#ഓർമ്മ
#films
മെഹബൂബ്.
മെഹബൂബിന്റെ ( 1926- 1981) ഓർമ്മദിവസമാണ് ഓഗസ്റ്റ് 22.
മട്ടാഞ്ചേരിയിൽ, പട്ടിണിയുടെ നടുക്കാണ് എച്ച് മെഹബൂബ് എന്ന അനുഗ്രഹീത ഗായകൻ ജനിച്ചുവീണത്.
അടുത്തുള്ള ബംഗാൾ ബറ്റാലിയൻ പട്ടാളക്യാമ്പിൽ ഷൂ പോളീഷ് ചെയ്താണ് ആഹാരത്തിനു വഴി കണ്ടെത്തിയിരുന്നത്.
അവിടെ കേട്ട പാട്ടുകൾ – വിവിധ ഭാഷകളിലുള്ളവ, അങ്ങനെതന്നെ പാടാൻ അവനു കഴിഞ്ഞിരുന്നു.
താമസിയാതെ കൊച്ചിയിലെ വിവാഹസദസ്സുകളിൽ മേഹബൂബ് ഭായ് ഒരു അവിഭാജ്യഘടകമായി മാറി.
നടൻ മുത്തയ്യയാണ് ദക്ഷിണാമൂർത്തിയോട് ഒരു പുതിയ ഗായകനെപ്പറ്റി പറഞ്ഞത്. 1951ൽ ജീവിതനൗക എന്ന ചിത്രത്തിനുവേണ്ടി പാടിയതോടെ ജീവിതം പച്ചപിടിച്ചു. 1954ൽ നീലക്കുയിൽ എന്ന ചിത്രത്തിൽ കെ രാഘവൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ വമ്പൻ ഹിറ്റുകളായതോടെ മെഹബൂബിന്റെ ജൈത്രയാത്ര ആരംഭിക്കുകയായി.
1970കൾ വരെ മലയാളത്തിലെ ഏറ്റവും പ്രശസ്‌തനായ ഗായകനായിരുന്നു മെഹബൂബ്.
ബാബുരാജ് ഈണം പകർന്ന പല ഗാനങ്ങളും, സംഗീതത്തിന്റെ ബാലപാഠം പോലും അറിയില്ലാത്ത മെഹബൂബ്, അവിസ്മരണീയങ്ങളാക്കി മാറ്റി. പി ഭാസ്കരൻ എഴുതിയ കോമഡി ഗാനങ്ങൾ ഹിറ്റ് ആയതോടെ കോമഡി ഗായകനായി മെഹബൂബ് മുദ്രകുത്തപ്പെട്ടു.
പ്രതിഫലം ചോദിച്ചുവാങ്ങാൻ അറിയാത്ത മെഹബൂബിന്റെ അവസാനവും, ആരംഭം പോലെതന്നെ മുഴുപ്പട്ടിണിയിൽ എത്തിപ്പെട്ടു. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ലോഡ്ജുകളിലും ഹോസ്റ്റലുകളിലും പാട്ടുപാടി നടന്ന ഗായകൻ മെഹബൂബ് ആണെന്ന് ആരുമറിഞ്ഞില്ല.
മെഹബൂബ് റോഡ് സ്മാരകമായി ഉണ്ടെങ്കിലും പുതിയ തലമുറക്ക് മെഹബൂബ് അജ്ഞാതനാണ് എന്നുതന്നെ പറയാം.
– ജോയ് കള്ളിവയലിൽ.


