| ജൂലൈ 14 | 99 ലെ വെള്ളപ്പൊക്കത്തിന്
ഇന്ന് 100 വയസ് |
കേരളത്തിൽ 1924
ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം.കൊല്ലവർഷം 1099 ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്.1099 കർക്കടകമാസം ഒന്നിന് (1924 ജൂലൈ 14) തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു.സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല.അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് ഉണ്ടായിരുന്നില്ല.
അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി.പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിലച്ചു. തപാൽ സംവിധാനങ്ങൾ മുടങ്ങി.അൽപ്പമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു.വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു.തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939,1961, 2018,2019 എന്നീ വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി.
ശ്രീമൂലം തിരുനാൾ തിരുവിതാംകൂർ ഭരിച്ചിരുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിൻ്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും തെങ്ങിൻ തലപ്പോളം വെള്ളം കയറി.
മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്. ആലപ്പുഴ മുഴുവനായും ഏറണാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയെന്നാണ് രേഖകൾ പറയുന്നത്.
മദ്ധ്യ തിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങി.മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിലും പ്രളയം കനത്തതോതിൽ ബാധിച്ചു.കർക്കിടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാർ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു.പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ
മൃതശരീരങ്ങൾ ഒഴുകിനടന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും വരെ സാരമായി മാറുകയുണ്ടായി.
‘ഭാരതപ്പുഴയുടെ തീരങ്ങളിലെ ഇല്ലങ്ങളിൽ ആചാരപ്രകാരം സൂക്ഷിച്ചിരുന്ന അഗ്നി’ ഈ വെള്ളപ്പൊക്കത്തിൽ നശിച്ചുവെന്ന് ദേവകി നിലയങ്ങോട് അനുസ്മരിച്ചിട്ടുണ്ട്.
സമുദ്രനിരപ്പിനടുത്തുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിൽ അത്ഭുതമില്ല.എന്നാൽ സമുദ്രനിരപ്പിൽ നിന്ന് 5000 മുതൽ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പോക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ഏറ്റവും അമ്പരപ്പിച്ചത്. ഏഷ്യയിലെ സ്വിറ്റ്സർലാൻറ് എന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥലമായിരുന്നു അക്കാലത്തെ മൂന്നാർ. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളം.അന്ന് മൂന്നാറിൽ വൈദ്യുതിയും റോപ്പ് വേയും മോണോറെയിൽ തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും.
1924 ജൂലൈ മാസത്തിൽ മാത്രം മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു.ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയിൽ വൻതോതിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് ഉണ്ടായി.തുടർന്നുള്ള ദിവസങ്ങളിൽ രാവും പകലും പെയ്ത മഴയിൽ ഉരുൾപൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാർ പട്ടണം തകർത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു .
അതേസമയം ഇപ്പോഴത്തെ ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്തും മലയിടിഞ്ഞു ഒരു അണക്കെട്ട് ഉണ്ടായി. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കർ പരന്നു കിടന്നിരുന്ന സ്ഥലം ഒരു വൻ തടാകമായി മാറി. മഴതുടങ്ങിയതിന്റെ ആറാം ദിവസം ഈ അണക്കെട്ട് പൊട്ടി.ഈ മലവെള്ളപ്പാച്ചിൽ അവസാനിപ്പിച്ചത് പള്ളിവാസലിൽ 200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു.150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു. പള്ളിവാസലിൽ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകൾ മണ്ണിനടിയിലായി. പള്ളിവാസലിന്റെ രൂപം തന്നെ മാറിപ്പോയി.
കുട്ടമ്പുഴ – പൂയംകുട്ടി -മണികണ്ഠൻചാൽ – പെരുമ്പൻകുത്ത് – മാങ്കുളം – കരിന്തിരിമല- അൻപതാംമൈൽ – ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.
