#കേരളചരിത്രം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ജനപിന്തുണ കൊണ്ടും സംഘാടകമികവ് കൊണ്ടും അധികാരശക്തി കൊണ്ടും ബഹുദൂരം മുൻപന്തിയിൽ നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റ് ( സി പി എം) എന്ന പ്രസ്ഥാനത്തിന് വലിയ മൂല്യച്യുതി സംഭവിച്ചിരിക്കുന്നു എന്നതു് എല്ലാവരെയും ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന സംഭവവികാസമാണ്.
അതിൻ്റെ തലപ്പത്ത് ഇടതുമുന്നണിയെ രണ്ടാമതും അധികാരത്തിൽ എത്തിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച, ദീർഘകാലം പാർട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച, പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നത് ദുഃഖകരമാണ്.
പാർട്ടിയെയും സർക്കാരിനെയും എകഛത്രാധിപതിയായി നിയന്ത്രിക്കുന്ന പിണറായി, കേരളം കണ്ട എക്കാലത്തെയും മികച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ അച്യുതമേനോൻ്റെ ചരിത്രം ഒന്നുകൂടി വായിക്കുന്നത് നന്നായിരിക്കും.
1953 ഡിസംബർ മാസത്തിൽ കൊല്ലത്തുവെച്ചു ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരു:കൊച്ചി സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്ത എം എൻ ഗോവിന്ദൻനായർ, 1954 ൽ ട്രേഡ് യൂണിയൻ രംഗത്തേക്ക് നിയോഗിക്കപ്പെട്ടപ്പോൾ സി. അച്യുതമേനോനാണ് പകരം സെക്രട്ടറിയായത്. 1956 ഫെബ്രുവരിയിൽ ആലുവയിൽ ചേർന്ന തിരു:കൊച്ചി സംസ്ഥാന സമ്മേളനത്തിൽ വെച്ച് വീണ്ടും സെക്രട്ടറിയായ അച്യുതമേനോൻ ആ വർഷം ജൂണിൽ തൃശൂരിൽ ചേർന്ന പാർട്ടിയുടെ കേരള സംസ്ഥാന സമ്മേളനത്തിൽ വെച്ച് കേരള സംസ്ഥാന കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.1957ൽ അച്യുതമേനോൻ ഈ എം എസ് മന്ത്രിസഭയിൽ ചേർന്നപ്പോൾ എം എൻ സെക്രട്ടറി സ്ഥാനമേറ്റെടുത്തു.
1959ൽ എമ്മെനു ശേഷം സെക്രട്ടറിയായ ഇ എം എസ് നമ്പൂതിരിപ്പാട്, 1962ൽ , അജയ് ഘോഷിന്റെ ആകസ്മികവിയോഗത്തെ തുടർന്ന് ദേശീയ ജനറൽ സെക്രട്ടറിയായി. തുടർന്ന്
1962 ജൂൺ മാസത്തിൽ ആലുവയിൽ ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അച്യുതമേനോനെ വീണ്ടും സെക്രട്ടറിസ്ഥാനത്തേക്ക് നിയോഗിച്ചു. പാർട്ടിയിലെ ഭിന്നിപ്പിനുശേഷം 1964 ഡിസംബറിൽ തൃശൂരിൽ ചേർന്ന സി പി ഐ സംസ്ഥാന സമ്മേളനം അച്യുതമേനോനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1968 ജനുവരിയിൽ കോട്ടയത്ത് ചേർന്ന സംസ്ഥാന സമ്മേളനം മ സെക്രട്ടറിയായി തിരഞ്ഞെടുത്തത് അച്യുതമേനോനെ തന്നെയാണ്. ആ വർഷം അദ്ദേഹം രാജ്യസഭ മെമ്പറായ ഒഴിവിൽ എസ് കുമാരൻ സെക്രട്ടറിസ്ഥാനത്തെത്തി.
ആദ്യം 1953,56, (തിരുകൊച്ചി )വീണ്ടും 1956(കേരളസംസ്ഥാനകമ്മിറ്റി ) പിന്നീട് 1962, 64, 68 വർഷങ്ങളിലും മൂന്നുവട്ടം തുടർച്ചയായി അച്യുതമേനോൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തി.
