#ഓർമ്മ
ടി ഡി ജോസഫ് ( പപ്പൻ ).
വോളീബോൾ ഇതിഹാസം പപ്പൻ എന്ന ടി ഡി ജോസഫിന്റെ ഓർമ്മദിവസമാണ്
ജൂലൈ 25.
എറണാകുളം ജില്ലയിലെ കൂനമ്മാവിൽ ജനിച്ച പപ്പൻ, 1959ൽ സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ തന്നെ സംസ്ഥാന വോളീബോൾ ടീമിൽ അംഗമായ പ്രതിഭയാണ് . തൊട്ടടുത്ത വർഷം ഇന്ത്യൻ ടീമിലും ഇടം നേടി.
1962ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ ഫൈനലിലെത്തിച്ചത് പപ്പന്റെ കഴിവാണ്.
1963ലെ ഏഷ്യൻ പ്രീ ഒളിമ്പിക്ക് മത്സരങ്ങളിൽ പപ്പന്റെ ടീം മൂന്നാം സ്ഥാനത്തെത്തി.
1963ൽ സോവിയറ്റ് യൂണിയനിലെ ക്രേംനിലിനിൽ നടന്ന ഒരു അന്താരാഷ്ട്ര മത്സരത്തിനുശേഷം റഷ്യൻ പത്രമായ പ്രാവ്ദ നടത്തിയ വോട്ടെടുപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച ആറു കളിക്കാരിൽ ഒരാളായി പപ്പൻ തെരഞ്ഞെടുക്കപ്പെട്ടു.
1966ലെ ബാങ്കൊക്ക് ഏഷ്യൻ ഗെയിംസിൽ വോളിബോളിൽ ഇന്ത്യ നാലാം സ്ഥാനം കരസ്തമാക്കി. ഏറ്റവും നല്ല സ്ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ടത് പപ്പനാണ്.
ആലുവ ഫാക്ട് ടീമിന്റെ അംഗമായ പപ്പന്റെ കളി കാണാൻ സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ ഭാഗ്യം കിട്ടിയയാളാണ് ഞാൻ. കളിക്കളത്തിലെ അവസാനനാളുകൾ ആയിരുന്നെങ്കിലും വായുവിൽ ഉയർന്നുപൊങ്ങിയുള്ള സ്മാഷുകൾ വിസ്മയം ജനിപ്പിക്കുന്നതായിരുന്നു. പിൽക്കാലത്ത് ജിമ്മി ജോർജിന് മാത്രമാണ് പപ്പനോട് കിടപിടിക്കാനുള്ള കഴിവ് പ്രദർശിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു.
1991 ജൂലൈ 25ന് പപ്പൻ എന്ന അതുല്യപ്രതിഭ വിടവാങ്ങി. വൈകിയാണെങ്കിലും കേരള വോളീബോൾ അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. വരാപ്പുഴ ഇൻഡോർ സ്റ്റേഡിയം പപ്പൻ സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized