. 1953 ല്‍ പൂണെ ഡിവിഷന്റെ മേധാവിയായി അന്നയ്ക്ക് സ്ഥാനക്കയറ്റം കിട്ടി. 1960 ആകുമ്പോഴേക്കും, കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ അന്നയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.
1957 / 1958 ല്‍ നടന്ന ‘ഇന്‍ര്‍നാഷണല്‍ ജിയോഫിസിക്കല്‍ ഇയര്‍’ (IGY) അഥവാ ‘അന്താരാഷ്ട്ര ഭൗമവര്‍ഷാ’ചരണത്തില്‍ ഊര്‍ജിതമായി പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചു.
ഭൗമവര്‍ഷാചരണത്തിന്റെ ആസൂത്രകരില്‍ ഒരാളായ പ്രൊഫ.കെ.ആര്‍. രാമനാഥന്റെ നിര്‍ദ്ദേശപ്രകാരം, ഇന്ത്യയിലുടനീളം സോളാര്‍ റേഡിയേഷന്റെ തോതും സാധ്യതയും നിരീക്ഷിക്കാനുള്ള ചുമതല അന്നയ്ക്കാണ് ലഭിച്ചത്. അതിനായി അവര്‍ തദ്ദേശീയമായി മികവുറ്റ റേഡിയോമീറ്ററുകള്‍ രൂപപ്പെടുത്തി. ബ്ല്യു.എം.ഒ. (WMO) യുടെ ചില വര്‍ക്കിങ് ഗ്രൂപ്പുകളുടെ നേതൃത്വവും അന്നയ്ക്ക് ലഭിച്ചു.
1960കളില്‍ അന്തരീക്ഷത്തിലെ ഓസോണിന്റെ തോതളക്കാനുള്ള ബലൂണ്‍ ഉപകരണമായ ഓസോണ്‍ സോണ്ട് സ്വന്തമായി നിര്‍മിക്കാന്‍ അന്നയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. മൂന്നു പതിറ്റാണ്ടുകാലം നടത്തിയ ഓസോണ്‍ പഠനത്തിന് ‘ഇന്‍ര്‍നാഷണല്‍ ഓസോണ്‍ കമ്മിഷന്‍’ പ്രശസ്തിപത്രം നല്‍കി അന്നയെ ആദരിച്ചു. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ ‘കെ.ആര്‍. നാമനാഥന്‍ മെമ്മോറിയല്‍ മെഡലും’ അന്നയ്ക്ക് ലഭിച്ചു.
1969 ല്‍ ഐ.എം.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഇന്‍സ്ട്രുമെന്റസ്) ആയി ഡെല്‍ഹിയിലേക്ക് മാറിയ അന്ന, 1976 ല്‍ കാലാവസ്ഥാ വകുപ്പില്‍ നിന്ന് വിരമിച്ചു. മൂന്നുവര്‍ഷം ബാംഗ്ലൂരിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ വിസിറ്റിങ് പ്രൊഫസറായി പ്രവര്‍ത്തിച്ചു. സൗരോര്‍ജവും കാറ്റിലനിന്നുള്ള വൈദ്യുതിയും സംബന്ധിച്ച മീറ്റിയോരോളജിക്കല്‍ ഡേറ്റ ക്രോഡീകരിക്കാന്‍ അന്നയാണ് സഹായിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ‘വിന്‍ഡ് എനര്‍ജി സര്‍വ്വേ പ്രോജക്ടി’ന് നേതൃത്വം നല്‍കിയ അന്ന ഒന്നര പതിറ്റാണ്ടോളം ആ മേഖലയില്‍ പ്രവര്‍ത്തിച്ചു.
1994 ല്‍ 76 വയസ്സുള്ളപ്പോള്‍ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് അന്നയുടെ ജീവിതം വീല്‍ചെയറിലായി. അവിവാഹിതയായിരുന്നു.
( കടപ്പാട്)
– ജോയ് കള്ളിവയലിൽ.
Posted inUncategorized