#ഓർമ്മ
പി ടി ചാക്കോ.
പി ടി ചാക്കോയുടെ (1915-1964) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 1.
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ച ചരിത്രസംഭവങ്ങൾക്ക് കാരണക്കാരൻ എന്ന നിലയിലാണ് പ്രതിപക്ഷ നേതാവും അഭ്യന്തര മന്ത്രിയുമായിരുന്ന ചാക്കോയുടെ പ്രസക്‌തി.
കോട്ടയം ചാമംപതാൽ സ്വദേശിയായ പുള്ളോലിൽ ചാക്കോ അക്കാലത്തെ സമർഥരായ ക്രിസ്ത്യൻ വിദ്യാർത്ഥികളെപ്പോലെ തൃശ്ശിനാപ്പള്ളി ( ഇന്ന് തിരുച്ചി ) സെന്റ് ജോസഫ്‌സ് കോളേജിൽ നിന്ന് ബിരുദം നേടി തിരുവനന്തപുരത്ത് നിയമവിദ്യാർത്ഥിയായി. വിദ്യാർഥിജീവിത കാലത്തുതന്നെ തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസിൻ്റെ പ്രക്ഷോഭങ്ങളിൽ സജീവമായ ചാക്കോ വക്കീലായശേഷം പാലായാണ് തന്റെ തട്ടകമാക്കിയത്.
ആകാരസൗഷ്ടവും, പ്രസംഗശൈലിയും, നേതൃത്വപാടവും ഒത്തിണങ്ങിയ ആ യുവാവ് 1948ൽ തിരുവിതാംകൂർ അസ്സെംബ്ലിയിലും തുടർന്ന് തിരുക്കൊച്ചി അസ്സെംബ്ലിയിലും അംഗമായി.
1949ൽ കോൺസ്റ്റിറ്റുവന്റ് അസ്സെംബ്ലിയിൽ അംഗമായ ചാക്കോ 1952ലെ ആദ്യത്തെ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മീനച്ചിൽനിന്ന് എം പിയായി.
കേരളരാഷ്ട്രീയമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ ചാക്കോ, 1954ൽ എം പി സ്ഥാനം രാജിവെച്ച് കേരളത്തിൽ തിരിച്ചെത്തി.
1957ലെ ആദ്യകേരള നിയമസഭയിൽ സ്വദേശമായ വാഴൂരിൽ നിന്നാണ് ജയിച്ചത്. പട്ടം താണുപിള്ളയുൾപ്പെടെയുള്ള ഉന്നത നേതാക്കൾ കോൺഗ്രസ് വിട്ടതും, പനമ്പിള്ളി തോറ്റതും, ചാക്കോയുടെ പ്രതിപക്ഷനേതാവായുള്ള തെരഞ്ഞെടുപ്പ് അനായേസേനമാക്കി.
സർക്കാരിനെതിരെ ഉയർന്നുവന്ന വിമോചനസമരം എന്ന് വിളിക്കപ്പെട്ട പ്രക്ഷോഭത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളെയും മതസാമുദായിക ശക്തികളെയും ഏകോപിച്ച ചാക്കോയിൽ ഭാവി മുഖ്യമന്ത്രിയെയാണ് മിക്കവരും കണ്ടത്.
1960ലെ പട്ടം താണുപിള്ളയുടെ കൂട്ടുമന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായ ചാക്കോ ശക്തമായ ഭരണം കാഴ്ച്ചവെച്ച് എല്ലാവരുടെയും പ്രശംസ നേടി.
ചുരുളി കീരിത്തോട് കുടിയിറക്കു വിഷയത്തിൽ എ കെ ജി യെ സത്യാഗ്രഹപന്തലിൽ ചെന്നുകണ്ട് ഒത്തുതീർപ്പാക്കിയ ചാക്കോയുടെ നയചാതുര്യം ഏവരെയും അത്ഭുതപ്പെടുത്തി.
എണ്ണത്തിൽ ചെറിയ പി എസ് പി യുടെ നേതാവ് മുഖ്യമന്ത്രിയായി തുടരുന്നത് ചില കൊണ്ഗ്രസ്സ് നേതാക്കൾക്ക് ദഹിച്ചിരുന്നില്ല. മുഖ്യമന്ത്രിപദം കൈക്കലാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം പട്ടത്തിനെ പഞ്ചാബ് ഗവർണറായി പോകാൻ നിർബന്ധിതനാക്കി.
കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഫലമായി, ചാക്കോയെ ഒതുക്കി, സ്റ്റേറ്റ് കൊണ്ഗ്രസ്സ് സമരത്തെപ്പോലും എതിർത്ത് സമുദായനേതാവായി കഴിഞ്ഞിട്ട് തിരിച്ചുവന്ന ആർ ശങ്കറാണ് മുഖ്യമന്ത്രിയായത്. ചാക്കോ ആഭ്യന്തരമന്ത്രിയായി തുടർന്നു.
ചാക്കോയെ രാഷ്ട്രീയമായി തകർക്കാൻ ഉന്നംവെച്ചിരുന്ന സി കെ ജി ഗ്രൂപ്പിന് വീണുകിട്ടിയ അവസരമായി തൃശൂരിൽ വെച്ചുണ്ടായ വാഹനാപകടസമയത്ത് മന്ത്രിയുടെ കാറിൽ ഒരു യുവതി ഉണ്ടായിരുന്നു എന്നത്.
കെ പി സി സി പ്രസിഡന്റ് സി കെ ഗോവിന്ദൻ നായർ, തന്റെ അനുയായിയായ മാടായി എം എൽ എ പ്രഹ്ലാദൻ ഗോപാലനെ നിയമസഭാ കവാടത്തിൽ സത്യഗ്രഹമിരുത്തി ചാക്കോയുടെ രാജി ഉറപ്പുവരുത്തി.
ഈ കൊടിയ വഞ്ചനയിൽ പ്രക്ഷുബ്ധരായ ചാക്കോയുടെ അനുയായികൾ, കെ പി സി സി തെരഞ്ഞെടുപ്പിൽ ചാക്കോയെ സ്ഥാനാർഥിയാക്കിയാണ് ശക്തി പരീക്ഷിച്ചത്. ചാക്കോ കെ സി എബ്രഹാം മാസ്റ്റരോട് തോറ്റു.
ദീർഘനാളത്തെ രാഷ്ട്രീയപ്രവർത്തനം സമ്മാനിച്ച കടബാധ്യതകൾ തീർക്കാൻ, ചാക്കോ അഭിഭാഷകവൃത്തിയിലേക്കു മടങ്ങി.
ഒരു കേസിന്റെ ഭാഗമായി കോഴിക്കോട് കുറ്റിയാടിയിലെത്തിയ പി ടി ചാക്കോ, 1964 ഓഗസ്റ്റ് 1ന് കാവിലുംപാറ മലയിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. കോൺഗ്രസ് പാർട്ടി
ചാക്കോയോട് ചെയ്ത അനീതിക്ക് പകരംവീട്ടാൻ പ്രതിജ്ഞ ചെയ്ത അനുയായികൾ, കെ എം ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രൂപ്പായി മാറി .15 എം എൽ എമാർ, ശങ്കർ മന്ത്രിസഭക്കെതിരെ വന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു മന്ത്രിസഭ വീഴ്ത്തി.
അവർ പിന്നീട് മന്നത്തു പദ്മനാഭൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ കേരള കൊണ്ഗ്രസ്സ് എന്ന പുതിയ പാർട്ടിയുണ്ടാക്കി പി ടി ചാക്കോയെ അവരുടെ മാനസപിതാവായി പ്രതിഷ്ഠിച്ചു എന്നത് പിൽക്കാലചരിത്രം.
മകൻ പി സി തോമസ് പിന്നീട് പല വട്ടം എം പി യും കേന്ദ്രമന്ത്രിയുമായി.
കേരളാ കൊണ്ഗ്രസ്സ് പാർട്ടി പലവട്ടം പിളർന്നിട്ടും, ഇന്നും കേരളരാഷ്ട്രീയത്തിൽ വലിയ ശക്തിയായി തുടരുന്നു എന്നിടത്താണ് പി ടി ചാക്കോയുടെ സമകാലികപ്രസക്തി.
– ജോയ് കള്ളിവയലിൽ.




