#ഓർമ്മ
കലാമണ്ഡലം കൃഷ്ണൻ നായർ
കലാമണ്ഡലം കൃഷ്ണൻനായരുടെ (1914-1990) ഓർമ്മദിവസമാണ് ഓഗസ്റ്റ് 15.
കഥകളിയിലെ ഈ ചക്രവർത്തിയെ വെല്ലാൻ വേറൊരു നടൻ ഉണ്ടാവാനിടയില്ല. പച്ച, കത്തി, സ്ത്രീ, മിനുക്കു വേഷങ്ങളിലെല്ലാം മിന്നിത്തിളങ്ങിയ ഈ അതുല്യകലാകാരന്റെ മുഖത്ത് നവരസങ്ങളും അനായാസം പ്രകടമായിരുന്നു.
കഥകളിക്കും കലാമണ്ഡലത്തിനും, ആഗോളപ്രശസ്തിയും പ്രചാരവും നേടിക്കൊടുത്ത കൃഷ്ണൻ നായർ ജനിച്ചത്, വടക്കേ മലബാറിൽ ചിറക്കൽ താലൂക്കിലാണ്. കടുത്ത ദാരിദ്ര്യമാണ് ആ കുട്ടിയെ വാരണക്കാട്ടുമനയിൽ കഥകളി പഠിക്കാൻ എത്തിച്ചത്. ഗുരു ചന്തുപ്പണിക്കർ ആയിരുന്നു ആദ്യ ഗുരു.
കലാമണ്ഡലം തുടങ്ങിയപ്പോൾ വള്ളത്തോൾ അങ്ങോട്ട് ക്ഷണിച്ചു കൊണ്ടുപോയി. കവളപ്പാറ നാരായണൻനായർ, ഗുരു കുഞ്ചുകുറുപ്പ് എന്നിവരായിരുന്നു അധ്യാപകർ. പിന്നീട് പട്ടിക്കാംതൊടി രാവുണ്ണി മേനോനായി ഗുരു. സാഹിത്യം പഠിപ്പിക്കാൻ കുട്ടികൃഷ്ണമാരാരും. മാണി മാധവചാക്യാരുടെ കീഴിൽ നേത്രസാധകവും പഠിച്ചു.
1940ൽ, കലാമണ്ഡലത്തിൽത്തന്നെ പഠിച്ചിരുന്ന വിശ്രുത മോഹിനിയാട്ടം നർത്തകി കല്യാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു.
കലാമണ്ഡലം വിട്ടശേഷം മയ്യഴി, ആലുവ എന്നിവടങ്ങിലെ കലാസപര്യക്കു ശേഷം 1958ൽ തൃപ്പൂണിത്തുറ ആർ എൽ വി സ്‌കൂളിൽ കഥകളി അധ്യാപകനായി 1969വരെ തുടർന്നു. അവസാനകാലം തിരുവനന്തപുരം മാർഗിയിൽ.
മലയാളത്തിൽ ഞാൻ വായിച്ച ആത്മകഥകളിൽ ഏറ്റവും മനോഹരമാണ് കൃഷ്ണൻനായരുടേത്. ഒന്നും മറച്ചുവെക്കാതെ, തികഞ്ഞ ആത്മാർത്ഥതയോടെ, ആ മഹാൻ തന്റെ ജീവിതം വിവരിക്കുന്നു. ചന്ദുപ്പണിക്കരെ ഗുരുനാഥൻ എന്നല്ലാതെ ഒരിക്കലും അദ്ദേഹം പേരെടുത്ത് പരാമർശിക്കുകയില്ല.
അതുപോലെ വാരണക്കാട്ടു മന മുതൽ എം കെ കെ നായർ വരെ, തനിക്ക് ഉപകാരികളായിട്ടുള്ള എല്ലാവരെയും എത്ര നന്ദിയോടെയാണ് ആ വിശ്രുത കലാകാരൻ ഓർക്കുന്നത് എന്ന് പുസ്തകം വായിച്ചാൽ മനസിലാകും.
മദ്യപാനശീലത്തിൽ നിന്ന് താൻ എങ്ങനെയാണ് രക്ഷപെട്ടത് എന്ന അധ്യായം എല്ലാ കലാകാരൻമാർക്കും പാഠമാവേണ്ടതാണ്.
– ജോയ് കള്ളിവയലിൽ
Posted inUncategorized