#ഓർമ്മ
നാട്ടറിവ് ദിനം.
ഓഗസ്റ്റ് 22 നാട്ടറിവ് ദിനമാണ്.
ആയിരക്കണക്കിന് വർഷങ്ങൾ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിക്കാൻ മനുഷ്യനെ പ്രാപ്തരാക്കിയ തലമുറ തലമുറയായി കൈമാറിയ അറിവുകളാണ് നാട്ടറിവുകൾ.
ഗ്രാമത്തിൻ്റെ വിശുദ്ധിയിൽ വളരാൻ ഭാഗ്യം ലഭിച്ച ഒരുപക്ഷെ അവസാനത്തെ തലമുറയാണ് എൻ്റേത്.
കൃഷിരീതികൾ എല്ലാവർക്കും പരിചിതം. കൃത്രിമ വളങ്ങളെക്കുറിച്ച് കേട്ടിട്ടു കൂടിയില്ല.
കറികൾ വെക്കാനുള്ള വിഭവങ്ങൾ – പയറും പാവക്കയും ചേമ്പും ചേനയും കപ്പയും കാച്ചിലുമൊക്കെ വീടിൻ്റെ പരിസരത്ത് തന്നെയുണ്ട്. ഇതൊന്നുമല്ലെങ്കിൽ താളും തകരയുമൊക്കെ കറി വെക്കും. പശുക്കൾ ഉള്ളതുകൊണ്ട് പാലും, തൈരും, വെണ്ണയും നെയ്യും സുലഭം.
ഉപ്പും മുളകും മാത്രമാണ് കടയിൽ നിന്ന് വാങ്ങുക.
മിക്ക ഗ്രാമങ്ങളിലും നാട്ടുവൈദ്യൻ ഉണ്ടാകും. ഞങ്ങളുടെ അടുത്ത വൈദ്യൻ 3 കിലോമീറ്റർ അകലെ പിണ്ണാക്കാനാട് ആണ്. പനിയും ചുമയും കഫക്കെട്ടുമൊക്കെ വന്നാൽ വല്യമ്മച്ചി മുറ്റത്തേക്ക് ഇറങ്ങി ചില പച്ചയിലകൾ പറിച്ച് തിരുമ്മി കുട്ടികൾക്ക് കൊടുക്കും. ആണ്ടിൽ ഒന്നോ രണ്ടോ തവണയേ വൈദ്യനെ കാണാൻപോയ ഓർമ്മയുള്ളൂ.
കാലം ഏറെ മാറി. നാട്ടറിവുകൾ സാവധാനം അപ്രത്യക്ഷമായി. അല്ലെങ്കിൽ അതിൻ്റെ ആവശ്യം ഇല്ലായെന്നുള്ള തോന്നൽ ആളുകളുടെ മനസ്സിൽ ഉറച്ചു.
ചെറിയ തോതിൽ ഒരു പുനർചിന്ത ചിലർക്കെങ്കിലും ഉണ്ടായിത്തുടങ്ങി എന്നതാണ് ആശ്വാസം.
എൻ്റെ സുഹൃത്ത് മൂഴിക്കുളം ശാലയുടെ നായകൻ ടി ആർ പ്രേംകുമാറിനെ പോലെയുള്ളവരുടെ തലമുറക്ക് വംശനാശം വരാതെയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized