#ഓർമ്മ
#ചരിത്രം
മുസോളിനി.
ബെനിത്തോ മുസോളിനിയുടെ (1883-1945) ജന്മവാർഷികദിനമാണ്
ജൂലൈ 29.
ഫാസിസം എന്ന വാക്ക് ഇന്ന് എല്ലാവർക്കും പരിചിതമാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് സ്വേച്ഛാധിപതിയാണ് 1922 മുതൽ 1943 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായ മുസോളിനി.
ഒരു കൊല്ലപ്പണിക്കാരൻ്റെ മകനായി ജനിച്ച മുസോളിനി, 19 വയസിൽ നാട് വിട്ടു. പുസ്തകങ്ങൾ – കൂടുതലും തത്വശാസ്ത്രം – വായിച്ചുകൂട്ടിയ യുവാവ് ഉജ്വലപ്രസംഗകൻ എന്ന നിലയിൽ പ്രശസ്തനായി.
തൻ്റെ ഫാസിസ്റ്റ് ചിന്തകള് ഉറക്കെ വിളിച്ചുപറഞ്ഞു തുടങ്ങിയപ്പോൾ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു.
ഓസ്ട്രിയയുമായി യുദ്ധം ആഗ്രഹിച്ചിരുന്ന വ്യവസായികൾ അയാളെ ഇറ്റലിയിലെ ” ജനങ്ങൾ” എന്ന പത്രത്തിൻ്റെ ചുമതലയേൽപ്പിച്ചു. ഇനി ഇറ്റലി ഇറ്റലിക്കാർക്ക് മാത്രം എന്ന മുസോളിനിയുടെ പ്രഖ്യാപനം ഫാസിസത്തിൻ്റെ വിത്തുപാകലായിരുന്നു.
കറുത്ത ഷർട്ടുകൾ എന്ന് കുപ്രസിദ്ധി നേടിയ അനുയായികളുമായി റോമിലേക്ക് മാർച്ച് ചെയ്തു് അധികാരം പിടിക്കും എന്ന് പ്രഖ്യാപിച്ച മുസോളിനിയെ രാജാവ് വിളിച്ചു പ്രധാനമന്ത്രിയായി നിയമിച്ചു. 1922 ഒക്ടോബർ 31ന് ഇറ്റലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ മുസോളിനി, രാജ്യത്തെ അതിവേഗം ഫാസിസ്റ്റ് സ്വേഛാധിപത്യമായി മാറ്റി. 1936ൽ ഹിറ്റ്ലറുമായി ചങ്ങാത്തത്തിലായതോടെ വിനാശകരമായ രണ്ടാം ലോകമഹായുദ്ധത്തിന് നാന്ദി കുറിക്കുകയായിരുന്നു.
യുദ്ധം തോറ്റ് പലായനം ചെയ്ത മുസോളിനിയെ പിടികൂടി വെടിവെച്ച് കൊന്നു . മൃതദേഹം പൊതുസ്ഥലത്ത് തലകീഴായി കെട്ടിത്തൂക്കിയാണ് ജനങ്ങൾ തങ്ങളുടെ രോഷം തീർത്തത്.
– ജോയ് കള്ളിവയലിൽ.

