ആംഗ്ലോ ഇന്ത്യൻ സമൂഹം

#കേരളചരിത്രം
#books

ആംഗ്ലോ-ഇന്ത്യൻ സമൂഹം.

യൂറോപ്യൻ വംശജരുടെ ഇന്ത്യക്കാരായ പിന്മുറക്കാരാണ്‌ ആംഗ്ലോ-ഇന്ത്യക്കാർ എന്നറിയപ്പെടുന്നത്. യൂറോപ്യൻ വംശജർക്ക് ഇന്ത്യയിലെ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണവർ. പോർത്തുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ജർമ്മൻ, സ്വിസ്സ്, ഇറ്റാലിയൻ, ഓസ്ട്രിയൻ, വംശജരുടെ പിന്മുറക്കാരാണ്‌ കേരളത്തിൽ നൂറ്റാണ്ടുകളായി വസിക്കുന്ന ആംഗ്ലോ-ഇന്ത്യക്കാർ. ശരിയായ സംജ്ഞ യൂറേഷ്യൻ എന്നാണ്‌. എങ്കിലും ആംഗ്ലോ-ഇന്ത്യൻ എന്ന നാമമാണ് സാർ‌വ്വത്രികമായി ഉപയോഗിച്ചുവരുന്നത്.

1498ൽ വാസ്കോ ഡ ഗാമ കേരളത്തിലെത്തിയതോടെയാണ്‌ തുടക്കം. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളുടെ സമന്വയമായ പുതിയ ഒരു സങ്കരവർഗ്ഗം അതോടെ കേരളത്തിലും ഗോവയിലും ഉടലെടുത്തു. പോർട്ടുഗീസുകാരെത്തുടർന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് വംശജരും ഇന്ത്യയിലെത്തി. ഇവർക്കൊപ്പം ജർമ്മൻ, സ്വീസ്സ്, ഇറ്റാലിയൻ വംശജരും കുറച്ചുപേർ കേരളത്തിലെത്തി.

കേരളോല്പത്തി എന്ന പുസ്തകത്തിൽ ചട്ടത്തിപ്പിക്കാർ എന്ന ഒരു വിഭാഗത്തെപ്പറ്റി പറയുന്നുണ്ട്. കുടിയേറ്റ വ്യാപാരികളെന്നാണ്‌ വിവരണം. പറങ്കി, ലന്ത, പരിന്തിരിസ്, ഇങ്കിരിസ്, എന്നിങ്ങനെ നാലു ജാതിക്കാരാണ്‌ ഇവരെന്നും പറയുന്നുണ്ട്. പറങ്കികൾ പോർച്ചുഗീസുകാരും, ലന്തക്കാർ ഡച്ചുകാരും പരിന്തിരിസ് ഫ്രഞ്ചുകാരും ഇങ്കിരീസ് ഇംഗ്ലീഷുകാരുമാണ്‌. കേരളത്തിലെത്തിയ പോർച്ച്ഗീസുകാരെ പറങ്കികൾ എന്നു വിളിച്ചത് അറബികളാണ്‌. വിദേശികൾ എന്നർത്ഥത്തിലാണ്‌ ആ പദം ഉപയോഗിച്ചത്.

ഇന്ത്യക്കാരെ വിവാഹം ചെയ്ത ഡച്ചുകാരെ വാലൻഡസ് എന്നാണ്‌ ആദ്യകാലങ്ങളിൽ വിളിച്ചിരുന്നത്. പോർച്ചുഗീസുകാരും ഡച്ചുകാരും ഉൾപ്പെടുന്ന വിദേശികളെ കേരളത്തിനു പുറത്ത് ഈസ്റ്റ് ഇന്ത്യൻസ് എന്നു വിളിച്ചിരുന്നു. എന്നാൽ അവരിൽ ചിലർ ഏഷ്യക്കാരെ വിവാഹം ചെയ്തതു മുതൽ യുറേഷ്യൻസ് എന്ന് വിളിക്കാനാരംഭിച്ചു. ഈ പേരിട്ടത് ഹേസ്റ്റിംഗ്സ് പ്രഭുവാണ്‌.

ഇംഗ്ലീഷുകാർ പറങ്കികളുടെയും ഡച്ചുകാരുടേയും പിന്മുറക്കാരെയും വിവാഹംചെയ്തു. എങ്കിലും ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന ഹാർഡിംഗ് പ്രഭു സങ്കരവർഗ്ഗക്കാരെ സൂചിപ്പിക്കാൻ ആംഗ്ലോ-ഇന്ത്യൻ എന്ന പദം ഉപയോഗിക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.

ആംഗ്ലോ-ഇന്ത്യൻ നാമം സ്വീകരിച്ചെങ്കിലും ഭൂരിപക്ഷം പേരും പോർച്ചുഗീസ് ഭാഷ മാത്രം കൈകാര്യം ചെയ്തിരുന്നവരായിരുന്നു. ഇംഗ്ലീഷ് ഭാഷ അവർക്ക് വശമില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ്‌ കേരളത്തിൽ വന്ന ഇംഗ്ലീഷുകാർ പ്രധാന പട്ടണങ്ങളിൽ ആംഗ്ലോ-ഇന്ത്യൻ വിദ്യാലയങ്ങൾ സ്ഥാപിച്ച് അവരെയെല്ലാം ഇംഗ്ലീഷ് പഠിപ്പിച്ചത്.

മെസ്റ്റിസിസുകൾ.

പോർച്ചുഗീസുകാർ മെസ്റ്റിസിസ് എന്ന പൊതുനാമത്തിലും അറിയപ്പെട്ടിരുന്നു, മെസ്റ്റിക്കോ എന്ന പോർച്ചുഗീസ് പദത്തിൽ നിന്നാണ്‌ ഈ വാക്ക് രൂപംകൊണ്ടത്. മിശ്രവിവാഹം ചെയ്തവർ എന്നായിരുന്നു പദത്തിന്റെ സൂചന. (തെക്കേ അമേരിക്കയിലും വെസ്റ്റിൻഡീസിലും ആദിവാസികളും പോർച്ചുഗീസുകാരും തമ്മിലുണ്ടായ സങ്കരവർഗ്ഗത്തെ മെസ്റ്റിസിസ് എന്ന് വിളിക്കുന്നുണ്ട്) മിശ്രവിവാഹം ചെയ്ത പോർച്ചുഗീസുകാരെ ലൂസോ-ഇന്ത്യക്കാർ എന്നും വിളിച്ചിരുന്നു.

ടോപാസികൾ.

ഡച്ചുകാരുമായി ബന്ധപ്പെട്ടവരെയാണ് ടോപാസികൾ എന്ന് വിളിച്ചിരുന്നത്. യൂറോപ്യന്മാർക്കും ഇന്ത്യക്കാർക്കും ഇടയിൽ ദ്വിഭാഷികളായി പ്രവർത്തിച്ചിരുന്നതിനാലാണ്‌ ഈ പേര്‌ വന്നതെന്ന് കരുതപ്പെടുന്നു. ഡച്ച് ഗവർണ്ണരായിരുന്ന വാൻ റീഡാണ്‌ ആദ്യമായി ഈ പദം ഉപയോഗിച്ചത്.

ചട്ടക്കാർ.

ഡച്ചുകാരെ ലന്തക്കാർ (ഹോലന്ത, ഹോളണ്ട്) എന്നാണ്‌ നാട്ടുകാർ വിളിച്ചിരുന്നത്. കാലിൽ നീണ്ട കുപ്പായം (ട്രൗസർ) ധരിക്കുന്നവരെന്ന അർത്ഥത്തിൽ അവരെ ചട്ടക്കാരെന്നും തദ്ദേശീയർ വിളിച്ചുവ പോന്നു. പിന്നീട് ആംഗ്ലോ-ഇന്ത്യക്കാരെ മുഴുവൻ ചട്ടക്കാർ എന്ന് വിളിക്കാൻ തുടങ്ങി.
(കടപ്പാട് – വിക്കിപ്പീഡിയ)

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *