#ഓർമ്മ
പൗലോസ് മാർ ഗ്രിഗോറിയോസ്.
സുപ്രസിദ്ധ ദാർശനികനും ദൈവശാസ്ത്ര പണ്ഡിതനുമായ പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ (1922- 1996) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 9.
തൃപ്പൂണിത്തുറയിൽ ജനിച്ച പോൾ വർഗീസ്, പി ആൻ്റ് ടിയിലുൾപ്പെടെ പല ജോലികൾ ചെയ്തിട്ടാണ് അധ്യാപകനാകാൻ എത്യോപ്യയിലേക്ക് പോയത്. ആ യുവാവിൻ്റെ അസാധാരണ ബുദ്ധിസാമർഥ്യം നേരിട്ടു മനസ്സിലാക്കിയ ഹെയ്ലി സലാസി ചക്രവർത്തി അദ്ദേഹത്തെ ഉപരിപഠനം നടത്താൻ അമേരിക്കയിലയച്ചു .
1954ൽ ഇന്ത്യയിൽ തിരിച്ചെത്തി ആലുവ യു സി കോളേജിൽ അധ്യാപകനായി. അടുത്തവർഷം കോട്ടയം ഓർത്തോഡോക്സ് സെമിനാരിയിൽ പ്രൊഫസറായി നിയമിതനായി .
1956ൽ കേരളം സന്ദർശിച്ച ഹെയ്ലി സലാസി ചക്രവർത്തിയുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും 3 വര്ഷം എത്യോപ്യയിൽ അഡ്വസറായി ജോലിചെയ്തു.
1961ൽ വൈദികനായ ഫാദർ പോൾ വർഗീസ്, കൽക്കത്തയിലെ സെറാമ്പൂർ കോളേജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
1975ൽ പൗലോസ് മാർ ഗ്രിഗോറിയോസ് എന്ന പേരിൽ ഓർത്തോഡോക്സ് സഭയുടെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ടു. മരണം വരെ ആ സ്ഥാനത്ത് തുടർന്നു.
ദാർശനികൻ എന്നനിലയിൽ പ്രശസ്തനായ അദ്ദേഹം വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ജനറൽ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. നിരവധി വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു . എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന തിരുമേനിയുടെ പുസ്തകങ്ങൾ – ഈ ലോകത്ത് മനുഷ്യൻ എന്ന ജീവിയുടെ സ്ഥാനം, പാശ്ചാത്യ നാഗരികതയുടെ പൊരായ്മകൾ, മതനിരപേക്ഷത ഉയർത്തുന്ന ചോദ്യങ്ങൾ, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം – തുടങ്ങിയ ദാർശനികവിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയാണ്.
ഇന്ത്യൻ ഫിലോസിഫിക്കൽ കോൺഗ്രസിൻ്റെ അധ്യക്ഷനായും ഈ പുരോഹിതശ്രേഷ്ഠൻ സേവനം ചെയ്തു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized