#ഓർമ്മ
മൈക്കിൾ ജാക്സൺ.
പോപ് സംഗീതത്തിൻ്റെ രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മൈക്കിൾ ജാക്സൻ്റെ (1958-2009) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 29.
അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച മൈക്കിൾ ജോസഫ് ജാക്സൻ്റെത് ഒരു സംഗീതകുടുംബമായിരുന്നു. ജാക്സൺ 5 എന്ന് അറിയപ്പെട്ടിരുന്ന സഹോദരരിൽ ഇളയയാളായിരുന്നു മൈക്കിൾ.
1970ൽ തുടർച്ചയായി 5 ഹിറ്റ് ഗാനങ്ങളോടെ ജാക്സൺ 5 പ്രസിദ്ധമായി. 1975ൽ അവർ വഴിപിരിഞ്ഞു.
1979ലെ ജാക്സൻ്റെ ആദ്യത്തെ സോളോ ആൽബം Off the Wall ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി. 20 ലക്ഷം കോപ്പികളാണ് വിറ്റുപോയത്.
1982ൽ പുറത്തിറങ്ങിയ ത്രില്ലർ ജാക്സനെ ലോകത്തിലെ ഏറ്റവും പ്രശസ്തനായ പോപ് ഗായകനാക്കി മാറ്റി. 8 ഗ്രാമി അവാർഡുകൾ നേടിയ ആൽബം, 40 ലക്ഷം കോപ്പികൾ വിറ്റു. 2 വർഷം തുടർച്ചയായി ഒന്നാംനിരയിൽ തുടർന്നു.
1984 ആയപ്പോഴേക്കും പോപ് രാജാവ് എന്ന കിരീടത്തിന് എതിരാളികൾ ഇല്ലെന്നായി. ലയണൽ റിച്ചിയുമായി ചേർന്ന് രചിച്ച 1985ലെ We are the World എന്ന ഗാനം ലോകപ്രശസ്തമാണ് .
1993 മുതൽ കുട്ടികളുമായി ബന്ധപ്പെടുത്തി ലൈംഗിക അപവാദങ്ങൾ ജാക്സനെ പിന്തുടർന്നു.
1994ൽ എൽവിസ് പ്രസ്‌ലിയുടെ മകൾ ലിസ്സാ മേരിയെ രഹസ്യമായി വിവാഹം ചെയ്തെങ്കിലും 2 വർഷമേ ആ ബന്ധം നീണ്ടുനിന്നുള്ളു.
2003ൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്തു എന്ന കുറ്റത്തിന് മൈക്കിൾ ജാക്സൻ അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷേ 2005ൽ കുറ്റവിമുക്തനാക്കപ്പെട്ടു.
2009 ജൂൺ 25ന് പൊടുന്നനെ ജാക്സൺ മരണമടഞ്ഞു. ഹൃദയാഘാതമാണ് മരണകാരണം എന്ന് പറഞ്ഞെങ്കിലും ജാക്സൻ്റെ ഡോക്റ്റർ കൃത്യവിലോപം കാണിച്ചു എന്ന് പിന്നീട് തെളിഞ്ഞു.
സംഗീതലോകത്തെ അനശ്വരസ്മരണയായി, ഗായകൻ, ഗാനരചയിതാവ്, നർത്തകൻ എല്ലാമായിരുന്ന, 1980കളിലെ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഈ സംഗീതജ്ഞൻ നിലകൊള്ളും.
– ജോയ് കള്ളിവയലിൽ.
Posted inUncategorized