എൻ ശ്രീകണ്ഠൻ നായർ

#ഓർമ്മ

എൻ ശ്രീകണ്ഠൻ നായർ.

എൻ ശ്രീകണഠൻ നായരുടെ (1915-1983) സ്മൃതിദിനമാണ് ജൂലായ് 20.

തിരുവനന്തപുരം സര്ക്കാർ സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്ന എൻ നീലകണ്ഠപിള്ളയുടെ മകന് ,മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് ഒന്നാംക്ലാസ്സിൽ ഇംഗ്ലീഷ് എം എ പാസ്സായ ശ്രീകണ്ടനു
ഉന്നതസ്ഥാനങ്ങൾ എത്തിപ്പിടിക്കാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല.
എന്നാൽ നാടിന്റെ സ്വാതന്ത്ര്യമാണ് മുഖ്യം എന്നു കരുതിയ ആ യുവാവ്, 23 വയസ്സിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്, യൂത്ത് ലീഗ് എന്നിവയിൽ അംഗമായി. പൊന്നറ ശ്രീധർ ആയിരുന്നു മാർഗ്ഗദര്‍ശി.
കൊല്ലം തട്ടകമാക്കിയ അദ്ദേഹം, രാഷ്ട്രീയത്തിലും ട്രേഡ് യൂണിയൻ രംഗത്തും ഭയരഹിതനായ തീപ്പൊരി നേതാവായി വ്യക്തിമുദ്ര പതിപ്പിച്ചു.
ഐതിഹാസികമായ കയർതൊഴിലാളി സമരം നയിച്ച് ജെയിലിൽ അടക്കപ്പെടുമ്പോൾ, ആ യുവാവിന് വെറും 23 വയസ്സ് മാത്രമായിരുന്നു പ്രായം. ദിവാൻ സർ സി പി നാടുവിടാൻ നിർബന്ധിതനായ വധശ്രമത്തിൽ കെ സി എസ് മണിയുടെ പിന്നിലെ പ്രേരകശക്തികൾ ശ്രീകണ്ഠൻ നായരും കുമ്പളത്ത് ശങ്കുപ്പിള്ള യുമായിരുന്നു.

ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1952 മുതൽ 1980 വരെ, – 1957 ലെ ഒരു തോൽവിയൊഴിച്ച്‌ – അദ്ദേഹം കൊല്ലത്തെ എം പി യായി 23 വർഷം പാർലിമെന്റിൽ തിളങ്ങി. ഗർജിക്കുന്ന സിംഹം എന്നാണ് ആ അതികായൻ അറിയപ്പെട്ടിരുന്നത്.
കോൺഗ്രസിന്റെ തണുപ്പൻ നയങ്ങളിൽ പ്രതിഷേധിച്ച് 1947ൽ മത്തായി മാഞ്ഞൂരാനോടോപ്പം കേരളാ സോഷ്യലിസ്റ്റ് പാർട്ടി (കെ എസ് പി) സ്ഥാപിച്ച ശ്രീകണ്ഠൻ നായർ, 1950ൽ പാർട്ടി പിളർത്തി മുഖ്യവിഭാഗവുമായി ആർ എസ് പിയിൽ ലയിച്ചു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, കേന്ദ്രക്കമ്മറ്റി അംഗം എന്ന നിലകളിൽ പ്രവർത്തിച്ചു.
തൊഴിലാളികൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ശ്രീകണ്ഠൻ നായർ, കയർ, കശുവണ്ടി, ദേവസ്വം, തുടങ്ങി ഒട്ടനവധി തൊഴിലാളി യൂണിയനുകളുടെ നേതൃത്വം നൽകി. അദ്ദേഹത്തിന്റെ കാലത്ത് ആർ എസ് പി കേരളരാഷ്ട്രീയത്തിലെ നിർണായക ശക്തിയായിരുന്നു.
ഒന്നാന്തരം ഗദ്യകാരനായിരുന്ന ശ്രീകണ്ഠൻ നായരുടെ കൃതികളിൽ “ഐക്യ കേരളം”, “വഞ്ചിക്കപ്പെട്ട വേണാട്”, ആത്മകഥയായ “കഴിഞ്ഞകാല ചിത്രങ്ങൾ” എന്നിവ ആ കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. ഹൃദയസ്പർശിയായ രചനയാണ് “എന്റെ അമ്മ”.
തകഴിയുടെ ഇതിഹാസകൃതിയായ “കയർ” ഇംഗ്ലീഷിലേക്കും, എം ശിവറാമിന്റെ “ചലോ ഡൽഹി” മലയാളത്തിലേക്കും വിവർത്തനം ചെയ്തത് ശ്രീകണ്ഠൻ നായരാണ്.
സ്വന്തം ജീവിതകാലത്തു തന്നെ ആർ എസ് പിയുടെ പിളർപ്പും അപചയവും സ്വന്തം തോൽവിയും കാണേണ്ടി വന്ന ശ്രീകണ്ഠൻ നായർ ചങ്ങനാശേരിയിൽ വെച്ച് ഹൃദ്രോഗം മൂലം മരണമടഞ്ഞു.
ഭാര്യ മഹേശ്വരി അമ്മ ഹൃദയസ്പ്രിക്കായ ഒരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *