ജേക്കബ് ചെറിയാൻ

#ഓർമ്മ

ജേക്കബ് ചെറിയാൻ.

ആഗസ്റ്റ് 18 എൻ്റെ മാതാമഹൻ ജേക്കബ് ചെറിയാൻ്റെ ചരമവാർഷികദിനമാണ്.

പാലാ സെൻട്രൽ ബാങ്കിൻ്റെ സ്ഥാപക ഡയറക്ടർ, പിൽക്കാല ചെയർമാൻ, വെസ്റ്റ് കോസ്റ്റ് ഫിഷറീസ് എന്ന ഇന്ത്യയിലെ തന്നെ
ആദ്യത്തെ യന്ത്രവൽകൃത മത്സ്യബന്ധന ഫാക്ടറിയുടെ സ്ഥാപക ഉടമ, പ്ലാൻ്റേഷൻ ഉടമ, തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിലെ തിരുവിതാംകൂറിലെ ഏറ്റവും പ്രമുഖനായ ബാങ്കിംഗ്, വ്യവസായ സംരംഭകരിൽ ഒരാളായിരുന്നു ജേക്കബ് ചെറിയാൻ മരുതൂക്കുന്നേൽ.
മാന്നാനത്ത് ബോർഡിംഗ് സ്കൂളിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ ഒരു വിദേശമിഷനറിയാണ് സമർത്ഥനായ കുട്ടിയോട് വിദേശത്ത് പോയി ഉപരിപഠനം നടത്തണം എന്ന് ഉപദേശിച്ചത്.
നാട്ടുനടപ്പിനു വിപരീതമായി പിതാവ് സമ്മതം കൊടുത്തു.
കടൽ കടന്ന് ഇംഗ്ലണ്ടിൽ പോയി പഠനം കഴിഞ്ഞ് തിരിച്ചെത്തിയത് യൂറോപ്പിൽ കണ്ട പരിഷ്കാരങ്ങൾ നാട്ടിൽ എങ്ങനെ നടപ്പാക്കാം എന്ന ചിന്തയുമായിട്ടാണ്.
കാഞ്ഞിരപ്പള്ളി കിഴക്കെത്തലക്കൽ കുടുംബത്തിൽനിന്നും വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി പണമോ വസ്തുവോ വാങ്ങാൻ സ്വന്തം കഴിവിൽ പൂർണവിശ്വാസമുണ്ടായിരുന്ന ആ യുവാവ് തയാറായില്ല.
ആദ്യം സംയുക്ത സംരംഭമായി ഒരു ബസ് സർവീസാണ് തുടങ്ങിയത്. അതിനായി മദ്രാസിൽ പോയി ഡ്രൈവിംഗ് പഠിച്ച് അടുത്ത ബന്ധുക്കളായ കയ്യാലക്കലം കുടുംബവുമായി ചേർന്ന് ഒരു ബസ് വാങ്ങി ഓടിച്ചാണ് പാലായിൽ തിരിച്ചെത്തിയത്.

ഒരു വലിയ ബാങ്ക് തുടങ്ങണം എന്നാണ് ജീവിതലക്ഷ്യം. അക്കാലത്ത് 5000 രൂപ അടച്ചാൽ ആർക്കും ബാങ്ക് തുടങ്ങാം. പക്ഷേ ജേക്കബ് ചെറിയാൻ്റെ മനസ്സിൽ ഇന്ത്യ മുഴുവൻ ശാഖകളുള്ള കൂറ്റൻ ധനകാര്യ സ്ഥാപനമാണ്. അതിനുള്ള പണം കയ്യിലില്ല. ബന്ധുവായ കയ്യാലക്കകം ജോസഫ് ആഗസ്തി നടത്തുന്ന പാലാ ബാങ്കിൽ ചേർന്ന് പാലായിലെ അക്കാലത്തെ പ്രമുഖ കുടുംബങ്ങളെയെല്ലാം കൂടെ കൂട്ടി 1920കളിൽ പാലാ സെൻട്രൽ ബാങ്ക് തുടങ്ങി.
ബാങ്കിൻ്റെ വളർച്ചക്ക് തിരുവിതാംകൂർ സർക്കാരുമായി നല്ല ബന്ധം വേണം എന്ന് മനസിലാക്കിയ ജേക്കബ് ചെറിയാൻ താമസം തിരുവനന്തപുരത്തിന് മാറ്റി. അത്യന്തം പ്രതികൂല സാഹചര്യങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. തിരുവിതാംകൂർ ഒരു ഹിന്ദു രാജ്യമാണ്, ക്രിസ്ത്യാനികൾ സാമ്പത്തികരംഗത്ത് മേൽക്കൈ നേടാൻ അനുവദിക്കില്ല എന്നായിരുന്നു രാജകുടുംബത്തിൻ്റെ നിലപാട്. സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിന് ക്രിസ്ത്യാനികൾ നൽകിവന്ന പിന്തുണ ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ കോപം വിളിച്ചുവരുത്തി. പ്രമുഖ ബാങ്കായ നാഷണൽ ക്വിലോൺ ബാങ്ക് സി പി തകർക്കുക കൂടി ചെയ്തപ്പോൾ പാലാ ബാങ്കിൻ്റെ നന്മക്കായി ഡയറക്ടർമാർ സജീവരാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കണം എന്ന ജേക്കബ് ചെറിയാൻ്റെ ഉപദേശം സ്വീകരിച്ച് പിൽക്കാലത്ത് എം പിയായ ജോർജ് തോമസ് കൊട്ടുകാപ്പള്ളി ഉൾപ്പെടെ സജീവരാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നു. സർ സി പി രാമസ്വാമി അയ്യരുമായി അടുത്ത ബന്ധം സ്ഥാപിച്ച ജേക്കബ് ചെറിയാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് പ്രധാന നഗരങ്ങളിലെല്ലാം ശാഖകൾ ആരംഭിച്ചു.
പാലാ സെൻട്രൽ
ബാങ്കിനെ ഇന്ത്യയിലെ രണ്ടാമത്തെ ഏററവും വലിയ സ്വകാര്യ ബാങ്കായി വളർത്തി. തിരുവനന്തപുരം കന്യാകുമാരി റോഡ് നിർമ്മിക്കാൻ സർക്കാരിന് ധനസഹായം നൽകിയത് പാലാ സെൻട്രൽ ബാങ്കാണ്.
ദില്ലിയിൽ ശാഖ തുറന്ന ആദ്യത്തെ സ്വകാര്യ ബാങ്ക്. ബോംബെയിൽ വൻവ്യവസായികൾ കടമെടുക്കാൻ കാത്തുനിൽക്കുന്ന സ്ഥിതി. റിസർവ് ബാങ്കിൻ്റെ നിബന്ധനകൾ 1960കളിലെ ബാങ്കിൻ്റെ തകർച്ചക്ക് വഴിയൊരുക്കിയത് ഒരു വലിയ കഥയാണ് .
അതുപോലെ തന്നെ പരാജയപ്പെട്ട പ്രസ്ഥാനമാണ് നീണ്ടകരയിൽ ആരംഭിച്ച വെസ്റ്റ് കോസ്റ്റ് ഫിഷറീസ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങൾ നീണ്ടകരയിൽ എത്തിക്കാനുള്ള കെൽപ്പ് പാലങ്ങൾക്ക് ഇല്ലാതെ വന്നതോടെ യന്ത്രങ്ങൾ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. (സി പി യുടെ സഹായത്തോടെ കൊണ്ടുവന്ന പദ്ധതിയെന്ന് കരുതി പിന്നാലെ വന്ന പട്ടം താണുപിള്ള മന്ത്രിസഭ ഒരു സഹായവും നൽകിയില്ല).
ജേക്കബ് ചെറിയാൻ്റെ കഴിവുകൾ മനസിലാക്കിയ ദിവാൻ സർ സി പി അദ്ദേഹത്തെ നിയമസഭയിലേക്ക് നാമനിർദേശം ചെയ്തു . ലോകമഹായുദ്ധത്തെ തുടർന്ന് തകർന്ന കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ ജേക്കബ് ചെറിയാൻ്റെ നേതൃത്വത്തിൽ കടാശ്വാസ കമ്മീഷനെ നിയോഗിച്ചു.
ട്രാവൻകൂർ സിമൻ്റ്സ് തുടങ്ങിയ സർക്കാര് കമ്പനികളുടെ ഡയറക്ടറാക്കി.
ഉറ്റസുഹൃത്തായിരുന്ന എം സി ടി എം ചിദംബരം ചെട്ടിയാരുടെ ആവശ്യപ്രകാരം പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് തുടങ്ങിയ വൻ വ്യവസായങ്ങളിലും ഡയറക്ടറായി പ്രവർത്തിച്ചു .
പാലാ ഏറ്റുമാനൂർ റോഡിൻ്റെ നിർമ്മാണത്തിന് ജേക്കബ് ചെറിയാൻ്റെ നേതൃത്വം നിർണായകമായിരുന്നു.
ചങ്ങനാശ്ശേരി രൂപത വിഭജിച്ച്
പാലാ രൂപത സ്ഥാപിക്കാൻ ബാങ്കും ജേക്കബ് ചെറിയാനും നിർണായകപങ്കാണ് വഹിച്ചത്. കേരളത്തിലെ പ്രമുഖരായ സമുദായ അംഗങ്ങളെ ചേർത്ത് കേരളാ കാത്തലിക്ക് ട്രസ്റ്റ് സ്ഥാപിച്ചതും അദ്ദേഹം തന്നെ.
മാർപാപ്പയുമായി മലങ്കര സഭക്കുവേണ്ടി പുനരൈക്യ ചർച്ച നടത്തുന്നതിനായി മാർ ഇവാനിയോസ് മെത്രാപ്പോലീത്താ റോമിലേക്ക് കൂടെ കൂട്ടിയത് ജേക്കബ് ചെറിയാനെയാണ്.
നാട്ടുനടപ്പിന് വിപരീതമായി
പെൺമക്കളെ മദ്രാസ്, ബാംഗളൂർ തുടങ്ങിയ പട്ടണങ്ങളിലയച്ച് പഠിപ്പിക്കാൻ അദ്ദേഹം തയാറായി.
കാലത്തിന് മുൻപേ സഞ്ചരിച്ച ആ മഹാൻ്റെ ഓർമ്മകൾ ഇന്നും പിൻതലമുറകൾക്ക് പ്രചോദനമായി തുടരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *