#ഓർമ്മ
ബാല ഗംഗാധർ തിലക്.
ലോകമാന്യ തിലകന്റെ (1856-1920) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 1.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യത്തെ നേതാവ് എന്നാണ് തിലകൻ വിശേഷിപ്പിക്കപ്പെടുന്നത്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ജനിച്ച ബാലഗംഗാധര തിലകൻ പൂനയിൽനിന്ന് ബി എയും, എൽ എൽ ബിയും പാസ്സായി. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിക്കുന്നതിൽ പങ്കാളിയായ അദ്ദേഹം, സൊസൈറ്റി 1877ൽ പൂനായിൽ തുടങ്ങിയ ഫെർഗുസൺ കോളേജിൽ ഗണിതശാസ്ത്ര അധ്യാപകനായി. 1890ൽ ജോലി രാജിവെച്ച് കോൺഗ്രസ് അംഗമായി പൊതുപ്രവർത്തനത്തിലേക്ക് എടുത്തുചാടി.
മറാത്തിയിൽ കേസരി, ഇംഗ്ലീഷിൽ മറാത്ത, എന്ന രണ്ടു പത്രങ്ങൾ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനായി അദ്ദേഹം ആരംഭിച്ചു.
കോൺഗ്രസിലെ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാക്കൾ ആയിരുന്നു, ലാൽ – ബാൽ – പാൽ ത്രിമൂർത്തികൾ. പഞ്ചാബിലെ ലാലാ ലജ്പത് റായ്, ബംഗാളിലെ ബിപിൻചന്ദ്ര പാൽ എന്നിവരായിരുന്നു മറ്റു രണ്ടു നേതാക്കൾ. ഗാന്ധിയുഗം ആരംഭിക്കുന്നതുവരെ മിതവാദികളുടെ നേതാവ് ഗോഖലെയായിരുന്നു.
“സ്വരാജ് എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുകതന്നെ ചെയ്യും” എന്ന തിലകന്റെ പ്രഖ്യാപനം ജനങ്ങളെ ആവേശം കൊള്ളിച്ചു. വിറളിപൂണ്ട ബ്രിട്ടീഷ് അധികാരികൾ, മൂന്നു തവണ രാജ്യദ്രോഹകുറ്റം ചാർത്തി തിലകിനെ ജയിലിലടച്ചു. ആദ്യം 16 മാസം. പിന്നീട് 6 വർഷം. ബർമ്മയിലെ മണ്ഡലേ ജെയിലിൽ കഴിഞ്ഞ കാലയളവ്, ഗീതാരഹസ്യം എന്ന പുസ്തകം എഴുതാനാണ് തിലകൻ വിനിയോഗിച്ചത്.
രാജ്യം അന്നേവരെ കാണാത്ത ജനക്കൂട്ടമാണ് ബോംബെയിൽ തിലകന്റെ അന്ത്യയാത്രയിൽ പങ്കെടുത്തത്.
– ജോയ് കള്ളിവയലിൽ.






