രാജീവ് ഗാന്ധി

#ഓർമ്മ

രാജീവ് ഗാന്ധി.

രാജീവ് ഗാന്ധിയുടെ (1944-1991) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 20.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്ന് പദവി ഏറ്റെടുക്കാൻ നിർബന്ധിതനായ രാജീവ് ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ്.
പാർലിമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തിയ രാജീവിനു ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ജനങ്ങൾ നൽകിയത്.
1984 മുതൽ 1989 വരെയുള്ള രാജീവ്‌ ഭരണത്തിന്റെ ഏറ്റവും മഹത്തായ സംഭാവന ജനായത്തഭരണം പഞ്ചായത്തിരാജിലൂടെ താഴെത്തട്ടിൽ എത്തിച്ചുവെന്നതാണ്. വോട്ട് ചെയ്യാനുള്ള പ്രായം 18 വയസ്സ് ആക്കിയതിലൂടെ യുവജനതക്കു ഭരണത്തിൽ പങ്കാളിത്തം ലഭിച്ചു.
ഇന്ത്യയിൽ മൊബൈൽ ഫോൺ വിപ്ലവത്തിനു തുടക്കംകുറിച്ചത് രാജീവ്‌ ഗാന്ധിയാണ്. സാം പിട്രോഡയായിരുന്നു അതിനു നേതൃത്വം കൊടുത്തത്.
കലാപകുലുഷിതമായിരുന്ന പഞ്ചാബിൽ ശാശ്വതസമാധാനം കൊണ്ടുവരാൻ രാജീവിന് കഴിഞ്ഞു.
ബൊഫോഴ്‌സ് അഴിമതിവിവാദം ഉയർത്തിയ കൊടുങ്കാറ്റിൽ രാജീവ്ഗാന്ധിക്ക് ഭരണം നഷ്ടപ്പെട്ടു.
തിരിച്ചുവരവിനുള്ള പാതയിലായിരിക്കെ തമിഴ്നാട്ടിലെ ശ്രീപെരുമ്പദൂരിൽ വെച്ച് തമിഴ് പുലികളുടെ ബോംബാക്രമണത്തിൽ, 1991 മെയ് 21ന്, രാജീവും അമ്മയെപ്പോലെ രക്തസാക്ഷിയായി.
ഇന്ത്യൻ പട്ടാളത്തെ അയച്ചു എൽ ടി ടി യെ അമർച്ച ചെയ്യാൻ രാജീവ്‌ നടത്തിയ ശ്രമമാണ് എൽ ടി ടി നേതാവ് പ്രഭാകരന്റെ പ്രതികാരനടപടിക്ക് കാരണമായത്.

ബാബ്‌റി മസ്ജിദിൽ പ്രതിഷ്ഠിച്ചിരുന്ന അനധികൃത വിഗ്രഹത്തിനു മുൻപിൽ പൂജ നടത്താൻ പൂട്ടു തുറന്നുകൊടുത്ത രാജീവിന്റെ നടപടിയാണ്, ഹിന്ദുത്വശക്തികളുടെ ഉയർത്തെഴുനേൽപ്പിനും ബാബ്‌റി മസ്ജിദിന്റെ തകർച്ചയിലേക്കും, വർഗീയശക്തികൾ അധികാരത്തിൽ എത്തുന്നതിലേക്കും നയിച്ച സംഭവങ്ങളുടെ തുടക്കം, എന്ന് വിലയിരുത്തപ്പെടുന്നു.
നെഹ്റു യുഗത്തിൻ്റെ അന്ത്യം കുറിച്ച നടപടിയായിരുന്നോ ഇത് എന്ന് ചരിത്രം വിലയിരുത്തും.

ഈന്തപ്പനകളുടെ മാതൃകയിലുള്ള ശ്രീപെരുമ്പദൂറിലെ, ചെന്നൈ ബാംഗ്ലൂർ ഹൈവേയുടെ അരികിലുള്ള സ്മാരകം, രാജ്യം കണ്ട ഏറ്റവും സുന്ദരനായ പ്രധാനമന്ത്രിയുടെ മനോഹരമായ സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *