#ഓർമ്മ
പി കൃഷ്ണപിള്ള.
പി കൃഷ്ണപിള്ളയുടെ (1906-1948) ഓർമ്മ ദിവസമാണ്
ഓഗസ്റ്റ് 19.
മരണത്തിനു കീഴടങ്ങിയിട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സഖാവ് എന്ന സംബോധനക്ക് അവകാശിയായി ചരിത്രത്തിൻ്റെ ഭാഗമായി നിൽക്കുന്നു എന്നതാണ് വെറും 42 വയസ്സ് മാത്രം ജീവിക്കാൻ ഇടകിട്ടിയ പി കൃഷ്ണപിള്ളയുടെ മഹത്വം.
വൈക്കത്ത് ജനിച്ച കൃഷ്ണപിള്ളക്ക് കടുത്ത ദാരിദ്ര്യം മൂലം സ്കൂൾപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. 14 വയസിൽ വീട് വിട്ട പയ്യൻ ഉത്തരേന്ത്യയിലെത്തി നന്നായി ഹിന്ദി എഴുതാനും സംസാരിക്കാനും പഠിച്ചു.
ഹിന്ദി പ്രചാരകനായിട്ടാണ് കേരളത്തിൽ തിരിച്ചെത്തിയത്. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആദർശശാലിയായ ആ യുവാവിന് കഴിയുമായിരുന്നില്ല.
1924ൽ വൈക്കം സത്യാഗ്രഹമായിരുന്നു ആദ്യത്തെ സമരവേദി.
1930ൽ കോഴിക്കോട്ട് നടന്ന ഉപ്പു സത്യാഗ്രഹ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന കൃഷ്ണപിള്ള, സമരപതാക പോലീസുകാർ വലിച്ച് താഴെയിട്ടപ്പോൾ എടുത്ത് നെഞ്ചോട് ചേർത്തു. ഭീകരമായ മർദനത്തിനുപോലും ആ പതാക കയ്യിൽനിന്ന് വേർപെടുത്താൻ കഴിഞ്ഞില്ല.
പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ മുന്നോക്ക ജാതിയായിട്ടും നായന്മാർക്ക് മണി അടിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ക്രൂരമായ മർദ്ദനമേറ്റിട്ടും കൃഷ്ണപിള്ള മണി അടിക്കുക തന്നെ ചെയ്തു; ” ഉശിരുള്ള നായർ മണി അടിക്കും, എച്ചിൽ പെറുക്കി നായർ പുറത്ത് അടിക്കും” എന്ന് വിളിച്ചു പറഞ്ഞുകൊണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഇടതുപക്ഷക്കാർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഉണ്ടാക്കിയപ്പോൾ ഈ എം എസ് അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറിയും പി കൃഷ്ണപിള്ള കേരള സെക്രട്ടറിയുമായി. പിന്നീട് ഇവരുൾപ്പടെ
നേതൃത്വം നൽകി കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി സ്ഥാപിതമായി.
1936 മുതൽ അതുവരെ കേന്ദ്രീകരിച്ചിരുന്ന കോഴിക്കോട് വിട്ട് തിരുവിതാംകൂറിലേക്ക് കൂടി അതുല്യനായ ഈ സംഘാടകൻ പ്രവർത്തനമേഖല വ്യാപിപ്പിച്ചു. കൃഷ്ണപിള്ള സംഘടിപ്പിച്ച ആലപ്പുഴയിലെ 1938ലെ തൊഴിലാളി പണിമുടക്കാണ് പിൽക്കാലത്ത് പുന്നപ്ര വയലാർ സമരത്തിൻ്റെ വിത്തുപാകിയത്.
സ്വാതന്ത്ര്യപ്രാപ്‌തിക്ക് ശേഷം, കുപ്രസിദ്ധമായ രണദിവേ തിസിസ് 1948ൽ വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടാൻ കാരണമായി. ഒളിവിൽപോയ കൃഷ്ണപിള്ള താമസിയാതെ പിടിയിലായി. കന്യാകുമാരി ജില്ലയിൽ ജെയിലിൽ കഴിയുമ്പോഴാണ് ഭാവിവധുവായ തങ്കമ്മയെ കണ്ടുമുട്ടിയത്.
കുട്ടനാട്ടിലെ മുഹമ്മയിൽ ഒരു കർഷക തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് പാമ്പ് കടിയേറ്റു മരണമടഞ്ഞത്.
അവസാനത്തെ എഴുത്തിൽ രണ്ടു കാര്യങ്ങളാണ് ഉണ്ടായിരുന്നത്.
പാർട്ടിയിൽ വിമർശനം മാത്രം പോരാ , സ്വയം വിമർശനവും വേണം.
കണ്ണിൽ ഇരുൾ കയറുന്നു എന്ന് എഴുതുമ്പോഴും സഖാവ് ആഹ്വാനം ചെയ്തു, സഖാക്കളേ മുന്നോട്ട്.
ടി വി കെ എഴുതിയ ആദ്യ ജീവചരിത്രമാണ് ഏറ്റവും സത്യസന്ധമായ രചന.
– ജോയ് കള്ളിവയലിൽ.