കുണ്ടളവാലി റെയിൽവേ എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റയിൽ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂർണമായി ഇല്ലാതാക്കി.പാലങ്ങൾ തകർന്നു. റെയിൽപാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എൻജിനുകളും ഒലിച്ചുപോയി.തേയില ഫാക്ടറികൾ നശിച്ചു. തേയില കൊണ്ടുപോകാനായി 1902 ൽ സ്ഥാപിച്ച റയിൽപ്പാത മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിൻ്റെ അതിർത്തിയായ ടോപ്‌സ്റ്റേഷൻ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനിൽ നിന്ന്
റോപ്പ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും,തുടർന്ന് കപ്പലിൽ ചരക്ക് കയറ്റിവിടുന്നതിനായി തൂത്തുക്കുടി തുറമുഖത്തെത്തിച്ചിരുന്നു.
മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ മണ്ണിടിച്ചിലിനെ തുടർന്ന് പൂർണമായിത്തന്നെ ഇല്ലാതായി.പഴയ ആലുവ – മൂന്നാർ റോഡ് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിൻ്റെ കൈവഴിയായ കരിന്തിരി ആറിൻ്റെ കരയിലെ ഈ മലയോരത്തുകൂടിയായിരുന്നു.മലയിടിച്ചിൽ ആ പാതയുടെ ഒരു പ്രധാനഭാഗത്തെ പുനർനിർമ്മിക്കാക്കാൻ കഴിയാത്തവിധം നാമാവശേഷമാക്കി.
പൂർണ്ണമായും തകർന്ന മൂന്നാറിനെ വീണ്ടും ഒരു ഉയർത്തെഴുന്നേൽപ്പിനു സഹായിച്ചത് ബ്രിട്ടീഷുകാർ തന്നെ.അവർ വീണ്ടും തേയില നട്ടു,റോഡുകൾ നന്നാക്കി,മൂന്നാർ പഴയ മൂന്നാറായി. എന്നാൽ ആ വെള്ളപ്പൊക്കത്തിൽ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടമാണ് പിന്നീടൊരിക്കലും അവിടേയ്ക്ക് തീവണ്ടി ഓടിക്കയറിയിട്ടില്ല എന്നത്. മൂന്നാറിൽ തീവണ്ടി ഉണ്ടായിരുന്നു എന്നതു തന്നെ ഇന്ന് ഒരു അത്ഭുതവാർത്തയാണ്.
99 ലെ വെള്ളപ്പൊക്കത്തിന് ആദ്യഘട്ട സഹായമായി ചോദിച്ചത് 6500 രൂപയാണ് കിട്ടിയതാവട്ടെ 5000 രൂപയും.പിന്നാലെ 20,000 രൂപകൂടി കിട്ടി.ഏറ്റവും ഒടുവിലത് ഒരു ലക്ഷമായി.
99 ലെ വെള്ളപ്പൊക്കത്തിൽ സഹായിക്കാൻ മഹാത്മാഗാന്ധിയും മുന്നിട്ടിറങ്ങി.അദ്ദേഹം യങ് ഇന്ത്യ, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ നടത്തിയ ആഹ്വാനപ്രകാരം മാത്രം ലഭിച്ചത് 6994 രൂപ,13 അണ,3 പൈസയാണ്.ഇത് അന്നത്തെ വലിയ തുകയാണ്.
അക്കാലത്തെ പത്രങ്ങളിലും വെള്ളപ്പൊക്ക വാർത്തകൾ മാത്രമാണുണ്ടായിരുന്നത്.അതിൽ ഏതാനും ചിലത് –
” ഇന്നുച്ച വരെ വെള്ളം കുറേശ്ശെയായി താണുകൊണ്ടിരുന്നു. പിന്നീട് താഴുന്നില്ലെന്നു തന്നെയല്ല,അൽപ്പാൽപം പോങ്ങിക്കൊണ്ടിരിക്കുന്നതായും കാണുന്നു.
മഴയും തുടരെ പെയ്തുകൊണ്ടിരിക്കുന്നതിനാൽ ഇനിയും വെള്ളം പോങ്ങിയേക്കുമെന്ന് വിചാരിച്ചു ജനങ്ങൾ ഭയ വിഹ്വലരായിത്തീർന്നിരിക്കുന്നു “
“ഓരോ ദിവസം കഴിയുന്തോറും സംഭവത്തിന്റെ ഭീകരാവസ്ഥ കൂടിക്കൂടിവരുന്നു.പന്തളം ആറിൽകൂടി അനവധി ശവങ്ങൾ,പുരകൾ, മൃഗങ്ങൾ മുതലായവയും ഒഴികിപ്പോയ്ക്കൊണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളിൽ അത്യധികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും അതിനടുത്ത ചാരുപ്പാടം എന്ന പുഞ്ചയിൽ അനവധി മൃതശരീരങ്ങൾ പോങ്ങിയതായും അറിയുന്നു.അധികവും ഇടനാട്,മംഗലം, കൊടയാട്ടുകര ഈ തീരങ്ങളിലാണ് അടിഞ്ഞിരിക്കുന്നത് “
” പീരുമേടിനും മുണ്ടക്കയത്തിനും മദ്ധ്യേ 43ന്നാമത് മൈലിനു സമീപം മല ഇടിഞ്ഞു റോഡിലേക്ക് വീഴുകയാൽ അനേകം പോത്തുവണ്ടികൾക്കും വണ്ടിക്കാർക്കും അപകടം പറ്റിയതായി അറിയുന്നു”
– എന്നിങ്ങനെയായിരുന്നു പത്രറിപ്പോർട്ടുകൾ.
ചേർത്തലയിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ –
” വേമ്പനാട്ടു കായലിലെ കഠിനമായ വെള്ളപ്പൊക്കം നിമിത്തം കായൽത്തീരസ്ഥലങ്ങളും കായലിനോടനുബന്ധിച്ച തോട്ടുതീരങ്ങളും ഇന്നലെയും ഇന്നും കൊണ്ട് മിക്കവാറും വെള്ളത്തിനടിയിലായിരിക്കുന്നു.സമുദ്രത്തിലെ ഉഗ്രമായ ക്ഷോഭം നിമിത്തം സമുദ്രജലം കരയിലേക്കടിച്ചു കയറുന്നതല്ലാതെ കായൽ വെള്ളം ലേശവും സമുദ്രത്തിലേക്ക് പോകുന്നില്ല “
ഇന്നും മഴക്കാലവുമായും വെള്ളപ്പൊക്കവുമായും ബന്ധപ്പെട്ട വാർത്തകളിൽ പത്രങ്ങളിലും ആനുകാലികങ്ങളിലും തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പരാമർശിക്കപ്പെടാറുണ്ട്.
കാക്കനാടന്റെ ‘ഒറോത’ എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത “തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ” മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയവളാണ്.
പ്രസിദ്ധ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയിൽ വിഷയമാവുന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കുട്ടനാടിന് ഏൽപ്പിച്ച ആഘാതമാണ്.
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്റെ അതിവാതവർഷം എന്ന കൃതി തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ചാണ്.99 ലെ വെള്ളപ്പൊക്കത്തെപ്പറ്റി ഒരദ്ധ്യായം ചെറുകാടിൻ്റെ ജീവിതപ്പാതയിലുണ്ട്. അന്ന് 10 വയസ്സുള്ള കുട്ടിയായിരുന്നു ചെറുകാട്.അന്നത്തെ മുതിർന്നവരുടെ ഓർമ്മയിൽ അതിന് മുൻപ് ഉണ്ടായ വലിയ പ്രളയം 1077 ലേതായിരുന്നു എന്നാണ് ചെറുകാട് രേഖപ്പെടുത്തിയത്.
ചന്ദ്രപ്രകാശ് എസ് എസ്
Posted inUncategorized