#ഓർമ്മ
ഇരാവതി കാർവെ.
ഇന്ത്യയിലെ ആദ്യത്തെ നരവംശശാസ്ത്രഞ്ഞയും സാമൂഹ്യശാസ്ത്രജ്ഞയുമായ ഇരാവതി കാർവെയുടെ (1905-1970) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 11.
ബ്രിട്ടീഷ് ഇന്ത്യയിൽ ബർമ്മയിലാണ് ജനനം. എൻജിനീയറായിരുന്ന അച്ഛൻ ജി എച്ച് കർമാർക്കർ ബർമ്മയിലെ പ്രധാന നദിയായ ഇരാവതിയുടെ പേരാണ് മകൾക്ക് നൽകിയത്.
പൂനാ ഫെർഗൂസൻ കോളേജിൽ നിന്ന് ബിരുദം നേടിയശേഷം1928ൽ ബോംബെ യൂനിവേഴ്സിറ്റിയിൽ പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞൻ ജി എസ് ഖുര്യെയുടെ കീഴിൽ പഠിച്ച് സോഷ്യോളജിയിൽ എം എ പാസായി.
ബോംബെയിലെ എസ് എൻ ഡി ടി വിമൻസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ മഹർഷി ഡി കെ കാർവേയുടെ മകൻ ദിനകരനെ വിവാഹം ചെയ്തു. 2930ൽ ബെർലിൻ യൂനിവേഴ്സിറ്റിയിൽ നിന്ന് അന്ത്രോപോളജിയിൽ പി എച്ച് ഡി നേടിയശേഷം പൂന യൂനിവേഴ്സിറ്റിയിൽ സോഷ്യോളജി വകുപ്പ് സ്ഥാപകയായി.
നിരന്തരം ഗവേഷണം നടത്തുകയും ഇംഗ്ലീഷിലും മറാത്തിയിലും എഴുതുകയും ചെയ്ത ഇരാവതി, അന്താരാഷ്ട്ര പ്രശസ്തി നേടിയത് Kinship Studies എന്ന പുസ്തകത്തോടെയാണ്. പാശ്ചാത്യ രീതിസങ്കേതങ്ങൾ ഉപയോഗിച്ച് നടത്തുന്ന പഠനരീതിക്ക് പകരം ഇൻഡോളജി ( ഇന്ത്യയുടെ ചരിത്രവും , സംസ്കാരവും, പൈതൃകവും, പാരമ്പര്യവും ഉപയോഗിച്ചുള്ള പഠനങ്ങൾ) പ്രകാരമുള്ള പഠനങ്ങളാണ് അവർ നടത്തിയത്.
മഹാഭാരതം എന്ന ഇതിഹാസകഥയെ ആസ്പദമാക്കി അവർ രചിച്ച യുഗാന്ത ( യുഗത്തിൻ്റെ അന്ത്യം) എന്ന കൃതിയാണ് ഇരാവതി കാർവേക്ക് നിതാന്തയശസ്സ് നേടിക്കൊടുത്തത്. ദൈവികപരിവേഷം മാറ്റിനിർത്തി കഥാപാത്രങ്ങളെ മനുഷ്യരായി കണ്ട്, മാനുഷികമായ എല്ലാ ശക്തിദൗർബല്യങ്ങളും ഉള്ളവരായുള്ള അവരുടെ പഠനങ്ങൾ അന്നുവരെ കാണാത്ത ഒരു പുതിയ പാത വെട്ടിത്തെളിക്കുകയായിരുന്നു. മഹാഭാരതം മനുഷ്യൻ്റെ ആത്യന്തികമായ ദുരന്തകഥയാണ് അവർക്ക്. ഭീഷ്മർ, ഗാന്ധാരി, കുന്തി, ദ്രൗപദി തുടങ്ങിയ കഥാപാത്രങ്ങൾക്ക് അവർ രചിച്ച ഭാഷ്യം പിന്നീട് വന്ന എം ടിയുടെ നോവലുൾപ്പെടെ പുരാണകഥകളെ ആസ്പദമാക്കി ഇന്ത്യൻ ഭാഷകളിലുണ്ടായ മിക്ക നോവലുകളെയും സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീകളുടെ ജീവിതം അവർ സ്വയം തെരഞ്ഞെടുക്കുന്നതല്ല, പുരുഷന്മാർ സ്ത്രീകൾക്ക് നിശ്ചയിച്ചു കൊടുക്കുന്നതാണ് എന്ന് അവർ വിശദീകരിക്കുന്നു.
യുഗാന്ത 1968ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയപ്പോൾ ആ പുരസ്കാരം നേടിയ ആദ്യത്തെ മറാത്തി എഴുത്തുകാരി എന്ന ബഹുമതിക്കാണ് ഇരാവതി കാർവെ അർഹയായത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized