#ഓർമ്മ
#films
പി സുബ്രഹ്മണ്യം.
പി.സുബ്രഹ്മണ്യത്തിൻ്റെ (1907-1978) ഓർമ്മ ദിവസമാണ് ഒക്ടോബർ 4.
മലയാളസിനിമയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട പേരാണ് പി സുബ്രഹ്മണ്യം.
നിർമാതാവും, തിയറ്റർ ഉടമയും
സംവിധായകനുമായിരുന്നു പ്രസിദ്ധമായ മെറിലാൻഡ് സ്റ്റുഡിയോയുടെ ഈ സ്ഥാപകൻ. സുബ്രഹ്മണ്യത്തിൻ്റെ മെറിലാണ്ടും കുഞ്ചാക്കോയുടെ ഉദയായും മത്സരിച്ച് ഇറക്കിയ ചലച്ചിത്രങ്ങൾ അരനൂറ്റാണ്ടു മുൻപത്തെ മലയാള സിനിമയുടെ പുഷ്കലകാലമായിരുന്നു.
തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന നാഗർകോവിലിൽ ഒരു വെള്ളാള പിള്ള കുടുംബത്തിലാണ് ജനിച്ചത്.
തിരുവിതാംകൂർ വാട്ടർ വർക്സിൽ ക്ളർക്കായിജീവിതം തുടങ്ങിയ യുവാവ് പിന്നീട് സെക്രട്ടേറിയറ്റിൽ ക്ലർക്കായി കയറി.
1930ൽ ജോലി രാജിവെച്ച് ബിസിനസ്സിലേക്കു തിരിഞ്ഞു. “ഇമ്പീരിയൽ ട്രേഡിംഗ് കമ്പനി ” എന്ന മോട്ടോർ സ്പെയർപാർട്ട്സ് കട തുടങ്ങി.
1941ൽ മലയാളത്തിലെ അഞ്ചാമത്തെ സിനിമയായ “പ്രഹ്ളാദൻ ” നിർമ്മിച്ചുകൊണ്ട് സിനിമാരംഗത്ത് പ്രവേശിച്ചു.
പിന്നീടുള്ള ജൈത്രയാത്രയിൽ മലയാളത്തിൽ 63ചിത്രങ്ങൾ കൂടാതെ തമിഴ്, ഹിന്ദി ഉൾപ്പെടെ 72 ചലച്ചിത്രങ്ങൾ നിർമ്മിച്ചു.
തിരുവനന്തപുരത്ത് 1938ൽ “ന്യൂ തിയേറ്റഴ്സ് ” ആയിരുന്നു ആദ്യം നിർമ്മിച്ച തിയറ്റർ. പിന്നീട് ശ്രീകുമാർ, പദ്മനാഭ തുടങ്ങിയ തിയറ്ററുകളും സ്ഥാപിച്ചു. 1951ൽ തിരുവനന്തപുരം നേമത്ത് “മെറിലാൻഡ്” സ്റ്റുഡിയോ സ്ഥാപിച്ചു.
സത്യൻ, മിസ് കുമാരി തുടങ്ങി മലയാളത്തിലെ പ്രമുഖരായ പല താരങ്ങളുടെയും രംഗപ്രവേശം മെറിലാണ്ടിലൂടെയാണ്.
1942ൽ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട പി സുബ്രഹ്മണ്യൻ തിരുവനന്തപുരത്തെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്തമാണ്.
ശബരിമല ശ്രീ അയ്യപ്പൻ്റെ വലിയ ഭക്തനായിരുന്ന സുബ്രഹ്മണ്യം നിർമ്മിച്ച ശ്രീ അയ്യപ്പൻ എന്ന സിനിമ ദക്ഷിണേന്ത്യ മുഴുവൻ അയ്യപ്പഭക്തി പ്രചരിക്കുന്നതിന് കാരണമായി. അയ്യപ്പസേവാ സംഘത്തിൻ്റെ സ്ഥാപകനും സുബ്രഹ്മണ്യൻ മുതലാളി എന്നറിയപ്പെട്ടിരുന്ന ഈ ചലച്ചിത്ര പ്രവർത്തകനാണ് .
– ജോയ് കള്ളിവയലിൽ.



