കെ ബാലകൃഷ്ണൻ

#ഓർമ്മ

കെ ബാലകൃഷ്ണൻ.

കെ ബാലകൃഷ്ണൻ്റെ (1924-1984) ചരമവാർഷികദിനമാണ്
ജൂലൈ 16.

പ്രഭാഷകൻ, രാഷ്ട്രീയനേതാവ്, പത്രാധിപർ, എന്നിങ്ങനെ അരനൂറ്റാണ്ട് കാലം കേരളത്തിലെ രാഷ്ട്രീയ , സാംസ്കാരിക രംഗങ്ങളിൽ വെട്ടിത്തിളങ്ങിയ അസുലഭ പ്രതിഭയാണ് കൗമുദി ബാലകൃഷ്ണൻ.
കേരള കൗമുദി സ്ഥാപകൻ സി വി കുഞ്ഞിരാമൻ്റെ കൊച്ചുമകൻ, തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവൻ്റെ മകൻ, വിദ്യാർഥി ആയിരിക്കുമ്പോൾതന്നെ തൻ്റെ പ്രസംഗചാതുരി കൊണ്ട് ശ്രദ്ധേയനായി.
തിരുവിതാംകൂർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജെയിൽശിക്ഷ അനുഭവിച്ച ബാലൻ, സ്വാതന്ത്ര്യപ്രാപ്തിയോടെ മത്തായി മാഞ്ഞൂരാൻ, എൻ ശ്രീകണ്ഠൻ നായർ തുടങ്ങിയവരുമായി ചേർന്ന് കേരളാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായി. കെ എസ് പി വിട്ട് കേരളത്തിൽ ആർ എസ് പി ഉണ്ടാക്കിയപ്പോൾ അതിലായി പ്രവർത്തനം. 1954ൽ തിരുക്കൊച്ചി നിയമസഭയിൽ തിരുവനന്തപുരത്തു നിന്ന് എം എൽ എ യും, 1971ൽ അമ്പലപ്പുഴയിൽനിന്ന് എം പി യുമായി.
രാഷ്ട്രീയത്തിൽ പ്രതിയോഗിയായ മകനെക്കൊണ്ടാണ് അച്ഛൻ സി കേശവൻ തൻ്റെ ആത്മകഥയുടെ ആമുഖം എഴുതിച്ചത് എന്നത് ആ പ്രതിഭക്കുള്ള അംഗീകാരമാണ്.
1950മുതൽ 1970വരെ പ്രസിദ്ധീകരിച്ച കൗമുദി വാരികയുടെ പത്രാധിപർ എന്ന നിലയിലാണ് കെ ബാലകൃഷ്ണൻ്റെ നിതാന്തയശസ്സ്. കേരളത്തിലെ സാഹിത്യകാരന്മാരെ മുഴുവൻ തൻ്റെ പ്രസിദ്ധീകരണത്തിൽ അണി നിരത്താൻ ബാലകൃഷ്ണന് കഴിഞ്ഞു.

രാഷ്ട്രീയത്തിൽ ഇടപഴകുമ്പോഴും തൻ്റെ മനസാക്ഷി പണയം വെക്കാത്ത ചിന്തകനായിരുന്നു അദ്ദേഹം.
പക്ഷേ അവസാനകാലം തൻ്റെ സ്വകാര്യദുഃഖങ്ങൾ മദ്യത്തിൽ മുക്കി മറക്കാനായിരുന്നു ശ്രമം. നനഞ്ഞ ജ്വാല എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.
കെടാത്ത ജ്വാല എന്ന പ്രസന്നരാജൻ എഴുതിയ ജീവചരിത്രവും സഹപ്രവർത്തകനും സന്തതസഹചാരിയുമായിരുന്ന ടി ജെ. ചന്ദ്രചൂഡൻ സമാഹരിച്ച സ്മരണികയും, കെ ബാലകൃഷ്ണൻ എന്ന ജീനിയസിൻ്റെ ജീവിതം വരച്ചുകാട്ടുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *