ക്വിറ്റ് ഇന്ത്യാ ദിനം

#ചരിത്രം
#ഓർമ്മ

ക്വിറ്റ് ഇന്ത്യാ ദിനം.

ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം അതിൻ്റെ നിർണ്ണായകഘട്ടത്തിലേക്ക് പ്രവേശിച്ച ദിവസമാണ് 1942 ആഗസ്റ്റ് 9.
രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ നാസി ജർമ്മനിയുടെ മുന്നിൽ പരാജയത്തിൻ്റെ വക്കിലെത്തിയ ബ്രിട്ടന് ഇന്ത്യയുടെ പിന്തുണ നിർണായകമായിരുന്നു. പക്ഷേ അതിനായി ഇന്ത്യയിലെത്തിയ സർ സ്റ്റാഫോഡ് ക്രിപ്പ്‌സ് പൂർണ സ്വാതന്ത്ര്യത്തിനു പകരം ഡൊമിനിയൻ പദവി വാഗ്ദാനം ചെയ്യാൻ മാത്രമേ കഴിയൂ എന്നറിയിച്ചു. ബോംബെയിൽ നടന്ന അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ഗാന്ധിജിയുടെ വചനങ്ങൾക്കായി കാതോർത്തു.
ബോംബെയിലെ ഗോളിയ ടാങ്ക് മൈതാനത്ത് ( ഇപ്പൊൾ ആഗസ്റ്റ് ക്രാന്തി മൈദാൻ) തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിനിർത്തി ഗാന്ധിജി പറഞ്ഞു: ഞാൻ നിങ്ങൾക്ക് ഒരു ചെറിയ മന്ത്രം തരാം. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”. ഒന്നുകിൽ നമ്മൾ സ്വാതന്ത്ര്യം നേടും അല്ലെങ്കിൽ മരിക്കും. പാരതന്ത്ര്യത്തിൽ കഴിയുന്ന ഒരു ഇന്ത്യയിൽ ഇനി ജീവിക്കാനാവില്ല.
ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ്ചെയ്തുകൊണ്ട് സമരം അടിച്ചമർത്താനാണ് ബ്രിട്ടീഷ് അധികാരികൾ ശ്രമിച്ചത്. സമരത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം വൻതോതിലുള്ള സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു. പൂനയിലെ ആഗാ ഖാൻ കൊട്ടാരത്തിലെ തടവറയിൽ ഗാന്ധിജിയുടെ മടിയിൽ തലവെച്ചാണ് കസ്തൂർബാ ഗാന്ധി ഇഹലോകവാസം വെടിഞ്ഞത് .

ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ 25ആം വാർഷികത്തിൽ ഡോക്ടർ റാം മനോഹർ ലോഹ്യ പറഞ്ഞത് അർഥവത്താണ്: ആഗസ്റ്റ് 15 വെറും ഔദ്യോഗികമായ ആഘോഷമാണ് . സ്വാതന്ത്ര്യം നേടുകതന്നെ ചെയ്യും എന്ന് ജനങ്ങൾ പ്രതിജ്ഞയെടുത്ത ദിവസമാണ് ഓഗസ്റ്റ് 9.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *