#ഓർമ്മ
#ചരിത്രം
മഗ്ദലന മറിയം.
ആഗോള കത്തോലിക്കാ സഭ മഗ്ദലന മറിയത്തിൻ്റെ ഓർമ്മ ആചരിക്കുന്ന ദിവസമാണ്
ജൂലൈ 22.
ചരിത്രകാരൻമാർ, ചിത്രകാരന്മാർ, സാഹിത്യകാരന്മാർ തുടങ്ങി എല്ലാവരെയും അതിശയിപ്പിക്കുന്ന വ്യക്തിയാണ് മഗ്ദലന മറിയം.
യേശുവിൻ്റെ ഏറ്റവും പ്രമുഖയായ ശിഷ്യയാണ് മറിയം. ഗലീലിയിലെ തീരപ്രദേശമായ മഗ്ദലക്കാരിയായതിനാൽ മഗ്ദലന മറിയം എന്ന് വിളിക്കപ്പെട്ടു.
ക്രിസ്തുവിൻ്റെ കുരിശുമരണ സമയത്ത് അവർ കൂടെയുണ്ടായിരുന്നു. ക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം ആദ്യമായി കണ്ട മനുഷ്യസ്ത്രീയാണ് മഗ്ദലന മറിയം.
ബൈബിളിൽ ക്രിസ്തുവിൻ്റെ പാദങ്ങളിൽ തൈലം പൂശി, പശ്ചാത്തപിച്ച പാപിനിയായ ഒരു സ്ത്രീയുണ്ട്. അത് മഗ്ദലന മറിയം ആണെന്ന രീതിയിൽ ആറാം നൂറ്റാണ്ടിൽ ഗ്രിഗറി മാർപാപ്പ ഒരു പ്രസംഗത്തിൽ സൂചിപ്പിച്ചതുമുതൽ രണ്ടും ഒരാളാണ് എന്ന വിശ്വാസം ലോകമെങ്ങും പ്രചരിച്ചു. കസാന്ത്സാക്കീസിൻ്റെ പ്രസിദ്ധമായ ക്രിസ്തുവിൻ്റെ അന്ത്യപ്രലോഫനം എന്ന നോവലിലെ സൂചന മഗ്ദലന മറിയം യേശുവിൻ്റെ കാമുകിയായിരുന്നു എന്നാണ്.
കലാകാരൻമാരുടെയും എഴുത്തുകാരുടെയും
ഭാവന ഇത്രയേറെ ചിറക് വിടർത്തിയ വേറെ അധികം ആളുകളില്ല. ഡാവിഞ്ചിയുടെ ഒടുവിലത്തെ അത്താഴം എന്ന പെയിൻ്റിംഗിൽ മായിച്ചുകളഞ്ഞ ചിത്രം മഗ്ദലന മറിയമാണ് എന്ന് കരുതുന്നവരുണ്ട്. ക്രിസ്തുവിൻ്റെ ഭാര്യയായിരുന്നു, അവർക്ക് ഒരു കുഞ്ഞുമുണ്ടായി, എന്നാണ് വേറൊരു കഥയുടെ ഇതിവൃത്തം.
ചിത്രങ്ങൾ, പുസ്തകങ്ങൾ, സിനിമകൾ, മഗ്ദലന മറിയം ലോകചരിത്രത്തിൽ ജീവിക്കുന്ന കഥാപാത്രമായി തുടരുന്നു.
മഗ്ദലന മറിയം എന്ന കവിതയിലൂടെ വള്ളത്തോൾ യേശുവിൻ്റെ ഈ പ്രിയശിഷ്യയെ മലയാളത്തിലും അനശ്വരയാക്കി.
– ജോയ് കള്ളിവയലിൽ.













