കെ എം മാത്യു

#ഓർമ്മ

കെ എം മാത്യു.

മലയാള മനോരമയുടെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന കെ എം മാത്യുവിൻ്റെ (1917- 2010)
ചരമവാർഷികദിനമാണ്
ആഗസ്റ്റ് 1.

കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ മരണശേഷം മനോരമയുടെ ഉടമയും പത്രാധിപരുമായ തയ്യിൽ കണ്ടത്തിൽ കെ സി മാമ്മൻ മാപ്പിളയുടെ മകനായ കെ എം മാത്യു, മൈസൂറിൽ തോട്ടമുടമയായി കഴിഞ്ഞയാളാണ്. മാമ്മൻ മാപ്പിളയുടെ മരണശേഷം പത്രാധിപരായത് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന
മൂത്തമകൻ കെ എം ചെറിയാനാണ്. കെ എം ചെറിയാൻ്റെ മകൻ ഡോക്ടർ കെ സി മാമ്മൻ പത്രപ്രവർത്തകനാകാൻ കൂട്ടാക്കിയില്ല. ചെറിയാനാണ്
അനുജന്മാരിൽ മാത്യുവിനെ സഹായത്തിനു കോട്ടയത്തെത്തിച്ചത്. ജ്യേഷ്ഠൻ്റെ കാലശേഷം പത്രാധിപരായ മാത്തുക്കുട്ടിച്ചായൻ എന്ന് എല്ലാവരും വിളിക്കുന്ന മാത്യൂ, മനോരമക്ക് നേടിക്കൊടുത്ത വളർച്ച അത്ഭുതകരം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. തികഞ്ഞ പ്രൊഫഷണലിസം, കോൺഗ്രസിനെ പിന്തുണക്കുമ്പോൾ പോലും കമ്മ്യൂണിസ്റ്റ് പാർട്ടികളോട് മാന്യമായ സമീപനം. താനുൾപ്പെട്ട മലങ്കരസഭയിലെ കക്ഷിവഴക്കുകളിൽ നിഷ്പക്ഷസമീപനം , ആധുനികവൽക്കരണം , പ്രമുഖ നഗരങ്ങളിൽ നിന്നെല്ലാം പുതിയ എഡിഷനുകൾ – വിജയകാരണങ്ങൾ അനവധിയാണ്.
ഞങ്ങൾക്ക് അദ്ദേഹം കാരണവരാണ്. മനോരമ സർ സി പി നിരോധിച്ച കാലത്ത് മുണ്ടക്കയത്ത് ജോസ് കള്ളിവയലിലിൻ്റെ വീട്ടിൽ ഒളിവിൽ താമസിക്കുന്ന സമയത്താണ് മകൻ ജേക്കബ് മാത്യൂ ജനിച്ചത് എന്ന് അദ്ദേഹം എപ്പോഴും പറയും. എൻ്റെ ജ്യേഷ്ഠൻ ഡോക്ടർ റോയ് കള്ളിവയലിനോട് വലിയ സ്നേഹമായിരുന്നു മാത്തുക്കുട്ടിച്ചായന്.
ഭാര്യ അന്നമ്മ, മിസിസ് കെ എം മാത്യു എന്നപേരിൽ മലയാള പാചകകലയുടെ പ്രചാരക എന്ന നിലയിൽ പ്രശസ്തയായി. വനിത മാസികയുടെ പത്രാധിപയുമായിരുന്നു മിസസ് കെ എം മാത്യു എന്ന അന്നമ്മ.

തോമസ് ജേക്കബിൻ്റെ സഹായത്തോടെ എഴുതിയ ആത്മകഥ മനോരമയുടെ ചരിത്രം കൂടിയാണ് . മാമ്മൻ മാപ്പിളയുടെ എട്ടാമത്തെ സന്തതി എന്നതാണ് ആത്മകഥയുടെ പേരിന് കാരണം. ( കഥ ആത്മകഥയിലുണ്ട്).
രാജ്യം പദ്മഭൂഷൺ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ പത്രപ്രവർത്തനരംഗത്തെ ഒട്ടുമിക്ക അവാർഡുകളും 93വയസിനിടയിൽ കെ എം മാത്യുവിനെ തേടിയെത്തി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *