ഡോക്ടർ എം എസ് സ്വാമിനാഥൻ

#ഓർമ്മ

ഡോക്ടർ എം എസ് സ്വാമിനാഥൻ


ഡോക്ടർ എം എസ് സ്വാമിനാഥൻ്റെ (1925-2023) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 7.

ഇന്ത്യയിലെ ഹരിതവിപ്ലവത്തിൻ്റെ പിതാവായ സ്വാമിനാഥൻ, മലയാളികളിൽ ഏറ്റവും മഹാനായ ഒരു വ്യക്തിയാണ്.
ഒരു നൂറ്റാണ്ട് മുൻപ് കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബമായിരുന്നു 2000 ഏക്കറിലധികം ഭൂസ്വത്ത് ഉണ്ടായിരുന്ന മങ്കൊമ്പ് കുടുംബം. ബ്രിട്ടീഷ് സർക്കാരിൻ്റെ കീഴിൽ ഡോക്ടറായിരുന്നു അച്ഛൻ സാമ്പശിവൻ. തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ച സ്വാമിനാഥൻ അവിടെയാണ് സ്കൂൾ പഠനം നടത്തിയത്. 11 വയസ്സിൽ അച്ഛൻ മരിച്ചു.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി എസ് സിയും, മദ്രാസ് അഗ്രികൾച്ചറൽ കോളേജിൽ നിന്ന് അഗ്രികൾച്ചറിൽ ബിരുദവും നേടിയ ശേഷം, ദില്ലിയിൽ ഇന്ത്യൻ അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഐ പി എസ് ലഭിച്ചെങ്കിലും യൂണെസ്കോ സ്കോളർഷിപ്പിൽ നെതർലൻഡ്‌സിൽ ഉപരിപഠനം നടത്താനാണ് ആ യുവാവ് തീരുമാനിച്ചത്.
പിന്നീട് കേംബ്രിഡ്ജിൽ നിന്ന് പി എച്ച് ഡി നേടിയശേഷം വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിൽ ഉപരിഗവേഷണം കഴിഞ്ഞ് 1954ൽ ഇന്ത്യയിൽ തിരിച്ചെത്തി കട്ടാക്കിലെ സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
അടുത്തവർഷം ദില്ലിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.
നോബൽസമ്മാന ജേതാവായ നോർമൻ ബോർലോഗുമായി ചേർന്ന് പുതിയ ഗോതമ്പ് വിത്തിനങ്ങൾ വികസിപ്പിച്ച് ഗോതമ്പ് ഉത്പാദനം ഏക്കറിൽ 12 ടണ്ണിൽ നിന്ന് 17 ടണ്ണായി ഉയർത്തി. ലോകമെങ്ങും ഹരിതവിപ്ലവം കൊണ്ടുവരുന്നതിൽ സ്വാമിനാഥൻ വഹിച്ച പങ്ക് ബോർലോഗ് തൻ്റെ നോബൽസമ്മാന പ്രസംഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1972 ൽ ICAR ൻ്റെ ഡയറക്ടർ ജനറലായ സ്വാമിനാഥൻ, 1979ൽ കേന്ദ്രസർക്കാരിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ആസൂത്രണ കമ്മീഷൻ അംഗവുമായി. 1982ൽ ഫിലിപ്പൈൻസിലെ ഇൻ്റർനാഷണൽ റയ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഏഷ്യക്കാരനായ ആദ്യത്തെ ഡയറക്ടറായി. 2007 മുതൽ 6 വര്ഷം രാജ്യസഭാ എം പിയായും സേവനംചെയ്തു.
1987ൽ കാർഷികരംഗത്തെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസ് നേടി. സമ്മാനത്തുക സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കാനായി ദാനം ചെയ്തു.
IUCN, WWF തുടങ്ങി നിരവധി അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സ്വാമിനാഥൻ, IARI, ICRISAT തുടങ്ങിയവയുടെ സ്ഥാപകനാണ്.
കേംബ്രിഡ്ജിൽ സഹപാഠിയായിരുന്ന മീനയാണ് ഭാര്യ. മൂന്നു പെൺമക്കളിൽ മൂത്തവളായ ഡോക്ടർ സൗമ്യ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലാണ്.
ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഏഷ്യക്കാരിൽ ഒരാളായി ഗാന്ധിജി, ടാഗോർ, മാവോ, ദലെയ് ലാമ, തുടങ്ങിയവരോടോപ്പം ടൈം മാസിക തെരഞ്ഞെടുത്ത മഹാനാണ് ഡോക്ടർ എം എസ് സ്വാമിനാഥൻ.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *