#ഓർമ്മ
#books
മഹാശ്വേതാ ദേവി.
മഹാശ്വേത ദേവിയുടെ (1926-2016) ഓർമ്മദിവസമാണ്
ജൂലൈ 28.
100 നോവലുകളും 20ലധികം കഥാസമാഹാരങ്ങളും രചിച്ച ഈ വിശ്രുത ബംഗാളി എഴുത്തുകാരി, ബ്രിട്ടീഷ് ഇന്ത്യയിൽ, ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയിലാണ് ജനിച്ചത്. അച്ഛനും അമ്മയും അറിയപ്പെടുന്ന എഴുത്തുകാരായിരുന്നു.
മഹാശ്വേത ദേവിയുടെ കഥകളെ ആസ്പദമാക്കി നിർമ്മിച്ച 1993ലെ രുദാലി, 1998ലെ ഗോവിന്ദ് നിഹലാനിയുടെ, ഹസാർ ചൗരാസി കി മാ ( 1084ലെ അമ്മ ) എന്നീ ദേശീയ അവാർഡ് നേടിയ ഹിന്ദിചിത്രങ്ങൾക്കു ശേഷമാണ് മഹാശ്വേതാ ദേവി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. രുദാലിയിലെ ഗാനങ്ങൾ അസമീസ് സംഗീതസംവിധായകൻ ഭൂപെൻ ഹസാരികക്കും രാജ്യത്തെങ്ങും ആരാധകരെ നേടിക്കൊടുത്തു.
കോളേജ് അധ്യാപികയായ മഹാശ്വേതാദേവി ബോർത്തിക എന്ന ഒരു മാസികയുടെ പത്രാധിപരായിരുന്നു. ഒരു ദിവസം അവർ കയറിയ ഓട്ടോറിക്ഷയുടെ ഡ്രൈവർ അവരുടെ കഥകൾ വായിക്കാറുണ്ട് എന്നറിഞ്ഞപ്പോൾ അവർ അത്ഭുതം കൂറി. ഇന്ന് ബംഗാളിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനായ മനോരഞ്ജൻ ബ്യാപാരി എന്ന ദളിത് സാഹിത്യകാരനെ അവർ കണ്ടെത്തിയത് അങ്ങനെയാണ്.
കിഴക്കേ ഇന്ത്യയിലെ ഭൂരഹിതരായ തൊഴിലാളികൾക്ക് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങൾ ഐതിഹാസികങ്ങളാണ്.
സാഹിത്യ അക്കാദമി, ജ്ഞാനപീഠം, മഗ്സാസെ, പദ്മവിഭൂഷൺ തുടങ്ങിയ ബഹുമതികളെല്ലാം അവരെ തേടിയെത്തി.
2007ൽ ആത്മകഥ എഴുതിത്തുടങ്ങിയെങ്കിലും, അത് പൂർത്തിക്കാതെ 90 വയസ്സിൽ അവർ ലോകത്തോട് വിടപറഞ്ഞു.
– ജോയ് കള്ളിവയലിൽ.













