#ഓർമ്മ
#literature
പി കുഞ്ഞിരാമൻ നായർ.
മഹാകവി പി കുഞ്ഞിരാമൻ നായരുടെ ( 1905-1978)
ജന്മവാർഷികദിനമാണ്
ഒക്ടോബർ 4.
മലയാള ഭാഷയുടെ ചാരുതയും മലയാള നാടിൻ്റെ സൗന്ദര്യവും ഇത്രമേൽ കവിതകളിൽ പ്രതിഫലിപ്പിച്ച വേറൊരു കവിയില്ല.
1959ൽ കേരള സാഹിത്യ അക്കാദമി ആദ്യമായി കവിതക്ക് ഏർപ്പെടുത്തിയ പുരസ്കാരം നേടിയത് മഹാകവി പി യാണ്.
1967ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കവിക്ക് ലഭിച്ചു.
അടിമുടി കവിയായിരുന്ന പി ജീവിതത്തിൽ പക്ഷേ തികഞ്ഞ അരാജക വാദിയായിരുന്നു. ഒരു അവദൂതനെപ്പോലെ നാടു മുഴുവൻ അലഞ്ഞു നടക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.
മുറപ്പെണ്ണിനെ വിവാഹം ചെയ്യാൻ ആഭരണങ്ങൾ വാങ്ങാൻ അച്ഛൻ കൊടുത്ത പണം കൊണ്ട് കാമുകിയെ വിവാഹം ചെയ്ത ചരിത്രമാണ് കവിക്ക്.
കാഞ്ഞങ്ങാട് ജനിച്ച പി സംസ്കൃതം പഠിക്കാൻ പട്ടാമ്പിയിൽ പുന്നശ്ശേരി നമ്പിയുടെ വിദ്യാലയത്തിൽ ചേർന്നെങ്കിലും കാമുകി കുഞ്ഞിലക്ഷ്മിയുമായി സല്ലപിക്കാനാണ് കൂടുതൽ സമയം ചെലവഴിച്ചത്. പിന്നീട് തഞ്ചാവൂരിൽ സംസ്കൃത പഠനം തുടരാനായി ചേർന്നെങ്കിലും അവിടെയും പഠിത്തം പൂർത്തിയാക്കിയില്ല.
പല ജോലികൾ നോക്കിയ ശേഷം കൂടാളി ഹൈ സ്കൂളിൽ മലയാള അധ്യാപകനായി ചേർന്നു. പിന്നീട് കൂടുതൽ കാലം കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിലാണു് പഠിപ്പിച്ചത്.
തിരുവനന്തപുരം സി പി സത്രത്തിൽ ഏകാനതനായിട്ടായിരുന്നു മരണം.
പിയുടെ കവിതകൾ പോലെ തന്നെ മലയാള സാഹിത്യത്തിന് കിട്ടിയ മുത്തുമണികളാണ് ആത്മകഥാപരമായ രചനകളും. കവിതപോലെ തന്നെ ഹൃദ്യമായ പുസ്തകങ്ങളിൽ പാപഭാരമേതു മില്ലാതെ കവി തൻ്റെ ജീവിതം പറയുന്നു.
ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ പിയുടെ പ്രണയ ഭാവ്ങ്ങൾ എന്ന ജീവചരിത്രം വേറിട്ട രചനയാണ്.
– ജോയ് കള്ളിവയലിൽ.











