#കേരളചരിത്രം
#books
വേറിട്ട ശബ്ദങ്ങൾ – കേരള കത്തോലിക്കാ സഭയിൽ.
കത്തോലിക്കാസഭയിലെ പ്രശ്നങ്ങൾക്കു നേരെ വിരൽചൂണ്ടുന്നവരെ സഭാവിരോധികളായി ചിത്രീകരിക്കുക എന്നതാണ് നൂറ്റാണ്ടുകളായി അധികാരികൾ സ്വീകരിച്ചുവരുന്ന സമീപനം. ഇത്തരം ദുഷ്പ്രവണതകളിൽ ദുഃഖവും പ്രതിഷേധവുമുണ്ടെങ്കിലും എല്ലാത്തിനും മുകളിൽ അനുസരണയാണ് വേണ്ടത് എന്ന ചിന്തയിൽ വൈദികരും വിശ്വാസികളും മിണ്ടാപ്രാണികളായി കഴിയാൻ നിർബന്ധിതരാകുന്നു.
അല്ലാത്തവരെ ശിക്ഷാനടപടികൾ കൊണ്ട് നിശബ്ദരാക്കുന്നു.
ഫ്രാൻസിസ് മാർപാപ്പ അംഗമായ ഈശോസഭ തന്നെ നൂറ്റാണ്ടുകൾ നിരോധനം നേരിടേണ്ട വന്ന സന്യാസസമൂഹമാണ്.
പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരം ശിക്ഷാനടപടികൾ നേരിടേണ്ട വന്ന ഒരു കൂട്ടരാണ് ഇന്നത്തെ സി എം ഐ സഭയുടെ തുടക്കക്കാർ. ഏഴു വ്യാകുലങ്ങൾ എന്ന് വിളിക്കപ്പെട്ട ആ വൈദികരിൽ, കുര്യാക്കോസ് ചാവറ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു,
ലൂയിസ് പഴേപറമ്പിൽ എറണാകുളം മെത്രാനായി.
സീറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കപ്പെട്ട ഏബ്രഹാം കാട്ടുമന മെത്രാന് എതിരെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ച വൈദികരുടെ നേതാവായിരുന്ന ജോസഫ് പെരുംതോട്ടം ഇന്ന് ചങ്ങനാശേരി മെത്രാപ്പോലീത്തയാണ്.
ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് എറണാകുളം അതിരൂപതയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുകയുന്ന പ്രശ്നങ്ങൾ.
എന്നാൽ
കേരളസഭയുടെ ചരിത്രത്തിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അധികാരികളുടെ ദുഷ്ചെയ്തികളെ എതിർക്കാൻ ധൈര്യം കാണിച്ച മഹാന്മാരുമുണ്ട്. അവരിൽ പ്രധാനിയാണ് പിന്നീട് കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി സഭയുടെ ഗോവർണദോറായ പാറെമ്മാക്കൽ തോമാ കത്തനാർ.
കേരളം ഭരിച്ചിരുന്ന വിദേശി മെത്രാന്മാർക്കെതിരെ പരാതികൾ, പരമാധികാരിയായ റോമാ മാർപാപ്പയുടെ മുന്നിലെത്തിക്കാൻ അദ്ദേഹവും ജോസഫ് കരിയാറ്റിയും
സഹിച്ച കഷ്ടപ്പാടുകൾ വര്ണനാതീതമാണ്.
347 കൊല്ലം മുൻപുനടന്ന അത്തരമൊരു പ്രതിഷേധയോഗത്തിന്റെയും, തുടർന്ന് നടത്തിയ റോമാ യാത്രയുടെയും ചരിത്രമാണ് ഭാരതീയ ഭാഷകളിൽ ആദ്യമുണ്ടായ യാത്രാവിവരണമായ വർത്തമാന പുസ്തകം.
കൂനൻകുരിശു സത്യത്തിനുശേഷം നെടുകെ പിളർന്ന മലങ്കരസഭയിലെ പഴയകൂർ വിഭാഗത്തിന്റെ പിൻതലമുറയാണ് ഇന്നത്തെ സീറോ മലബാർ സഭ. ( സീറോ എന്നാൽ സുറിയാനി, മലബാർ എന്നാൽ മലങ്കര).
1773 ജൂലായ് 26നു അങ്കമാലി പള്ളിയിൽ ഒന്നിച്ചുചേർന്നാണ് അൻപതോളം പള്ളികളിലെ പട്ടക്കാരും ( പുരോഹിതർ) യോഗക്കാരും കൂടി, തങ്ങളുടെ ഇടയിൽനിന്ന് ഒരു മെത്രാനെ വാഴിക്കണം എന്ന് അപേക്ഷിക്കാൻ റോമിലേക്ക് ഒരു പ്രതിനിധിസംഘത്തെ അയക്കാൻ തീരുമാനിച്ചത്.
