#ഓർമ്മ
പുനലൂർ രാജൻ.
പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ്റെ ( 1939-2020) ഓർമ്മദിനമാണ്
ആഗസ്റ്റ് 15.
കാലം രേഖപ്പെടുത്തിയ ഓർമ്മകളാണ് ഫോട്ടോകൾ എന്നാണ്
വിശേഷിപ്പിക്കപ്പെടുന്നത്.
ഒരു തലമുറയുടെ കേരളത്തിൻ്റെ സാംസ്കാരിക, രാഷ്ട്രീയ, ചരിത്രങ്ങൾ ഫോട്ടോകളിൽ രേഖപ്പെടുത്തിയ പ്രതിഭയാണ് പുനലൂർ രാജൻ.
ശൂരനാട് ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച രാജൻ കമ്യൂണിസ്റ്റ് ആയത് സ്വാഭാവികം. പാർട്ടിയാണ് ഫോട്ടോഗ്രഫി പഠിക്കാൻ മോസ്കോയിൽ അയച്ചത്. 1963ൽ തിരിച്ചുവന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോട്ടോഗ്രാഫറായി. പിൽക്കാലത്ത് സിനിമയിലേക്ക് ക്ഷണം കിട്ടിയതൊന്നും രാജനെ ആകർഷിച്ചില്ല.
ബഷീറിനെ പരിചയപ്പെട്ടത് നിമിത്തമായി. ബഷീർ വഴി കേരളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരെയും പരിചയപ്പെടാനും ഫോട്ടോയിൽ പകർത്താനും കഴിഞ്ഞു . ബഷീറിനെ എഴുത്തിലൂടെ മാത്രമല്ല രാജൻ്റെ ഫോട്ടോകളിൽ കൂടിയാണ് മലയാളി അറിഞ്ഞത്. മാനസികവിഭ്രാന്തിയിൽ കയ്യിൽ കത്തിയുമായി നിൽക്കുന്ന ബഷീർ പറഞ്ഞ ഒരു വാചകം ചരിത്രത്തിൽ ഇടം പിടിച്ചു. “അവൻ ചിലപ്പോൾ പുനലൂർ രാജൻ്റെ രൂപത്തിലും വരും”.
ദൈവം കാമറയുമായി ഭൂമിയിലേക്ക് അയച്ച ചാരനാണ് പുനലൂർ രാജൻ, എന്നാണ് എം ടി എഴുതിയത്.
രാജൻ്റെ രചനകളാണ്, ബഷീർ – ഛായയും ഓർമ്മയും, എം ടിയുടെ കാലം തുടങ്ങിയവ.
– ജോയ് കള്ളിവയലിൽ.








