#ഓർമ്മ
കെ സി സെബാസ്റ്റ്യൻ.
പാലായുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഒരേടാണ് അരനൂറ്റാണ്ട് മുൻപ് അന്തരിച്ച കെ സി സെബാസ്റ്റ്യൻ സാറിൻ്റെ ജീവിതം.
ഒരു നൂറ്റാണ്ടിന് മുൻപ് സമർത്ഥരായ രണ്ടു വിദ്യാർഥികളെ തെരഞ്ഞെടുത്തു ത്രിശിനാപ്പള്ളി സെൻറ് ജോസഫ്സ് കോളേജിൽ അയച്ചു പഠിപ്പിച്ചത് പാലായിലെ നാട്ടുകാരാണ്.
തിരിച്ചെത്തിയ രണ്ടുപേരെയും തിരുവിതാംകൂറിലെ തന്നെ പ്രശസ്ത വിദ്യാലയമായ പാലാ സെൻ്റ് തോമസ് സ്കൂളിൽ അധ്യാപകരായി നിയമിച്ചു. കെ സി സെബാസ്റ്റ്യൻ സാറിനാണ് ഹെഡ്മാസ്റ്റർ പദവി ലഭിച്ചത്. നീണ്ട 36 വര്ഷം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ആയിരക്കണക്കിന് യുവാക്കളുടെ ഭാവി ശോഭനമാക്കുന്നതിന് ആ മഹാഗുരു കാരണമായി. പാലായുടെ ഈ അഭിമാനപുത്രൻ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ പദവി അലങ്കരിച്ചത് സ്വാഭാവികം.
മുൻതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും തനിക്ക് ലഭിക്കുമായിരുന്ന നിയമസഭാ സ്ഥാനാർഥിത്വം വേണ്ടെന്ന് വെച്ച് പുതിയ പാർട്ടിയായ കേരളാ കോൺഗ്രസിനെ പിന്തുണച്ചു. കെ എം മാണിയെ 1965ലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ പാലായിലെ മെത്രാൻ ഉൾപ്പെടെയുളള പ്രമുഖരെല്ലാം പിന്തുണ നൽകിയത് കോൺഗ്രസിനാണ്. പക്ഷെ ഉറച്ച പിന്തുണ നൽകിയ നഗരത്തിലെ പ്രമുഖൻ സെബാസ്റ്റ്യൻ സാറാണ്.
എനിക്ക് സാറുമായി അടുത്ത കുടുംബബന്ധമാണ് ഉള്ളത്. സാറിൻ്റെ സീമന്തപുത്രൻ അമേരിക്കയിൽ പ്രൊഫസർ ആയിരുന്ന ഡോക്ടർ കെ എസ് ചെറിയാൻ എന്ന തങ്കച്ചൻ ചേട്ടൻ വിവാഹം ചെയ്തത് എൻ്റെ പിതാവിൻ്റെ ജ്യേഷ്ഠൻ്റെ മകൾ തങ്കമ്മയെയാണ്. കുട്ടിയായ എന്നെ വിസ്മയിപ്പിച്ച ഒരു കാര്യം വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ അവിടെ നടത്തിയ ഗാനമേളയാണ്. ഒരു ക്രിസ്ത്യൻ വിവാഹത്തിൽ അത്തരം ഒരു കാഴ്ച ആദ്യമാണ് കാണുന്നത്.
എൻ്റെ കുടുംബവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ദീർഘകാലബന്ധം അടുത്ത കാലത്താണ് അറിഞ്ഞത്. എൻ്റെ കള്ളിവയലിൽ, ഉറ്റ ബന്ധുക്കളായ കുരുവിനാക്കുന്നേൽ, കുടുംബങ്ങൾ ചേർന്ന് ഒരു നൂറ്റാണ്ട് മുൻപ് എസ്റ്റീം ബാങ്ക് എന്ന പേരിൽ ഒരു സ്വകാര്യ ബാങ്ക് തുടങ്ങിയപ്പോൾ പണംമുടക്ക് ഇല്ലെങ്കിലും അഭ്യസ്തവിദ്യനും സമാദരണീയനുമായ സെബാസ്റ്റ്യൻ സാറിനെയാണ് നിർബന്ധിച്ച് അതിൻ്റെ ചെയർമാൻ പദവിയിൽ ഇരുത്തിയത്. ലോകമഹായുദ്ധം ഉണ്ടാക്കിയ കെടുതികളിൽപ്പെട്ട് ബാങ്ക് ഇല്ലാതായി എന്നതും ചരിത്രം.
സാറും,മകൻ തങ്കച്ചനും ഇന്നില്ലെങ്കിലും ഓർമ്മകൾ മരിക്കുന്നില്ല.
– ജോയ് കള്ളിവയലിൽ.