ലത്തീൻ ഭരണത്തിൻ്റെ കീഴിൽ നസ്രാണികളെ കൊണ്ടുവരാനുള്ള വിദേശമിഷനറിമാരുടെ ശ്രമങ്ങൾക്ക് തടയിടുക, യോജിപ്പിനായുള്ള പുത്തൻകൂറ് മെത്രാൻ ആറാം മാർതോമാ, മാർ ദിവന്ന്യാസോസിന്റെ അപേക്ഷ നിരസിക്കാനുള്ള വിദേശിമെത്രാന്റെ ഉദ്യമം മാർപാപ്പയെ ധരിപ്പിക്കുക എന്നതും ഈ യോഗത്തിന്റെ ലക്ഷ്യങ്ങളായിരുന്നു.
ജോസഫ് കരിയാറ്റി മല്പാൻ, പാറെമ്മാക്കൽ തോമാ കത്തനാർ എന്നിവരായിരുന്നു നിവേദകസംഘത്തെ നയിച്ചത്.
1780 ജനുവരി 3ന് അവർ കപ്പൽമാർഗം റോമിലെത്തി. മലങ്കരയുടെ കാര്യങ്ങൾ നിശ്ചയിക്കുന്ന പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ കസ്തെല്ലിയെ അവർ കണ്ടു . പക്ഷേ അവർക്കെതിരെ വിദേശമിഷനറിമാർ അയച്ചിരുന്ന പരാതികൾക്ക് ചെവികൊടുക്കാനാണ് കർദിനാൾ തയാറായത്.
” പോർച്ചുഗളിന്റെ സ്വാധീനത്തോടെ പ്രോപ്പഗാന്തയുടെ അധികാരം നിർമാർജനം ചെയ്യാനാണ് കരിയാറ്റി ശ്രമിക്കുന്നതെന്നും അതുകൊണ്ട് അവരെ പട്ടിയെപ്പോലെ തിരിച്ച് അയക്കുമെന്നും മറ്റും കർദിനാൾ പറഞ്ഞു”
(വർത്തമാന പുസ്തകം ).
പിന്നീട് കരിയാറ്റിയും പാറെമ്മാക്കലും ആറാം പീയൂസ് മാർപാപ്പയെ സന്ദർശിച്ച് ഐക്യത്തിനായുള്ള മലങ്കരയിലെ 72 പള്ളികളുടെ അപേക്ഷയും കൂട്ടത്തിൽ സമർപ്പിച്ചു. മലബാറുകാരുടെ പരാതികൾ പഠിച്ച് വിലയിരുത്തുവാനായി മാർപാപ്പ പരാതികൾ പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ സെക്രട്ടറി ബോർജ്യയെത്തന്നെ ഏൽപിച്ചു”.
റോമിലെ ആറുമാസത്തെ താമസത്തിനു ശേഷം കരിയാറ്റിയും പാറേമ്മാക്കലും പോർച്ച്ഗളിന്റെ തലസ്ഥാനമായ ലിസ്ബനിൽ തിരിച്ചെത്തി. 1782 ജൂലായ് അവസാനം കരിയാറ്റിയെ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി തെരഞ്ഞെടുത്തു എന്ന രാജ്ഞിയുടെ കല്പന ലഭിച്ചു. 1782 ജൂലായ് 16ന് ആറാം പീയൂസ് മാർപാപ്പ ഈ നിയമനം അംഗീകരിച്ചു.
കരിയാറ്റിയും സംഘവും 1786 മെയ് 3നു ഗോവയിൽ വന്നുചേർന്നു. മാർത്തോമാ നസ്രാണികളുടെ ഈ പുതിയ തലവൻ പക്ഷേ, 1786 സെപ്റ്റംബർ 9ന് പനി ബാധിച്ചു മരണമടഞ്ഞു.
അതോടെ ഐക്യത്തിനായി മലങ്കരനസ്രാണികൾ ദീർഘനാളായി വെച്ചുപുലർത്തിയിരുന്ന ആശകളും പ്രതീക്ഷകളും തകർന്ന് തരിപ്പണമായി.
ദുരിതപൂർണ്ണമായ ഈ നീണ്ടയാത്രയുടെ വിവരണമാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണമെന്ന നിലയിൽ ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ
പാറെമ്മാക്കൽ തോമാ കത്തനാർ രചിച്ച, “വർത്തമാനപുസ്തകം”.
പുസ്തകം പുറത്തുവന്നാൽ, തങ്ങളുടെ കരുനീക്കങ്ങൾ ജനങ്ങൾ അറിയും എന്നതുകൊണ്ട് അത് പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവെക്കുകയാണ് അധികാരികൾ ചെയ്തത്. നൂറ്റാണ്ടുകൾക്കുശേഷം 1936ൽ, അതിരമ്പുഴയിലെ ധനികനായ ഒരു വിശ്വാസി, പ്ലാത്തോട്ടത്തിൽ ലൂക്കാ മത്തായി സ്വന്തം പ്രസിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച സമയത്ത് മാത്രമാണ് കേരളത്തിലെ സാധാരണ വിശ്വാസികൾ ദുഃഖകരമായ സംഭവപരമ്പരകൾ അറിഞ്ഞത്.
പിൽക്കാലത്ത്, ഓശാന പബ്ലിക്കേഷൻസ്, ഡി സി ബുക്സ് ഉൾപ്പെടെ പലരും പുസ്തകം പ്രസിദ്ധീകരിച്ചു.
– ജോയ് കള്ളിവയലിൽ.




