This Life at Play

#books
#literature

This Life at Play
( ഈ ജീവിതം എന്ന നാടകം).

ഹൃദയസ്പർശിയായ പുസ്തകമാണ് ഗിരീഷ് കർണാടിൻ്റെ (1938-2017) ഓർമ്മക്കുറിപ്പുകൾ . ആദ്യത്തെ 50 വർഷത്തെ ജീവിതമാണ് പുസ്ത്കത്തിൽ പറയുന്നത്. രണ്ടാംഭാഗം എഴുതുന്നതിന് മുൻപ് കർണാട് വിടവാങ്ങി.

കന്നടയിൽ എഴുതിയ പുസ്തകം ശ്രീനാഥ് പേരൂർ അതിമനോഹരമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു .
കർണാടകത്തിലെ സിർസിയിൽ വളർന്ന് ധർവാഡ് സർവകലാശാലയിൽ നിന്ന് ബിരുദവും, റോഡ്സ് സ്കോളർഷിപ്പും നേടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ച് തിരിച്ചെത്തി. ഓക്സ്ഫോർഡ് യൂണിയൻ്റെ പ്രസിഡൻ്റായ ചുരുക്കം ഭാരതീയരിൽ ഒരാളാണ് കർണാട്.
താൻ അച്ഛൻ്റെ രണ്ടാംവിവാഹത്തിൽ ഉണ്ടായ ആളാണ് എന്നതു മുതൽ എല്ലാം തുറന്നെഴുതി എന്നതാണ് പുസ്തകത്തിൻ്റെ സവിശേഷത.
വിദ്യാർഥിയായിരിക്കെ എഴുതിയ തുഗ്ലക്ക് എന്ന നാടകം, ഇന്ത്യൻ നാടകവേദിയിലെ ഒരു നാഴികക്കല്ലായി മാറി. ഹയവദന, യയാതി തുടങ്ങിയ നാടകങ്ങൾ രാജ്യത്തെ ഏറ്റവും മഹാന്മാരായ നാടകകൃത്തുക്കളുടെ ഒപ്പം കർണാടിൻ്റെ സ്ഥാനം ഉറപ്പിച്ചു.

യൂ ആർ അനന്തമൂർത്തിയുടെ സംസ്കാര എന്ന നോവലിന് തിരക്കഥയെഴുതി നായകകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കർണാട് സിനിമയിൽ രംഗപ്രവേശം ചെയ്തത്.
പിന്നീട് ബി വി കാരന്തുമായി ചേർന്ന് വംശവൃക്ഷ എന്ന ചിത്രം സംവിധാനം ചെയ്തു. രണ്ടു ചിത്രങ്ങളും അവാർഡുകൾ വാരിക്കൂട്ടി. മന്ധൻ, സ്വാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയിലും നിറസാന്നിധ്യമായി.
പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറ്ക്ടർ, സംഗീതനാടക അക്കാദമി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കർണാട് എന്ന ബഹുമുഖപ്രതിഭയുടെ സംഭവബഹുലമായ ജീവിതം പുസ്തകം അനാവരണം ചെയ്യുന്നു .
സംസ്കാരയിലെ നായിക സ്നേഹലതാ റെഡ്ഡിയുമായി നല്ല ബന്ധമായിരുന്നില്ല കർണാടിന്. ചിത്രത്തിൽ ഭാര്യ സ്നേഹലതയുടെ ഭാഗം സംവിധാനം ചെയ്യാൻ മാത്രമേ പട്ടാഭിരാമറെഡ്ഢിക്ക് താൽപര്യം ഉണ്ടായിരുന്നുള്ളൂ; ബാക്കി വിദേശിയായ ഛായാഗ്രാഹകനാണ് ചെയ്തത് എന്നെല്ലാം കർണാട് തുറന്ന് എഴുതുന്നു.
പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം മാത്രമാണ് 42 വയസ്സിൽ സരസ്വതിയെ വിവാഹം ചെയ്യാൻ കർണാട് തയാറായത്.
സംഗീതനാടക അക്കാദമി ചെയർമാൻ ആയിരിക്കെ താനാണ് കൂടിയാട്ടത്തിന് പുനർജന്മം നൽകിയത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. അമ്മന്നൂർ മാധവചാക്യാരോടെ അന്യം നിന്നു പോകുമായിരുന്ന, 1200 വർഷത്തെ ചരിത്രമുള്ള കലാരൂപത്തിന് ജീവൻ നൽകിയത് കലാമണ്ഡലം ചെയർമാനായിരുന്ന അപ്പുക്കുട്ടൻനായരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ചാണ്.
മലയാളികൾക്ക് പിണക്കം തോന്നിയേക്കാവുന്ന ഒരു സ്ഖലിതമാണ് ചോളമണ്ഡലത്തിൻ്റെ സ്ഥാപകൻ കെ സി എസ് പണിക്കർ എന്നതിന് പകരം കെ എം പണിക്കർ എന്ന് എഴുതിയിരിക്കുന്നത്.
1973ൽ കോഴിക്കോട് വിദ്യാർഥിയായിരിക്കെ അശ്വിനി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ സംസ്കാര എന്ന ചിത്രം കണ്ടതുമുതൽ ഗിരീഷ് കർണാട് എന്ന കലാകാരനോട് തോന്നിയ ആഭിമുഖ്യം പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ പതിന്മടങ്ങ് വർദ്ധിച്ചു എന്ന് പറയട്ടെ .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *