#ഓർമ്മ
മസനോബു ഫുകുവോക്ക.
വിശ്വപ്രസിദ്ധ കർഷകനും ദാർശനികനുമായ മസനോബു ഫുകുവോക്കയുടെ ( 1913-2008) ചരമവാർഷിക ദിനമാണ്
ഓഗസ്റ്റ് 16.
ജപ്പാനിലെ ഷിക്കൊക്കു ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച ഫുകുവോക്ക പഠിച്ചത് പ്ലാൻ്റ് പാത്തോളജിയാണെങ്കിലും ജോലികിട്ടിയത് യൊക്കോഹോമയിൽ കസ്റ്റംസ് ഇൻസ്പെക്ടർ ആയിട്ടാണ്.
25 വയസ്സിൽ കടുത്ത ന്യുമോണിയയും ടൈഫോയിഡും പിടിപെട്ട് മരണത്തിൻ്റെ വക്കിലെത്തിയത് ആ യുവാവിൻ്റെ ജീവിതം മാറ്റിമറിച്ചു. പ്രകൃതിയുമായി അകന്നതാണ് തന്നെ രോഗിയാക്കിയത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ജോലി രാജിവെച്ച് തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങിയ ഫുകുവോക്ക, പിന്നീടുള്ള 65 വർഷങ്ങൾ സ്വാഭാവിക കൃഷിരീതികൾ പഠിക്കാനും പരീക്ഷിക്കാനുമായാണ് ചെലവഴിച്ചത്. ആയിരക്കണക്കിന് വർഷങ്ങളായി കർഷകർ പിന്തുടർന്ന് പോന്ന പാടങ്ങളിൽ വെള്ളം നിർത്തുന്ന രീതി അദ്ദേഹം ഉപേക്ഷിച്ചു. ഭൂമി കിളച്ചുമറിക്കാതെ വെറുതെ കൃഷി ചെയ്തു. കളനാശിനികൾ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചു. സ്വാഭാവികവളങ്ങൾ മാത്രം ഉപയോഗിച്ചു. തുടക്കത്തിൽ വിളവ് കുറഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തിൻ്റെ കൃഷിരീതികൾ വൻ വിജയമായി മാറി. മനുഷ്യൻ ഇടപെടാതിരുന്നാൽ പ്രകൃതി തന്നെത്താൻ കൃഷി ചെയ്തുകൊള്ളും എന്നാണ് അദ്ദേഹം പറഞ്ഞത്.
1975 ൽ പ്രസിദ്ധീകരിച്ച ഒറ്റ വൈക്കോൽ വിപ്ലവം ( The One Straw Revolution) എന്ന പുസ്തകമാണ് ഫുകുവോക്കക്കും അദ്ദേഹത്തിൻ്റെ കൃഷിരീതികൾക്കും വിശ്വപ്രസിദ്ധി നേടിക്കൊടുത്തത്. മലയാളം ഉൾപ്പെടെ 25ലധികം ഭാഷകളിലേക്ക് ഈ ആധികാരിക ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് . അനേകം ലോകരാജ്യങ്ങൾ സന്ദർശിച്ച ഫുകുവോക്ക കൃഷി സംബന്ധമായ വേറെയും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
1988ൽ ഏഷ്യയുടെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഗ്സാസെ പ്രൈസ് ഈ മഹാനായ ദാർശനികനെ തേടിയെത്തി.
– ജോയ് കള്ളിവയലിൽ
Posted inUncategorized