#ഓർമ്മ
സി അച്യുതമേനോൻ.
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന ഖ്യാതി ഇന്നും നിലനിർത്തുന്ന സി അച്യുതമേനോൻ്റെ (1913-1997) ഓർമ്മദിവസമാണ്
ഓഗസ്റ്റ് 16.
തൃശൂർ പുതുക്കാട് ജനിച്ച ചേലാട്ട് അച്യുതമേനോൻ കൊച്ചി രാജ്യത്തെ സ്കൂൾ ഫൈനൽ പരീക്ഷയിലെ ഒന്നാമനായിരുന്നു. തൃശൂർ സെൻ്റ് തോമസ് കോളേജിലെ ഇൻ്റർമീഡിയറ്റ് പഠനത്തിനുശേഷം ട്രിച്ചി സെൻ്റ് ജോസഫ്സ് കോളേജിൽ നിന്ന് ഗോൾഡ് മെഡലോടെ ബിരുദമെടുത്തു.
തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം കൊച്ചിരാജ്യ പ്രജാമണ്ഡലത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1941ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1952ൽ തിരു-കൊച്ചി എം എൽ എ യായി. 1953ൽ എം എൻ ഗോവിന്ദൻ നായരുടെ പിൻഗാമിയായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുഃ കൊച്ചി സംസ്ഥാന സെക്രട്ടറിയായി. 1956ൽ തിരുഃ കൊച്ചി, മലബാർ ഘടകങ്ങൾ യോജിപ്പിച്ച് കേരള സംസ്ഥാന പാർട്ടി സെക്രട്ടറിയായി. സ്ഥാനമൊഴിഞ്ഞു നിയമസഭയിലേക്ക് മത്സരിച്ച് 1957ലെ പ്രഥമ കേരള മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി.
1962ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ അച്യുതമേനോൻ പാർട്ടി പിളർന്നപ്പോൾ സി പി ഐ യിൽ തുടർന്നു. 1968ൽ രാജ്യസഭ എം പിയായ മേനോൻ ഈ എം എസിൻ്റെ ഐക്യമുന്നണിയുടെ തകർച്ചക്ക് ശേഷം കോൺഗ്രസ് പിന്തുണയോടെ
1969ൽ കേരള മുഖ്യമന്ത്രിയായി. 1970ൽ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടിയ മുന്നണി അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കി. അടിയന്തിരാവസ്ഥ മൂലം 1977 വരെ തുടർന്ന അച്യുതമേനോൻ മന്ത്രിസഭ കേരളത്തിൽ സമൂലപരിവർത്തനം കൊണ്ടുവരാൻ ഉതകുന്ന അനേകം സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു.
ശ്രീ ചിത്രാ സെൻ്റർ, സെൻ്റർ ഫോർ ഡെവലപ്പ്മെൻ്റ് സ്റ്റഡീസ്, C-DAC, CWRDM, KFRI, CESS, മുതലായവ കൂടാതെ കെൽട്രോൺ, കൊച്ചിൻ യൂണിവേഴ്സിറ്റി, തുടങ്ങി അനേകം സ്ഥാപനങ്ങളുടെ തുടക്കം അക്കാലത്താണ്.
തിളക്കമാർന്ന പൊതുജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ഒന്നായി അടിയന്തിരാവസ്ക്കാലത്ത് ആഭ്യന്തരമന്ത്രി കരുണാകരന് കടിഞ്ഞാടിടാൻ കഴിയാതെ പോയത്. രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ തന്നെ കുപ്രസിദ്ധമായ രാജൻ സംഭവം കാരണമായി എന്ന് വേണം കരുതാൻ.
ഒന്നാന്തരം എഴുത്തുകാരൻ കൂടിയായിരുന്നു അച്യുതമേനോൻ.
16 വാല്യങ്ങളായി ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച അച്യുതമേനോൻ്റെ കൃതികൾ വിശദമായ പഠനങ്ങൾ അർഹിക്കുന്നു.
– ജോയ് കള്ളിവയലിൽ.