1956 ൽ തൃശൂർ സമ്മേളനം തിരഞ്ഞെടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ കേരള സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ പേരുകൾ കാണുക.
1.സി അച്യുതമേനോൻ
2.ആർ സുഗതൻ
3. കെ ഏ കേരളീയൻ
4. ഇ. ഗോപാലകൃഷ്ണ മേനോൻ
5. സി എച്ച് കണാരൻ
6. സി ഉണ്ണിരാജ
7. കെ കെ വാര്യർ
8.എ വി കുഞ്ഞമ്പു
9. കെ സി ജോർജ്ജ്
10. പി ഗംഗാധരൻ
11. സി ജി സദാശിവൻ
12. സി എസ് ഗോപാലപിള്ള
13.എസ് കുമാരൻ
14. പി കെ വാസുദേവൻ നായർ
15. എം പത്മനാഭൻ
16. പി എ സോളമൻ
17.കെ പി ഗോപാലൻ
18.ടി സി നാരായണൻ നമ്പ്യാർ
19.ഇ പി ഗോപാലൻ
20. അഴിക്കോടൻ രാഘവൻ
21. സി ജനാർദ്ദനൻ
22. പി ശങ്കർ
23. കല്ലാട്ട് കൃഷ്ണൻ
24. ഇ കെ ഇമ്പിച്ചിബാവ
25. ഇ. കെ. നായനാർ
26. കെ ദാമോദരൻ
27. കെ പി ആർ ഗോപാലൻ
28. ടി വി തോമസ്
29. ജെ ചിത്തരഞ്ജൻ
30. എൻ ഗോപിനാഥൻ നായർ
31. വി ടി ഇന്ദുചൂഡൻ
32. വി എസ് അച്ചുതാനന്ദൻ
33. എൻ ഇ ബാലറാം
34. കെ മാധവൻ
35. എ കെ പൊതുവാൾ.
മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും അരങ്ങേറിയ സ്വാതന്ത്ര്യസമര ങ്ങളിലും നിരവധി വിപ്ലവ പ്രക്ഷോഭങ്ങളിലും ധീരമായ പങ്കാളിത്തം വഹിച്ചവരാണ് ഈ മുപ്പത്തിയഞ്ചു പേരും.
ഇ എം എസ് നമ്പൂതിരിപ്പാട്, ഏ കെ ഗോപാലൻ, എം എൻ ഗോവിന്ദൻ നായർ എന്നിവർ ഈ ലിസ്റ്റിൽ ഇല്ല. ഇ എം എസ് പോളിറ്റ് ബ്യൂറോയിലും അന്ന് പാർലമെന്റ് അംഗങ്ങളായിരുന്ന ഏ കെ ജി യും എമ്മെനും കേന്ദ്രക്കമ്മിറ്റിയിലും അംഗങ്ങളായിരുന്നു.
1952, 54 നിയമസഭകളിൽ അംഗമായ, 57ൽ മന്ത്രിയായ കെ ആർ ഗൗരിയും, റോസമ്മ പുന്നൂസും ഉൾപ്പെടെ ഒരൊറ്റ വനിത പോലും കമ്മിറ്റിയിൽ ഇല്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ആർക്കും പ്രായപരിധിയുടെ പ്രശ്നമുണ്ടായിരുന്നില്ല. കാരണം മിക്കവാറും എല്ലാവരുംതന്നെ നാല്പതുകളിലോ അൻപതുകളിലോ ഉള്ളവരായിരുന്നു.
ഈ നേതാക്കളിൽ ഒരൊറ്റ ആൾ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത് – വി എസ് അച്യുതാനന്ദൻ.
ആദർശശാലികളായ ഈ നേതാക്കന്മാരുടെ അക്ഷീണമായ, നിസ്വാർത്ഥമായ പ്രവർത്തനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങൾക്ക് പ്രിയങ്കരമാക്കിയത് എന്ന് പുതിയ തലമുറ മറക്കരുത്.
– ജോയ് കള്ളിവയലിൽ.
