വി നാഗം അയ്യ

#കേരളചരിത്രം
#ഓർമ്മ

വി നാഗം അയ്യ.

തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ രചയിതാവ് എന്ന നിലയിൽ ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ മഹാനാണ്
ദിവാൻ ബഹദൂർ വി നാഗം അയ്യ (1850-1917).

ചരിത്രം എഴുതി സൂക്ഷിക്കുന്നതിൽ പൊതുവെ വിമുഖരായ കേരളസമൂഹത്തിനു പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള തിരുവിതാംകൂറിൻ്റെ രാഷ്ടീയ, സാമ്പത്തിക സാമൂഹിക, ഭൂമിശാസ്ത്രപരമായ ചരിത്രം, ജാതി മത സമൂഹങ്ങളുടെ വിവരങ്ങൾ അടങ്ങിയ സമഗ്രമായ ഒരു വിശിഷ്ട ഗ്രന്ഥമാണ് ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ.
3 വാല്യങ്ങളിലായി 1820 പേജുകളുള്ള പുസ്തകം വെറും 2 വർഷത്തെ കഠിനപരിശ്രമം കൊണ്ട് അദ്ദേഹം പൂർത്തിയാക്കി.

മദ്രാസ് പ്രവിശ്യയിലെ തിരുനൽവേലിയിൽ താമ്രപൂർണി നദിയുടെ തീരത്തുള്ള വീരരാഘവപുരം എന്ന ഗ്രാമത്തിൽ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. പൂർവികർ തിരുവിതാംകൂർ രാജാവിൻ്റെ ആശ്രിതരായിരുന്നത് കൊണ്ട് തിരുവനന്തപുരത്താണ് നാഗം അയ്യ വളർന്നത്. മഹാരാജാസ് സ്കൂളിലെ പഠനം കഴിഞ്ഞ് മഹാരാജാസ് കോളേജിൽ നിന്ന് മെട്രിക്കുലേഷൻ പാസായി. ദയനീയമായ സാമ്പത്തിക സ്ഥിതി 7 രൂപ ശമ്പളത്തിൽ സര്ക്കാര് ക്ലാർക്കായി ജോലിയിൽ കയറാൻ നിർബന്ധിതനാക്കി.
സ്ഥിരോത്സാഹിയായ ആ യുവാവ് മഹാരാജാസ് കോളേജിൽ നിന്ന് 1866ൽ എഫ് എ പരീക്ഷ പാസായി. ജോൺ റോസ്, റോബർട്ട് ഹാർവി എന്നീ പ്രശസ്തരായ അധ്യാപകരുടെ കീഴിൽ പഠിച്ച് 1870ൽ മഹാരാജാസ് കോളേജിൽ നിന്ന് ബി എ ബിരുദം നേടുന്ന ആദ്യത്തെ വിദ്യാർഥിയായി. സമർത്ഥനായ യുവാവിനെ ആയില്യം തിരുനാൾ മഹാരാജാവ് മാതൃ വിദ്യാലയത്തിൽ തന്നെ ചരിത്രം, ഗണിതം എന്നിവയുടെ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ നിയമനം നൽകിയെങ്കിലും
നാഗം അയ്യയുടെ കഴിവുകൾ കേട്ടറിഞ്ഞ ദിവാൻ സർ ടി മാധവറാവു 1870 ൽ 50 രൂപ ശമ്പളത്തിൽ ഹജൂർ കച്ചേരിയിൽ ക്ലർക്കായി നിയമിച്ചു.
1872ൽ തഹസീൽദാർ, 1880ൽ ഡെപ്യൂട്ടി പെഷ്‌ക്കാർ, 1883ൽ വെറും 24 വയസിൽ ദിവാൻ പേഷ്‌ക്കാർ പദവിയിൽ – അത്രക്കായിരുന്നു നാഗം അയ്യയുടെ കഴിവ്.
തിരുവിതാംകൂർ രാജ്യത്ത് ആദ്യമായി ഒരു സെൻസസ് നടത്താൻ മാധവറാവു നാഗം അയ്യയെയാണ് ചുമതലപ്പെടുത്തിയത്.
1878, 1881, 1889 വർഷങ്ങളിൽ സെൻസസ് റിപ്പോർട്ടുകൾ തയാറാക്കിയത് നാഗം അയ്യയാണ്.
ഈ പരിശ്രമമാണ് ബ്രിട്ടിഷുകാർ മദ്രാസ് പ്രവിശ്യയുടെ ഗസറ്റ് തയാറാക്കിയ രീതിയിൽ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ തയാറാക്കാൻ നാഗം അയ്യയെ ചുമതലപ്പെടുത്താൻ ദിവാൻ മാധവ റാവുവിന് പ്രചോദനമായത്.
ഗ്രന്ഥരചന പൂർത്തിയാക്കിയ നാഗം അയ്യ 1892-94, 1905-08 വർഷങ്ങളിൽ നിയമസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ടു.
1892 ലണ്ടനിലെ റോയൽ ഹിസ്റ്റോറിക്കൽ സൊസൈറ്റി ഫെല്ലോഷിപ്പ് നൽകിയാണ് നാഗം
അയ്യയുടെ സേവനങ്ങൾക്ക് അംഗീകാരം നൽകിയത്.
67 വയസിൽ തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *