തച്ചിൽ മാത്തൂ തരകൻ

#കേരളചരിത്രം
#ഓർമ്മ

തച്ചിൽ മാത്തു തരകൻ.

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭാഗദേയം നിര്ണയിച്ചവരിൽ പ്രമുഖനാണ് തച്ചിൽ മാത്തൂ തരകൻ
( 1741- 1814) എന്ന വർത്തകപ്രമാണി.
വടക്കൻ പറവൂരിൽ ആലങ്ങാടിനടുത്ത് കുത്തിയതോട്ടിൽ തച്ചിൽ തരിയതിന്റെ മകൻ, ചെറുപ്പത്തിൽതന്നെ അച്ഛൻ കൊല്ലപ്പെട്ടതുമൂലം അമ്മവീട്ടിലാണ് വളർന്നത്.
പിതാവിന്റെ സുഹൃത്തായ ആലപ്പുഴയിലെ പ്രമുഖ വ്യാപാരി രംഗനാഥ ഷേണായിയുടെ സഹായിയായത് ജീവിതത്തിൽ വഴിത്തിരിവായി.
വ്യാപാരത്തിലുള്ള അതുല്യമായ കഴിവുകൊണ്ട് മാത്തു സ്വന്തംനിലയിൽ വലിയ വ്യാപാരിയായി വളർന്നു.
അച്ചൻകോവിൽ മലകളിൽനിന്ന് തേക്ക് തടി വെട്ടാനുള്ള കരാർ നേടിയ അദ്ദേഹം കണക്കറ്റ ലാഭം സമ്പാദിച്ചു.
ആലപ്പുഴ തത്തംപള്ളിയിൽ സ്ഥിരതാമസമാക്കിയ തച്ചിൽ മാത്തൂ, രാജാ കേശവദാസനോടൊപ്പം നിന്ന് ആലപ്പുഴ തുറമുഖത്തെ കൊച്ചിയോട് കിടപിടിക്കുന്ന കയറ്റുമതികേന്ദ്രമാക്കി വളർത്തി.
ദിവാനായ കേശവദാസന്റെ സഹായത്തോടെ ധർമ്മരാജാവ് എന്ന് അറിയപ്പെടുന്ന കാർത്തികതിരുനാൾ രാമവർമ്മ രാജാവിന്റെ ഇഷ്ടം സമ്പാദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാത്തൂ, തച്ചിൽ മാത്തൂ തരകനായി. തടിക്കു പുറമെ കുരുമുളക്, ഏലം, ചുക്ക്, പുകയില, ഉപ്പ് എന്നിവയുടെ കുത്തകക്കാരനായി.
വിദേശരാജ്യങ്ങളുമായി കയറ്റുമതികരാറിൽ ഏർപ്പെട്ട തരകൻ സ്വന്തമായി രണ്ടു കപ്പലുകളുടെ ഉടമയായി.
ധർമ്മരാജാവിന്റെ പിൻഗാമിയായി 1798 ഫെബ്രുവരി 18ന് വെറും 16വയസ്സ് പ്രായമുള്ള ബാലരാമവർമ്മ രാജാവായി.
കൊട്ടാരത്തിൽ ഭക്ഷണത്തിനു ക്ഷണിക്കപ്പെട്ട കേശവദാസൻ, 1799ൽ അവിടെവെച്ച് മരണപ്പെട്ടു. വിഷംകൊടുത്തു കൊന്നു എന്നാണ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി അന്വേഷണത്തിനു നിയോഗിച്ച ഡോക്ടർ സെയ്റ്റർ കണ്ടെത്തിയത്.
ടിപ്പുവിന്റെ പടയോട്ടകാലത്ത് തിരുവിതാംകൂറിലേക്കു കടന്ന സാമൂതിരിയുടെ കൂടെ വന്ന ഉതിയേരി ജയന്തൻ ശങ്കരൻ നമ്പൂതിരി, രാജാവിന്റെ ഏറ്റവും വലിയ വിശ്വസ്തനായി മാറി. കൂട്ടത്തിൽ വ്യാപാരികളായ ശങ്കരനാരായണൻ ചെട്ടിയും, മാത്തൂ തരകനും.
ജയന്തൻ നമ്പൂതിരി ദളവയായപ്പോൾ , ചെട്ടി വലിയ മേലെഴുത്ത് (ധനകാര്യ മന്ത്രി ) പിള്ളയായി. തരകൻ മുളക് മടിശീല കാര്യക്കാരൻ ( വാണിജ്യമന്ത്രി ) ആയും നിയമിക്കപ്പെട്ടു.
തരകന്റെ കഷ്ടകാലം ആരംഭിച്ചത് തലക്കുളത്ത് വേലുത്തമ്പി ദളവയായതോടെയാണ്.
തിരുവിതാംകൂർ സർക്കാർ തരകനോട് കടം വാങ്ങിയിരുന്ന 14ലക്ഷം രൂപ തിരിച്ചുകൊടുക്കാൻ ദളവ തയാറായില്ല.
തർക്കം മൂത്തപ്പോൾ റെഡിഡന്റ് മെക്കാളെ മധ്യസ്ഥനായി. 85000 രൂപ കിട്ടാനേ തരകന് അവകാശമുള്ളു എന്നായിരുന്നു തീർപ്പ്.
അതു വാങ്ങാൻ കൊല്ലത്തു ചെല്ലാൻ വേലുത്തമ്പി ആവശ്യപ്പെട്ടു. തമ്പിയെ വിശ്വാസമില്ലാതിരുന്ന തരകൻ, കൊച്ചുമകൻ കൊച്ചുമാത്തുവിനെയാണ് അയച്ചത്.
26000 രൂപ കൊടുത്ത ദളവ, 85000 രൂപക്കും രസീത് ഒപ്പിട്ടുനൽകാൻ നിർബന്ധിച്ചു. വിസമ്മതിച്ച കൊച്ചുമാത്തുവിനെ വേലുത്തമ്പി തടവിൽ വെച്ചു. തരകനെയും തടവിലാക്കി, ഇരുചെവികളും മുറിച്ചുകളഞ്ഞു. 2 ലക്ഷം രൂപ പിഴയുമിട്ടു.
ഗത്യന്തരമില്ലാതെ തന്റെ ചരക്കുകളും കപ്പലുകളും വിറ്റു തരകൻ പിഴയടച്ചു.
ബ്രിട്ടീഷുകാർ ഇടപെട്ടതോടെ രാജാവ് തരകനെ മോചിപ്പിക്കാൻ ഉത്തരവായി. നഷ്ടപരിഹാരമായി രണ്ടു സ്വർണ്ണച്ചെവികൾ പണിതു സമ്മാനിക്കുകയും ചെയ്തു.
1805 മാർച്ചിൽ തരകൻ ജയിൽമോചിതനായി.
പകയടങ്ങാതെ ദളവ, ഒരു കപ്പലിന്റെ കപ്പിത്താന് 23500 രൂപ കൊടുക്കാനുണ്ട് എന്നുപറഞ്ഞു തരകനെ വീണ്ടും തുറുങ്കിലടച്ചു.
പിഴയടച്ചു പുറത്തുവന്ന തരകനെ എതിരേറ്റത് തകർന്നടിഞ്ഞ ബിസിനസ്‌ സാമ്രാജ്യമാണ്.
കേരളത്തിലെ സുറിയാനി കത്തോലിക്കർ അവരുടെ ഏറ്റവും വലിയ അൽമായനേതാവായാണ് ഇന്ന് തരകനെ വണങ്ങുന്നത്.
വിദേശമെത്രാൻമാരുടെ ഭരണത്തിൽ പൊറുതിമുട്ടിയ മാർതോമാ ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തങ്ങളുടെ ഇടയിൽനിന്ന് ഒരു മെത്രാൻ ഉണ്ടാവുക എന്നത്.
അതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആലങ്ങാട്ട് ചേർന്ന പളളിപ്രതിപുരുഷ യോഗത്തിന് നേതൃത്വം കൊടുത്തത് നാട്ടുകാരനായ തച്ചിൽ മാത്തുതരകനാണ് എന്ന് കരുതപ്പെടുന്നു. കണക്കറ്റ പണം ചെലവ് ചെയ്ത് ജോസഫ് കാരിയാറ്റി, തോമസ് പാറേമ്മാക്കൽ, എന്ന രണ്ടു വൈദികരെ റോമ മാർപാപ്പയുടെ അടുത്തേക്ക് അയക്കാൻ തരകൻ മുൻകൈയെടുത്തു .
ഇന്ത്യ പോർട്ടുഗീസ് അധീനതയിലായിരുന്നതുകൊണ്ട് മാർപാപ്പ അവരെ ലിസ്ബണിലേക്ക് അയച്ചു. അവിടെവെച്ചു മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റി, മടക്കയാത്രയിൽ ഗോവയിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു. പാറേമ്മാക്കൽ തോമാ കത്തനാർ ഗോവർണാദോറായി നിയമിതനായി.
തുടർന്ന് മാത്തു തരകൻ മുഴുവൻ സുറിയാനി പള്ളികളുടെയും ഒരു യോഗം 1787 ഫെബ്രുവരി 1ന് അങ്കമാലിയിൽ വിളിച്ചുകൂട്ടാൻ നേതൃത്വം കൊടുത്തു. അങ്കമാലി പാടിയോല എന്നറിയപ്പെടുന്ന അവകാശപത്രം പാസാക്കി തങ്ങൾ തദ്ദേശമെത്രാൻമാരെ മാത്രമേ അനുസരിക്കൂ എന്നു പ്രഖ്യാപിച്ചു.
കൂനൻകുരിശു സത്യം മുതൽ വിഘടിച്ചുനിന്ന പുത്തൻകൂറ്റുകാരുമായി യോജിപ്പിലെത്താൻ തരകൻ നടത്തിയ ശ്രമങ്ങൾ പക്ഷേ, വിവിധ സാഹചര്യങ്ങൾകൊണ്ടു നടക്കാതെപോയി.
തിരുവിതാംകൂറിൽ അങ്ങോളമിങ്ങോളം പള്ളികൾ പണിയാൻ തച്ചിൽ മാത്തൂതരകൻ കൈയയച്ചു സഹായം ചെയ്തിട്ടുണ്ട്.
72 വയസ്സിൽ തിരുവനന്തപുരത്ത് വെച്ച് മരണമടയുമ്പോൾ പക്ഷേ, ഈ സമുദായസ്നേഹി തീർത്തും നിസ്വനായിരുന്നു എന്നതാണ് ചരിത്രത്തിന്റെ ഒരു വൈചിത്രം.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:

മാത്തു തരകൻ്റെ ആലപ്പുഴയിലെ കൊട്ടാരസദൃശ്യമായ വീടിൻ്റെ ചെമ്പുകൊണ്ടുള്ള അറ പിൽക്കാലത്ത് പാറായി തരകൻമാർ വാങ്ങി അവരുടെ തറവാടിൻ്റെ ഭാഗമായി ഇന്നും നിലനിർത്തിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *