ബാലാമണി അമ്മ

#ഓർമ്മ

ബാലാമണി അമ്മ.

ബാലാമണി അമ്മയുടെ
(1909- 2004) ജന്മവാർഷികദിനമാണ്
ജൂലൈ 19.

മാതൃത്വത്തിന്റെ, നന്മയുടെ, കരുണയുടെ, കവിയാണ് ബാലാമണി അമ്മ. സ്ത്രീയുടെ അകവും പുറവും പ്രകൃതിയും അവർ കവിതയിലൂടെ വരച്ചുകാട്ടി.
തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് പ്രസിദ്ധമായ നാലപ്പാട്ട് തറവാട്ടിലാണ് ജനനം. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല.
പേരെടുത്ത സാഹിത്യകാരനായ അമ്മാവൻ നാലപ്പാട്ട് നാരായണമേനോന്റെ വിശാലമായ ലൈബ്രറിയായിരുന്നു അവരുടെ പാഠശാല. നാലപ്പാട്ട് തറവാട്ടിൽ അതിഥികളായെത്തിയ എഴുത്തുകാർ അവരിൽ കവിതയുണർത്തിയത് സ്വാഭാവികം.
ബ്രിട്ടീഷ് കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന വി എം നായരുമായുള്ള വിവാഹശേഷം 19 വയസ്സിൽ അവർ കൽക്കത്തയിലെത്തി. മഹാനഗരത്തിലെ ഏകാന്തതയിൽ 21 വയസ്സ് മുതൽ അവർ കവിതകൾ എഴുതി പ്രസിദ്ധീകരിച്ചുതുടങ്ങി. കട്ടിലിൽ കമിഴ്ന്നുകിടന്നു കവിതകൾ എഴുതുന്ന അമ്മയെപ്പറ്റി മകൾ പ്രശസ്‌ത എഴുത്തുകാരി മാധവിക്കുട്ടി (കമലാ ദാസ് ) എഴുതിയിട്ടുണ്ട്.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം വി എം നായർ മാതൃഭൂമിയുടെ മാനേജിങ് ഡയരക്ടറായപ്പോൾ അവരും കേരളത്തിൽ തിരിച്ചെത്തി.
40 വർഷം നീണ്ട സാഹിത്യസപര്യയിൽ 1965ൽ സാഹിത്യ അക്കാദമി അവാർഡ്, 1966ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 1978ൽ പദ്മഭൂഷൺ, 1995ൽ എഴുത്തച്ഛൻ അവാർഡ്, സരസ്വതി സമ്മാൻ മുതലായ പുരസ്കാരങ്ങൾ ബാലാമണി അമ്മയെ തേടിയെത്തി.
– ജോയ് കള്ളിവയലിൽ.

https://youtu.be/cV6Lu7SmOrM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *